2024 ഡിസംബറില്‍ യുന്‍ സോക് യോലിനെതിരെ സോളില്‍ നടന്ന പ്രതിഷേധം (ഫയല്‍ ചിത്രം)

2024 ഡിസംബറില്‍ യുന്‍ സോക് യോലിനെതിരെ സോളില്‍ നടന്ന പ്രതിഷേധം (ഫയല്‍ ചിത്രം: Reuters)

  • യുന്‍ സോക് യോല്‍ കുറ്റക്കാരനെന്ന് കോടതി
  • ദക്ഷിണകൊറിയയില്‍ പട്ടാളനിയമം നടപ്പാക്കിയത് 2024 ഡിസംബര്‍ മൂന്നിന്
  • വിധിക്കെതിരെ യോലിന് അപ്പീല്‍ നല്‍കാം

ദക്ഷിണകൊറിയയില്‍ പട്ടാളനിയമം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ ഇംപീച്ച് ചെയ്യപ്പെട്ട മുന്‍ പ്രസിഡന്‍റ് യുന്‍ സോക് യോലിന് വന്‍ തിരിച്ചടി. അധികാരദുര്‍വിനിയോഗം, വ്യാജരേഖ നിര്‍മാണം, നീതിനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളില്‍ യുന്‍ സോക് യോല്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു.  അദ്ദേഹത്തിന് അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിക്കും. പത്തുവര്‍ഷമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പട്ടാളനിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്ന 4 കേസുകളില്‍ ആദ്യത്തെ വിധിയാണിത്. 

yoon-suk-yeol-file-jpeg

2024ല്‍ പട്ടാളനിയമം പ്രഖ്യാപിച്ചുകൊണ്ട് യുന്‍ സോക് യോല്‍ നടത്തിയ ടെലിവിഷന്‍ പ്രസ്താവന (ഫയല്‍ ചിത്രം: Reuters)

2024 ഡിസംബര്‍ മൂന്നിനാണ് യുന്‍ സോക് യോല്‍ ദക്ഷിണകൊറിയയില്‍ പട്ടാളനിയമം നടപ്പാക്കിയത്. മന്ത്രിസഭാംഗങ്ങളെ അറിയിക്കാതെയായിരുന്നു തീരുമാനം. പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അംഗീകരിച്ചുവെന്ന് വ്യാജരേഖ ചമയ്ക്കുകയും പിന്നീട് ഇത് നശിപ്പിക്കുയും ചെയ്തിരുന്നു. പട്ടാളനിയമത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുകയും പാര്‍ലമെന്‍റ് അടിയന്തര യോഗം ചേര്‍ന്ന് യുന്‍ സോക് യോലിനെ ഇംപീച്ച് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രസിഡന്‍റിന്‍റെ അംഗരക്ഷകരെ ഉപയോഗിച്ച് തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതെല്ലാം പിന്നീട് പ്രത്യേകം കേസുകളായി മാറി.

ആരോപണങ്ങളെല്ലാം യുന്‍ സോക് യോലിന്‍റെ അഭിഭാഷകര്‍ തള്ളിക്കളഞ്ഞു. പട്ടാളനിയമം ഏര്‍പ്പെടുത്തിയത് നിയമപ്രകാരമാണെന്നും അറസ്റ്റും മറ്റ് നടപടികളും നിയമവിരുദ്ധമാണെന്നുമായിരുന്നു അവരുടെ വാദം. എന്നാല്‍ സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി ഇത് അംഗീകരിച്ചില്ല. വിധിക്കെതിരെ യുന്‍ സോക് യോലിന് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാം. രാജ്യത്ത് അട്ടിമറി നടത്താന്‍ ശ്രമിച്ചെന്ന ഗുരുതരമായ കുറ്റത്തിലും യുന്‍ സോക് യോലിനെതിരെ കേസുണ്ട്. ഈ കേസില്‍ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ഈ കേസിലെ വിചാരണ അടുത്തമാസം നടക്കും.

yeol-supporters-jpeg

സോളില്‍ യുന്‍ സോക് യോലിനെ പിന്തുണച്ച് പ്രകടനം നടത്തുന്നവര്‍ (ഫയല്‍ ചിത്രം: Reuters)

ഹ്രസ്വകാലത്തേക്കാണെങ്കിലും പട്ടാളനിയമം പ്രഖ്യാപിച്ചത് ദക്ഷിണകൊറിയയില്‍ വന്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയുമാണ് സൃഷ്ടിച്ചത്. ആറുമാസത്തിനുശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷി വിജയിച്ചെങ്കിലും യുന്‍ സോക് യോലിന്‍റെ ജനപിന്തുണയില്‍ വലിയ കുറവുണ്ടായിട്ടില്ല. 30 ശതമാനത്തിലേറെപ്പേര്‍ യുന്‍ സോക് യോലിനെയാണ് നേതാവായി കാണുന്നതെന്ന് ഏറ്റവും ഒടുവില്‍ നടന്ന സര്‍വേകളും വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

A South Korean court has sentenced former President Yoon Suk Yeol to five years in prison for charges related to his failed December 2024 martial law declaration. The Seoul Central District Court found him guilty of abuse of power, fabricating official documents, and obstructing justice by resisting arrest. This is the first verdict in a series of eight criminal trials the ousted leader is currently facing. While prosecutors had demanded a 10-year term for these specific charges, a separate insurrection trial where the death penalty has been sought is scheduled for February 19. Despite his legal troubles, recent polls suggest Yoon maintains over 30% public support from those who still view him as a leader. The 2024 martial law decree, which lasted only six hours, triggered massive protests and led to his historic impeachment and removal from office. Yoon remains in custody as he prepares to appeal the verdict in higher courts