ആഗോളതാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഏറുന്നതിനിടെയാണ് എ 320 വിമാനങ്ങളെക്കുറിച്ചുള്ള വിമാന നിര്‍മാതാക്കളായ എയര്‍ബസിന്‍റെ മുന്നറിയിപ്പ് എത്തുന്നത്. A 320 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ പരിശോധന നടത്താതെ യാത്ര നടത്തരുതെന്നാണ് കര്‍ശന നിര്‍ദേശം. പെട്ടെന്നുള്ള ഈ പ്രസ്താവനയ്ക്കു പിന്നിലെന്താണെന്നുള്ള ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കത്തിജ്വലിക്കുന്ന സൂര്യനില്‍ നിന്നുള്ള വികിരണത്തിന്‍റെ തീവ്രത ക്രമാതീതമായി ഉയരുന്നു എന്നതു തന്നെയാണ് ഇതിനടിസ്ഥാനം. സൂര്യനില്‍ നിന്ന് പുറപ്പെടുന്ന ഊര്‍ജതരംഗങ്ങളും കണികകളും ചേർന്നതാണ് സോളാര്‍ റേഡിയേഷന്‍. സാധാരണ സാഹചര്യങ്ങളില്‍ വിമാനയാത്രയെ ഇത് അത്രകണ്ട് ബാധിക്കാറില്ലെ. എന്നാല്‍ ശക്തമായ സോളാര്‍ ഫ്ലേര്‍സ് ഉണ്ടായാല്‍ ആകാശയാത്രയെ പ്രതികൂലമായി ബാധിക്കും.

എയര്‍ബസിന്‍റെ ജാഗ്രതാ നിര്‍ദേശം

 

സൗരവികിരണം മൂലം എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാമെന്നാണ് എയർബസിന്‍റെ സുരക്ഷാ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ എ320 മോഡൽ വിഭാഗത്തിൽപ്പെട്ട വിമാനങ്ങളിൽ സോഫ്റ്റ്‌വെയര്‍ ഹാർഡ് വെയര്‍ അപ്ഗ്രഡേഷൻ നടത്തണം. ഇതുമൂലം വിമാന സർവീസുകള്‍ മുടങ്ങിയേക്കുമെന്ന് ഇന്ത്യൻ വിമാന കമ്പനികളും അറിയിച്ചു. ഇൻഡിഗോയുടെ 350 വിമാനങ്ങളും എയർ ഇന്ത്യയുടെ 120 വിമാനങ്ങളും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ 40 വിമാനങ്ങളും എ320 ശ്രേണിയിൽപ്പെട്ടതാണ്. സൗരവികിരണം ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയെ തകര്‍ക്കുമെന്നതിനാല്‍ വിമാനങ്ങള്‍ പറത്തരുതെന്ന് കമ്പനികള്‍ക്ക് DGCAയും നിര്‍ദേശം നല്‍കി. എയര്‍ബസിന്‍റെ A319, A 320, A321 ശ്രേണികളിലുള്ള വിമാനങ്ങള്‍ക്കാണ് സര്‍വീസ് നിയന്ത്രണം. ലോകവ്യാപകമായി 6000ത്തോളം വിമാനങ്ങളില്‍ സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍, ഹാര്‍ഡ് വെയര്‍ അപ്ഗ്രഡേഷന്‍ നടത്തണമെന്നാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം മെക്സിക്കോയില്‍ നിന്നും യുഎസിലേക്കു പോയ യുഎസ് വിമാനത്തിന് സൗരവികിരണം മൂലം സാങ്കേതിക തടസം വന്നതിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സംഭവമാണ് ഈ അടിയന്തര നടപടികള്‍ക്ക് കാരണം.

A 320 എന്തുകൊണ്ട്?

ആഗോള വ്യോമയാന വിപണിയിലെ ഭീമനാണ് എയര്‍ബസിന്‍റെ A 320 മോഡല്‍. ഈ മോഡൽ വിമാനങ്ങള്‍ ഏകദേശം 35,000 അടിയോളം ഉയരത്തിലാണ് സാധാരണയായി പറക്കുന്നത്. ഈ ഉയരത്തില്‍ ഭൂമിയുടെ അന്തരീക്ഷം താരതമ്യേന നേര്‍ത്തതായതിനാല്‍ കോസ്മിക് റേഡിയേഷനും സോളാര്‍ റേഡിയേഷനും ഭൂതലത്തിലേക്കാളും രൂക്ഷമായിരിക്കും. ഇത് വിമാനത്തെ നിയന്ത്രിക്കുന്ന നാവിഗേഷന്‍ ഡേറ്റയേയും, ജിപിഎസ് സിഗ്നല്‍ സംവിധാനത്തേയും, ആശയവിനിമയത്തേയും താറുമാറാക്കാനും വിമാനത്തിന്‍റെ ലൊക്കേഷന്‍ ഡേറ്റയില്‍ വ്യതിയാനം സംഭവിക്കാനും ഇടയാക്കും. സാധാരണ തോതില്‍ ജിപിഎസ് സംവിധാനത്തില്‍ നേരിയ പ്രശ്നം വന്നാല്‍ A 320യിലെ നാവിഗേഷന്‍ സിസ്റ്റത്തിലെ ബാക്കപ്പ് സംവിധാനങ്ങളിലൂടെ അത് പരിഹരിക്കപ്പെടും. ഇന്‍ഷേര്‍ഷ്യല്‍ റഫറന്‍സ് യൂണിറ്റ് IRU, DME, VOR എന്നീ സംവിധാനങ്ങളുടെ സഹായത്തോടെ പൈലറ്റുകള്‍ യാത്ര സുരക്ഷിതമാക്കാറുണ്ട്. സോളാര്‍ റേഡിയേഷനില്‍ വരുന്ന വ്യതിയാനത്തെത്തുടര്‍ന്ന് പല രാജ്യങ്ങളും വിമാനക്കമ്പനികളും ചില കാലങ്ങളില്‍ വിമാനങ്ങള്‍ പറക്കുന്ന ഉയരവും റൂട്ടും മാറ്റാറുണ്ട്.

അപ്രതീക്ഷിത തിരിച്ചടി

താങ്ക്സ് ഗിവിങ് വാരാന്ത്യമായ നവംബര് 27 മുതലുള്ള ദിവസങ്ങളില്‍ വന്ന ഈ അപ്രതീക്ഷിത തിരിച്ചടിയില്‍ അസ്വസ്ഥരാണ് വിമാനക്കമ്പനികള്‍. ഏഴുപത് ലക്ഷത്തിലധികമാളുകള്‍ യാത്ര ചെയ്യുന്ന ദിവസങ്ങളാണിതെന്ന് അമേരിക്കന്‍ വിമാനക്കമ്പനികള്‍ വ്യക്തമാക്കുന്നു. A 320 വിമാനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന കമ്പനികളാണ് അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, ജെറ്റ്ബ്ലൂ, യുണൈറ്റഡ് എന്നിവ. ലോക വ്യാപകമായി ആകാശയാത്ര നിര്‍ത്തിവച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. എയർ ഫ്രാൻസ് 35 സർവീസുകൾ റദ്ദാക്കി. ജപ്പാനിലെ ANA ഹോൾഡിങ്സ് ഡസന്‍കണക്കിന് വിമാനങ്ങള്‍ പിടിച്ചിട്ടു. ജർമനിയുടെ ലുഫ്താൻസ മുതൽ ബ്രിട്ടന്‍റെ ഈസിജെറ്റ്, ന്യൂസിലാന്റിലെ എയർ ന്യൂസിലാൻഡും സേവനത്തിലുണ്ടായ തടസം റിപ്പോർട്ട് ചെയ്തു. ഒരു വിമാനത്തിന്‍റെ അപ്ഗ്രഡേഷന്‍ നടത്താന്‍ കുറഞ്ഞത് 48മണിക്കൂര്‍ വേണമെന്നാണ് ഈ വിമാനക്കമ്പനികള്‍ കണക്കുകൂട്ടുന്നത്.

എയര്‍ബസിന്‍റെ 55 വര്‍ഷത്തിലെ ഏറ്റവും വലിയ നടപടി

വിമാനങ്ങളുടെ ഈ റീകോള്‍ എയർബസിന്റെ ചരിത്രത്തിലെ ഏറ്റവും വ്യാപകമായ നടപടികളിൽ ഒന്നാണെന്ന് കരുതപ്പെടുന്നു. ലോകമെമ്പാടും 11,300 ലധികം എ320 ഫാമിലി വിമാനങ്ങളുണ്ട്, അവയിൽ 6,000ത്തോളം വിമാനങ്ങളെയാണ് ഇപ്പോൾ പ്രശ്നം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപാണ് എ320, Boeing 737-നെ മറികടന്ന് ചരിത്രത്തിലേക്ക് സ്ഥാനം പിടിച്ചത്. ഏറ്റവും കൂടുതൽ ഡെലിവർ ചെയ്‌ത വിമാനമായി എ 320 മാറി. ഈ നേട്ടത്തിന്‍റെ തിളക്കം കെടുത്തുന്ന നടപടിയാണിതെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ചും അവരുടെ സുരക്ഷ തന്നെയാണ് മുഖ്യമെന്ന് പ്രഖ്യാപിച്ചും നടപടിയുടെ സദ്ദുദ്ദേശ്യം ഊന്നിപ്പറയുകയാണ് എയര്‍ബസ്.

ENGLISH SUMMARY:

A320 aircraft are under scrutiny due to potential solar radiation interference affecting flight control data. Airbus has issued a safety alert, prompting software and hardware upgrades to ensure passenger safety and minimize flight disruptions.