ഉത്തരകൊറിയയുടെ ഏറ്റവും പുതിയ മിസൈല്‍ പരീക്ഷണം
ആകാശലക്ഷ്യങ്ങള്‍ ഭേദിക്കാവുന്ന അത്യാധുനിക ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ച് ദക്ഷിണ കൊറിയ. കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. 200 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ വിജയകരമായി തകര്‍ത്തെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ തീരത്തായിരുന്നു പരീക്ഷണം. തന്ത്രപരമായ സാങ്കേതികവിദ്യകളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്‍റെ ഭാഗമായിരുന്നു കിമ്മിന്‍റെ സാന്നിധ്യമെന്നും കെ.സി.എന്‍.എ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിരോധസംവിധാനങ്ങള്‍ വിലയിരുത്തുന്ന കിം ജോങ് ഉന്‍
മിസൈല്‍ പരീക്ഷണത്തിനുപുറമേ ഉത്തരകൊറിയ നിര്‍മിക്കുന്ന ആണവ അന്തര്‍വാഹിനിയുടെ നിര്‍മാണപുരോഗതിയും കിം നേരിട്ട് വിലയിരുത്തി. 8700 ടണ്‍ ഭാരമുള്ള അന്തര്‍വാഹിനിയില്‍ നിന്ന് ആകാശത്തേക്ക് മിസൈലുകള്‍ തൊടുക്കാന്‍ കഴിയും. ഉത്തരകൊറിയന്‍ നാവികസേനയുടെ ആധുനീകരണത്തിന്‍റെ ഭാഗമാണ് അന്തര്‍വാഹിനി നിര്‍മാണം.
ലോകത്ത് സമാധാനമുണ്ടാകുന്ന ഒരു ലക്ഷണവും കാണാത്ത സാഹചര്യത്തില്‍ നാവികസേനയുടെ ശേഷി വിലുപീകരിക്കുകയും ആധുനീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. അമേരിക്കയുടെ സഹായത്തോടെ ആണവ അന്തര്‍വാഹിനി നിര്‍മിക്കാനുള്ള ദക്ഷിണകൊറിയയുടെ നീക്കം മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഉത്തരകൊറിയ നിര്‍മിക്കുന്ന പുതിയ ആണവ അന്തര്‍വാഹിനി
അമേരിക്കന്‍ അന്തര്‍വാഹിനി ദക്ഷിണകൊറിയന്‍ തുറമുഖത്തെത്തിയതിനെയും ഉത്തരകൊറിയ രൂക്ഷമായി വിമര്‍ശിച്ചു. സൈനികസംഘര്‍ഷം രൂക്ഷമാക്കാന്‍ ഇത്തരം നടപടികള്‍ കാരണമാകുമെന്ന് ഔദ്യോഗികപ്രസ്താവനയില്‍ പറഞ്ഞു. ആണവ അന്തര്‍വാഹിനി യുഎസ്എസ് ഗ്രീന്‍വില്‍ ആണ് കഴിഞ്ഞദിവസം ബുസാന്‍ തുറമുഖത്തെത്തിയത്. നാവികര്‍ക്ക് വിശ്രമിക്കാനും അവശ്യവസ്തുക്കള്‍ ശേഖരിക്കാനുമാണ് അന്തര്‍വാഹിനി എത്തിയതെന്ന് ദക്ഷിണ കൊറിയ വിശദീകരിച്ചിരുന്നു. നേരത്തേ ആണവായുധം വികസിപ്പിക്കാനുള്ള ജപ്പാന്‍റെ നീക്കത്തെയും ഉത്തരകൊറിയ വിമര്‍ശിച്ചിരുന്നു.
ആണവ അന്തര്‍വാഹിനിയുടെ നിര്‍മാണം വിലയിരുത്തുന്ന കിം ജോങ് ഉന്‍