ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്‍റെ ഇന്ധനം പെട്ടെന്ന് തീര്‍ന്നുപോയാല്‍ എന്ത് സംഭവിക്കും? വാഹനം അവിടെ നിന്നുപോകും. ഇങ്ങനെ ഇന്ധനം തീരുന്നത് ഓടിക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്‍റെ ആണെങ്കിലോ. അതും 41,000 അടി ഉയരത്തിലൂടെ പറകൊണ്ടിരിക്കുമ്പോള്‍ ആ വിമാനത്തിന്‍റെ ഇന്ധനം മുഴുവനായും തീര്‍ന്നുപോവുകയും അതിന്‍റെ രണ്ട് എഞ്ചിനുകളും നിലയ്ക്കുകയും ചെയ്താലോ? ആലോചിക്കാന്‍പോലും വയ്യ അല്ലേ..? ഇത് എയര്‍ കാനഡയുടെ ബോയിങ് 767 വിമാനത്തിന്‍റെ ഉദ്വേഗം നിറഞ്ഞതും സാഹസികവുമായ കഥയാണ്.
1983 ജൂലൈ 23. മോണ്‍ട്രിയലില്‍ നിന്ന് എഡ്മണ്ടിലേക്ക് പോവുകയായിരുന്നു എയര്‍ കാനഡയുടെ 143 വിമാനം. 61 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഫൈറ്റ് ഡക്കില്‍ ക്യാപ്റ്റന്‍ റോബര്‍ട്ട് പിയേഴ്സണും ഫസ്റ്റ് ഓഫിസര്‍ മൗറിസ് ക്വിന്റലും. സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയായി വിമാനം മോണ്‍ട്രിയലിന്‍റെ ആകാശത്തേക്ക് പറന്നുയര്‍ന്നു. എത്തേണ്ട ദൂരത്തിന്‍റെ പകുതിയോളം പിന്നിട്ടു. 41,000 അടിയിലേക്ക് വിമാനത്തിന്‍റെ സഞ്ചാരപാത ഉയര്‍ന്നു. പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
വിമാനത്തിന്‍റെ കോക്പിറ്റില്‍ നിന്ന് ഒരു മുന്നറിയിപ്പ് സിഗ്നല്‍ മുഴങ്ങി. പരിശോധിച്ചപ്പോള്‍ ഇടതുഭാഗത്തെ എന്‍ജിനിലെ ഇന്ധന പ്രഷറിലുള്ള ചെറിയ വ്യതിയാനമാണെന്ന് ബോധ്യപ്പെട്ടു. വീണ്ടും വിമാനം മുന്നോട്ടുപറന്നു. അപ്പോഴേക്കും ഇടത് എന്‍ജിന്‍ പൂര്‍ണമായും നിലച്ചു. എന്താണ് വരും മണിക്കൂറുകളില്‍ സംഭവിക്കാന്‍ പോവുക എന്ന് ഏറെക്കുറെ വ്യക്തമായി. അതിനിടെ വലതുഭാഗത്തെ എന്‍ജിന്‍കൂടി നിലയ്ക്കാന്‍ പോകുന്നു എന്ന സിഗ്നല്‍ വന്നുകഴിഞ്ഞു. രണ്ട് എന്‍ജിനുകളും നിലച്ചാല്‍ പിന്നെ വിമാനം കൂപ്പുകുത്തുമെന്ന് ഉറപ്പ് . വിമാനത്തിന്‍റെ ഇന്ധനം തീര്‍ന്നതാണ് ആകാശത്തില്‍ സംഭവിച്ച ഈ പ്രതിസന്ധിക്ക് കാരണം എന്ന ഞെട്ടിക്കുന്ന സത്യം ഇതിനോടകം പൈലറ്റ് തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു.
41,000 അടി ഉയരത്തില്‍ ഇന്ധനം തീര്‍ന്നുപോയ വിമാനം!! 69 പേരുടെ ജീവന്‍ അനിശ്ചിതത്വത്തില്‍. ഇനി എന്തു ചെയ്യും? ടേക്ക് ഓഫിന് മുന്‍പ് ഇന്ധനം പൂര്‍ണമായും നിറയ്ക്കാന്‍ നിര്‍ദേശിച്ചിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? എയര്‍കാനഡ 143 ഒരു ബോയിങ് 767 വിമാനമായിരുന്നു. അതിന് മുന്‍പുള്ള വിമാനങ്ങളില്‍ ബാര്‍ബേറിയന്‍ ഇംപീരിയല്‍ എന്ന യൂണിറ്റ് സിസ്റ്റത്തില്‍ ആയിരുന്നു ഇന്ധനം നിറച്ചിരുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഗ്ലോറിയസ് മെട്രിക് യൂണിറ്റ് സിസ്റ്റത്തിലാണ് ഈ വിമാനത്തില്‍ ഇന്ധനം നിറച്ചത്. ഇതനുസരിച്ച് യാത്ര പുറപ്പെടുംമുന്‍പ് വിമാനത്തില്‍ 23,200 കിലോ ഗ്രാം ഇന്ധനം നിറയ്ക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ പഴയ രീതി അനുസരിച്ച് പൗണ്ട് അളവിലാണ് ഇന്ധനം നിറച്ചത്. പൗണ്ടും കിലോഗ്രാമും തമ്മിലുള്ള വ്യത്യാസം നേര്‍പകുതിയാണ്. ഈ ഗുരുതരമായ ആശയക്കുഴപ്പം സംഭവിച്ചതിനാല്‍ വിമാനത്തില്‍ ടേക്ക് ഓഫ് സമയത്ത് ഉണ്ടായിരുന്നത് യാത്ര പൂര്‍ത്തിയാക്കാന്‍ വേണ്ട ഇന്ധനത്തിന്‍റെ നേര്‍ പകുതിയായിരുന്നു.
ഇനിയുള്ള ഒരേയൊരു വഴി വിമാനം എത്രയും പെട്ടെന്ന് കുത്തനെ താഴേക്ക് ഇറക്കുക എന്നത് മാത്രമാണ്. ഗ്ലൈഡര്‍ വിമാനങ്ങള്‍ പറത്തി പരിചയസമ്പന്നനായിരുന്ന ക്യാപ്റ്റന്‍ റോബര്‍ട്ട് പിയേഴ്സണ്‍ ഏറ്റവും അടുത്തുള്ള വിന്നി പെഗ് വിമാനത്താവളത്തലേക്ക് വിമാനം ഇറക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ചില സാങ്കേതിക തടസങ്ങള്‍ തിരിച്ചടിയായി. ഇടിച്ചിറിക്കുകമാത്രമായിരുന്നു അവശേഷക്കുന്ന മാര്‍ഗം .മാനിറ്റോബയിലെ ഗിംലിയിലുള്ള ഒരു പഴയ വ്യോമസേന താവളത്തിലേക്ക് ഇറക്കാനും ഇതിനിടെ ആലോചനയുണ്ടായി.
യാത്രാവിമാനം ഗ്ലൈഡര്‍ പ്ലൈന്‍പോലെ താഴ്ത്തിയിറക്കുന്നത് അത്ര എളുപ്പമായിരുന്നില്ല.വേഗം കുറച്ചാല്‍ വിമാനത്തിലെ വൈദ്യുതിയുടെ അളവിന് കുറവുവരാം. എങ്കിലും വേഗം കുറച്ച് ലാന്‍ഡിങ്ങിന് തുനിഞ്ഞപ്പോഴാകട്ടെ ഗിംലിയിില്‍ ഒരു കാര്‍ റേസിങ് നടക്കുകയാണ്. ചുറ്റിലും ആളുകളുണ്ട്. ആര്‍ക്കും ഒന്നും സംഭവിക്കാതെ ശരിയായ പൊസിഷനില്‍ ലാന്‍ഡ് ചെയ്യാനുള്ള ഇന്ധനവുമില്ല. സുക്ഷ്മതയോടെ പൈലറ്റ് ഗരുത്വാകര്‍ഷണബലത്തിനനുസൃതമായി വിമാനം താഴ്ത്തി കൊണ്ടുവന്നു. പിന്നെ സാവധാനം റണ്‍വേിലേക്ക് . റണ്‍വേയിലൂടെ നിരങ്ങിനീങ്ങിയെങ്കിലും ഒടുവില്‍ വേഗത കുറഞ്ഞ് അപകടം സംഭവിക്കാതെ വിമാനം നിന്നു.
പൈലറ്റിന്‍റെ മനസ്സാന്നിധ്യം കൈവിടാത്ത സമയോചിത ഇടപെടലില്‍ ആര്‍ക്കും ഒരു പോറല്‍ പോലുമേല്‍ക്കാതെ ആ 69 ജീവനുകള്‍ ഭൂമി തൊട്ടു. ‘ഗിംലി ഗ്ലൈഡര്‍’ എന്നറിയപ്പെട്ട ഈ വിമാനം 25 വര്‍ഷത്തോളം പിന്നെയും ആകാശയാത്ര നടത്തി. 2008ലാണ് സേവനം പൂര്‍ത്തിയാക്കിയത്. വൈമാനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാഹസികതയുടെയും അതിജീവനത്തിന്‍റെയും ഈ സംഭവകഥ ഇന്നും വൈമാനികര്‍ക്ക് വലിയ പാഠവും പ്രചോദനവുമാണ്.