North Korean leader Kim Jong Un (C), his wife Ri Sol Ju and their daughter Kim Ju Ae visiting the Kumsusan Palace of the Sun to mark the new year in Pyongyang. (Photo by KCNA VIA KNS / AFP)
'അതിനിഗൂഢത'കളുടെ പരമാധികാരിയാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. എന്നാല്‍ കിമ്മിന് ശേഷം ഉത്തരകൊറിയ ആരുടെ കൈകളിലേക്കായിരിക്കും എത്തുന്നത് എന്നത് എന്നും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. നിലവില്‍ അതിന് ഒരു പേരുമാത്രമേ ഉയര്‍ന്നു കേള്‍ക്കുന്നുള്ളൂ... ‘കിം ജു എ’, കിം ജോങ് ഉന്നിന്‍റെ മകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ കിം ജോങ് ഉന്നിനൊപ്പം ചൈന സന്ദര്‍ശനത്തില്‍ കിം ജു ഏയും പങ്കെടുത്തിരുന്നു. വീണ്ടും വീണ്ടും കിമ്മിനൊപ്പം കിം ജുഏ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് കിമ്മിന്‍റെ പിന്‍ഗാമിയായിരിക്കും ഈ മകളെന്ന അഭ്യൂഹങ്ങള്‍ക്കും ശക്തി പകരുകയാണ്.
ഏറ്റവും ഒടുവിലായി, ജനുവരി 1 ന് പിതാവിനൊപ്പം കുംസുസാൻ കൊട്ടാരത്തിൽ കിം ജു എ എത്തിയതാണ് ചര്‍ച്ചയാകുന്നത്. ഉത്തരകൊറിയയുടെ സ്ഥാപകനേതാക്കളുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന ഇടം സന്ദർശിക്കുക എന്നത് കേവലം ഒരു കുടുംബ ചടങ്ങല്ല; മറിച്ച് അത് അധികാര കൈമാറ്റത്തിന്റെ വ്യക്തമായ സൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുറത്തുവരുന്ന വാര്‍ത്തകളും ചിത്രങ്ങളും സൂചിപ്പിക്കുന്നത് കിം ജു എ രാജ്യത്തിന്റെ നാലാം തലമുറ സ്വേച്ഛാധിപതിയാകാൻ തയ്യാറെടുക്കുകയാണെന്നാണ്. വിശകലന വിദഗ്ധരുടെയും ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയും ഈ ഊഹാപോഹങ്ങള്‍ ഉറപ്പിച്ച മട്ടാണ്. കിം ജു എയുടെ ആദ്യ കുംസുസാൻ പൊതു സന്ദർശനത്തെ വരാനിരിക്കുന്ന ഭരണകക്ഷി കോൺഗ്രസിന് മുന്നോടിയായി, പിൻഗാമിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടുള്ള നടപടിയായാണ് സെജോങ് ഇൻസ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്കിലെ വൈസ് പ്രസിഡന്റായ ചിയോങ് സിയോങ്-ചാങ് കരുതുന്നത്.
‘അച്ഛന്‍റെ മകള്‍’
നിഗൂഢത'കളുടെ പരമാധികാരിയാണ് കിം ജോങ് ഉന്‍ എങ്കില്‍ അത്രത്തോളം നിഗൂഢതകള്‍ മകളെ ചുറ്റപ്പറ്റിയുമുണ്ട്. എന്തിനേറെ പറയുന്നു കിം ജു ഏ എന്ന പേരും പോലും യഥാര്‍ഥമാണോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മുൻ അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരൻ ഡെന്നിസ് റോഡ്മാനാണ് കിം ജോങ് ഉന്നിന്‍റെ മകളെ ജു എ എന്ന് വിശേഷിപ്പിച്ചത്. പിന്നീടങ്ങോട്ട് ആ പേരില്‍ രാജ്യാന്തര മാധ്യമങ്ങളും ആ പെണ്‍കുട്ടിയെ വിശേഷിപ്പിച്ചു.
കിം ജോങ് ഉന്നിന്‍റെയും ഭാര്യ റി സോള്‍ ജുവിന്റെയും മൂന്നു മക്കളില്‍ രണ്ടാമത്തെ ആളാണ് കിം ജുഏ. പേര് മാത്രമല്ല അവളുടെ പ്രായവും ഇന്നും അജ്ഞാതമാണ്. എങ്കിലും 2010 ന്‍റെ തുടക്കത്തിലാണ് ജു എ ജനിച്ചത് എന്നാണ് കരുതുന്നത്. കിമ്മിന്‍റെ മൂന്നു മക്കളിൽ രണ്ടാമത്തെയാൾ. കിമ്മിന്‍റെ മക്കളില്‍ പൊതുമധ്യത്തില്‍ ഒരേയൊരാളും ജുഏയാണ്. ഏതെങ്കിലും സ്കൂളുകളിലോ മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ജു എ പഠിച്ചതിന് യാതൊരു സ്ഥിരീകരണവുമില്ല.
2022 നവംബറിൽ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ പരീക്ഷണ വിക്ഷേപണ വേളയിലാണ് കിം ജോങ് ഉന്നിന്‍റെ മകളെ ലോകം ആദ്യമായി കണ്ടത്. അതിനുശേഷം ഒട്ടേറെ പൊതുപരിപാടികളില്‍ മകള്‍ കിമ്മിനൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എങ്കിലും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അടക്കം 25 ലോകനേതാക്കൾ പങ്കെടുത്ത ചൈനയിലെ ചടങ്ങില്‍ കിം ജോങ് ഉന്‍ മകളെയും കൂടെക്കൂട്ടിയത് രാഷ്ട്രീയനിരീക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.