North Korean leader Kim Jong Un and his daughter Kim Ju Ae stand on a balcony facing the beach during a ceremony to celebrate the completion of the Wonsan Kalma Coastal Tourist Zone, in Wonsan, in North Korea, June 24, 2025
ഉത്തരകൊറിയ, കിം ജോങ് ഉന്നിന്‍റെ സ്വേച്ഛാധിപത്യ ഭരണത്തിന് കീഴിൽ ഒറ്റപ്പെട്ട് കഴിയുന്ന ഒരു രാജ്യം. അത്തരമൊരു രാജ്യത്ത്... എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സർക്കാർ കർശനമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നിടത്ത് ഒരു വലിയ റിസോര്‍ട്ട് തുറക്കുന്നു. 20000 പേര്‍ക്ക് ഒരേസമയം കഴിയാന്‍ സൗകര്യവുമുള്ള ഒരു ആഡംബര റിസോര്‍ട്ട്. പക്ഷേ കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. ചോദ്യം ഇതുമാത്രം... ആര്‍ക്കുവേണ്ടിയാണ്? ആരു വരാനാണ്?
North Korean leader Kim Jong Un, second right, with his daughter, left, cuts the inaugural tape during a completion ceremony of the Wonsan-Kalma coastal tourist zone in North Korea
ഫോട്ടോ എടുക്കുന്നതിനുപോലും കര്‍ശനമായ നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. ആഭ്യന്തര യാത്രകള്‍ക്കു പോലുമുണ്ട് നിബന്ധനകള്‍. രാജ്യത്തിന് പുറത്തുപോകാന്‍ പൗരന്‍മാര്‍ക്ക് അനുവാദമില്ല. ടെലിവിഷനും റേഡിയോയും പത്രങ്ങളുമെല്ലാം സര്‍ക്കാരിന്‍റേത്. ഇന്‍റര്‍നെറ്റില്ല. ഇത്രയും കര്‍ശനമായി കിം ‘കെട്ടിപ്പൂട്ടി’ വച്ചിരിക്കുന്ന രാജ്യത്ത് റിസോര്‍ട്ട് വരുമ്പോള്‍ പ്രതീക്ഷിക്കാവുന്ന സ്വാഭാവിക ചോദ്യം മാത്രമാണ് മുകളില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് കിമ്മിന്റെ ഭരണത്തിന് കീഴിലുള്ള ഉത്തരകൊറിയയെ ശ്വാസംമുട്ടിക്കുന്ന, ക്ലസ്ട്രോഫോബിക്കായ അന്തരീക്ഷം എന്നാണ് വിശേഷിപ്പിച്ചത്. അവിടെ ജീവിതം പ്രതീക്ഷയില്ലാത്ത ദൈനംദിന പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൽമ ബീച്ച് റിസോർട്ട്
ചരിത്ര പ്രാധാന്യമുള്ള തുറമുഖ നഗരമായ വോൺസാനെ സാമ്പത്തിക, വിനോദ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റാനുള്ള കിമ്മിന്‍റെ തീരുാത്തിന്‍റെ ഭാഗമായി 2013 ലാണ് റിസോർട്ടിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. ജൂൺ 24 നാണ് കിം ജോങ് ഉന്‍ ആഡംബരപൂർണ്ണമായ പുതിയ റിസോര്‍ട്ട് നാടിന് സമര്‍പ്പിച്ചത്. രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎൻഎ പറയുന്നത് പ്രകാരം, വാട്ടർ പാർക്കുകൾ, ബഹുനില ഹോട്ടലുകൾ, ഏകദേശം 20,000 അതിഥികൾക്ക് താമസ സൗകര്യം എന്നിവയുള്ള വിശാലമായ റിസോര്‍ട്ടാണിത്. വോൺസാൻ-കൽമ തീരദേശ ടൂറിസ്റ്റ് സോൺ എന്ന പേരിലുള്ള റിസോര്‍ട്ട് ഉത്തരകൊറിയയുടെ കിഴക്കൻ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ALSO READ: കിം ജോങ് ഉന്‍: 'അതിനിഗൂഢത'കളുടെ പരമാധികാരി
ജൂലൈ 1 മുതൽ അതിഥികള്‍ക്കായി റിസോര്‍ട്ട് തുറന്നുകൊടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിസോര്‍ട്ടില്‍ ആര്‍ക്കെല്ലാം പ്രവേശനമുണ്ട് എന്നോ അവിടേക്കുള്ള ഗതാഗതം എങ്ങിനെയെന്നോയുള്ള വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ ഉത്തര കൊറിയക്കാർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നും റിപ്പോര്‍ട്ടുണ്ട്. ഏങ്കിലും ഉത്തര കൊറിയയുടെ പുതിയ കൽമ റെയില്‍വേ സ്റ്റേഷനും അന്താരാഷ്ട്ര വിമാനത്താവളത്തിനും അടുത്താണ് കൽമ ബീച്ച് റിസോർട്ട് എന്നാണ് വിവരം. കിമ്മിനെ സംബന്ധിച്ചിടത്തോളം, റിസോർട്ടിന്റെ പൂർത്തീകരണം സ്വന്തം നാട്ടിൽ ഒരു വലിയ വിജയവും അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടയിലും വികസനം തെളിയിക്കുന്നതിനുള്ള അവസരവുമായാണ് കണക്കാക്കപ്പെടുന്നത്.
Kim Jong Un (C) and his daughter Kim Ju Ae (L) visiting the Wonsan Kalma coastal tourist area in Kangwon Province, North Korea.
അന്താരാഷ്ട്ര ടൂറിസത്തിലേക്കാ?
ലോകത്തില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട്, രഹസ്യാത്മകത പുലര്‍ത്തുന്ന ഒരു രാജ്യം അന്താരാഷ്ട്ര ടൂറിസത്തിലേക്ക് കൂടുതൽ കടന്നുചെല്ലാൻ തയ്യാറാണോ എന്നതാണ് ഇവിടെ ചോദ്യം. തീരദേശ വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള സൗകര്യം ഉറപ്പാക്കുന്നതിനാണ് ഇത് നിർമ്മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർട്ടി ഉദ്യോഗസ്ഥരും ഉന്നത വ്യക്തികളുമായിരിക്കും റിസോര്‍ട്ടിന്‍റെ പ്രഥമ പരിഗണന എന്നും പറയപ്പെടുന്നു. റിസോര്‍ട്ടിലൂടെ വിദേശ കറൻസി ആകർഷിക്കുക എന്നതാണ് കിമ്മിന്‍റെ ലക്ഷ്യം. ടൂറിസം വ്യവസായത്തിലൂടെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താനുള്ള തന്ത്രപരമായ ശ്രമത്തിന്റെ ഭാഗമാണിത്. മാത്രമല്ല, ഉത്തരകൊറിയയുടെ ടൂറിസം മേഖലകളുടെ വിപുലീകരണം ഔദ്യോഗികമായി നടപ്പിലാക്കുമെന്ന് കിം പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കൽമയിൽ നിന്ന് പഠിച്ച പാഠങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പ്രയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
Kim Jong Un (L) and his daughter Kim Ju Ae (front R) visiting the Wonsan Kalma coastal tourist area
ഉത്തര കൊറിയന്‍ ടൂറിസം
1990 കളുടെ അവസാനത്തിൽ ഉത്തരകൊറിയയുടെ തെക്കുകിഴക്കൻ തീരത്തുള്ള മനോഹരമായ മൗണ്ട് കുംഗാങ് ദക്ഷിണ കൊറിയയിൽ നിന്നുള്ള സന്ദർശകർക്കായി തുറന്നുകൊടുത്തതോടെയാണ് അന്താരാഷ്ട്ര ടൂറിസത്തിൽ ഉത്തര കൊറിയ പേരു രേഖപ്പെടുത്തുന്നത്. ഏറെ നാളായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ തുടക്കമായി ഇതിനെ കണ്ടവരും ഉണ്ടായിരുന്നു. ആ വീക്ഷണകോണില്‍ പദ്ധതി പ്രശംസിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് 10 വര്‍ഷത്തിനിടെ ഏകദേശം രണ്ട് ദശലക്ഷം ദക്ഷിണ കൊറിയക്കാരാണ് ഉത്തര കൊറിയ സന്ദര്‍ശിച്ചത്. എന്നാല്‍ 2008 ൽ നിയന്ത്രിത സൈനിക മേഖലയില്‍ വച്ച് ഒരു ദക്ഷിണ കൊറിയൻ വിനോദസഞ്ചാരിയെ ഉത്തരകൊറിയൻ സൈനികൻ വെടിവച്ചു കൊലപ്പെടുത്തിയതോടെ ഇതും നിലച്ചു.
Kim Jong Un (L), his daughter Kim Ju Ae (2nd L) and his wife Ri Sol Ju (3rd L) visiting the Wonsan Kalma coastal tourist area in Kangwon Province, North Korea
കോവിഡ്-19 ന് ശേഷം മുതല്‍ ഉത്തരകൊറിയയുടെ അന്താരാഷ്ട്ര ടൂറിസം പ്രധാനമായും റഷ്യൻ പൗരന്മാർക്ക് മാത്രം വേണ്ടിയാണ് തുറന്ന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വർഷം റഷ്യൻ വിനോദസഞ്ചാരികളുടെ ചെറിയ കൂട്ടങ്ങൾ ഉത്തര കൊറിയ സന്ദർശിച്ചിട്ടുണ്ട്. കോവിഡിന് മുന്‍പ് വരെ ചൈനീസ് വിനോദ സഞ്ചാരികള്‍ ഉത്തരകൊറിയ സന്ദര്‍ശിക്കാറുണ്ടായിരുന്നു. പാശ്ചാത്യ വിനോദ സഞ്ചാരികളുടെ എണ്ണമാകട്ടെ തുലോം തുച്ഛമാണ്. എന്നിരുന്നാലും, ഈ റിസോർട്ട് കിം ജോങ് ഉന്നിന് സാമ്പത്തിക നേട്ടം നൽകുമോ എന്നത് കണ്ടറിയണം.