ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്‍റെ പിന്‍ഗാമിയായി മകള്‍ കിം ജുവിനെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം പുറത്തുവിട്ടത്. നയപരമായ കാര്യങ്ങളിലടക്കം കിം ജുവിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിത്തുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വാദം ഉറപ്പിക്കുന്നത്. വരാനിരിക്കുന്ന 'വര്‍ക്കേഴ്സ് പാര്‍ട്ടി' സമ്മേളനത്തില്‍ കിം ജു എത്തിയാല്‍ പ്രധാന പദവിയടക്കം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദക്ഷിണ കൊറിയയുടെ നാഷനല്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഏജന്‍സി (എന്‍ഐഎസ്) കിം ജുവിനെ പിന്‍ഗാമി സ്ഥാനത്തേക്ക് കണ്ടിരുന്നുവെങ്കിലും ഗൗരവത്തിലെടുത്തിരുന്നില്ല. കൗമാരക്കാരിയായ കിം ജു പിതാവ് കിമ്മിനൊപ്പം ആയുധ പ്രദര്‍ശനത്തിനും സൈനിക പരേഡിനും നേരത്തെ എത്തിയിരുന്നു. പൊതുപരിപാടികളിലെ കിം ജുവിന്‍റെ വര്‍ധിച്ചുവരുന്ന സാന്നിധ്യം വലിയ സൂചനകളാണ് നല്‍കുന്നതെന്നും നിലവില്‍ ഉത്തര കൊറിയയില്‍ കിം കഴിഞ്ഞാല്‍ അടുത്ത നേതാവ് കിം ജുവാണെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.
കിം രോഗബാധിതനാണെന്നും അതിനാലാണ് വലിയ തോതില്‍ പൊതുവിടങ്ങളില്‍ കാണാത്തതെന്നുമുള്ള വാദങ്ങള്‍ വീണ്ടും ശക്തമായിട്ടുണ്ട്. അതുകൊണ്ടാണ് മകളെ പിന്‍ഗാമിയായി അതിവേഗത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്നും ദക്ഷിണ കൊറിയന്‍ ഏജന്‍സികള്‍ പറയുന്നു. പുതുവര്‍ഷാഘോഷത്തിനിടെ എല്ലാവരും നോക്കി നില്‍ക്കെ കിം ജു, പിതാവ് കിം ജോങ് ഉന്നിനെ ചുംബിച്ചതും വന്‍ വിവാദമായിരുന്നു. അച്ഛനും മകളുമായുള്ള സ്നേഹപ്രകടനമെന്നതിനപ്പുറത്തേക്ക് വിചിത്രമെന്നായിരുന്നു ജാപ്പനീസ് മാധ്യമങ്ങളടക്കം ആ സംഭവത്തെ വിശേഷിപ്പിച്ചത്. സാധാരണ കണ്ടുവരുന്ന അച്ഛന്‍–മകള്‍ ബന്ധത്തില്‍ നിന്ന് വ്യത്യസ്തമാണിതെന്നും മാധ്യമങ്ങള്‍ എഴുതി. മകള്‍ സ്നേഹത്തോടെ ചുംബിക്കുമ്പോള്‍ ചിരിച്ച് സന്തോഷവാനായിരുന്ന കിമ്മിന്‍റെ ചിത്രം ക്യാമറക്കണ്ണുകള്‍ ൊപ്പിയെടുത്തു. 2024ലെ ഹോട്ടല്‍ ഉദ്ഘാടനച്ചടങ്ങില്‍ കിമ്മും മകളുമെത്തിയത് ദമ്പതികളെപ്പോലെയാണെന്നായിരുന്നു ഡെയ്ലി എന്‍കെ ജപ്പാന്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ അറപ്പുളവാക്കുന്നുവെന്നായിരുന്നു ഉത്തരകൊറിയയുടെ പ്രതികരണം. എന്നാല്‍ പാശ്ചാത്ത മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് പോലെ ക്രൂരനായ ഏകാധിപതിയൊന്നുമല്ല കിമ്മെന്നും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന വാല്‍സല്യനിധിയായ പിതാവാണെന്ന ഇമേജ് കെട്ടിപ്പടുക്കാനാകും ഒരുപക്ഷേ ഈ സ്നേഹപ്രകടനങ്ങളെന്ന് വിലയിരുത്തുന്നവരും കുറവല്ല.
അതേസമയം, കിം പൂര്‍ണ ആരോഗ്യവാനാണെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ഉത്തര കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പൊതുവിടങ്ങളിലെ ജുവിന്‍റെ പ്രത്യക്ഷപ്പെടലുകളില്‍ അമ്പരക്കാന്‍ ഒന്നുമില്ലെന്നുമാണ് ഔദ്യോഗിക വാര്‍ത്തകള്‍. ഫെബ്രുവരി അവസാന വാരത്തിലാണ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഒന്‍പതാം സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഈ സമ്മേളത്തില്‍ കിം ജുവിന്‍റെ സ്ഥാനാരോഹണത്തിന് പുറമെ സാമ്പത്തിക, വിദേശ കാര്യ, പ്രതിരോധ രംഗത്തെ നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
10 ബലിസ്റ്റിസ് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ അന്തര്‍വാഹിനി നിര്‍മിക്കാന്‍ കിം ജോങ് നേരത്തെ നിര്‍ദേശിച്ചിരുന്നു. ആണവ പോര്‍മുന വഹിക്കാന്‍ പാകത്തില്‍ തയാറാക്കുന്ന ഇത് നിര്‍മാണം പൂര്‍ത്തിയായെന്നാണ് കരുതുന്നത്. അതേസമയം, ഇത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായോ എന്നതില്‍ സ്ഥിരീകരണം ഇല്ലെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.