ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറിന് പിന്നാലെ ഇറാന്‍റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ ശാലയും രാജ്യത്തിന്‍റെ ആണവക്കോട്ടയുമായ ഫൊര്‍ദോയെ പൂര്‍ണമായും ഇല്ലാതാക്കി എന്നാണ് ട്രംപ് തുടക്കത്തില്‍ വാദിച്ചത്. എന്നാല്‍ പെന്‍റഗണില്‍ നിന്നും ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (ഡിഐഎ) തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തായതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറഞ്ഞു. തുടക്കത്തിൽ അവകാശപ്പെട്ടതുപോലെ ആക്രമണങ്ങൾ ഇറാന്‍റെ ആണവ പദ്ധതിയെ തടസ്സപ്പെടുത്തിയിരിക്കില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെ റിപ്പോര്‍ട്ട് നിരാകരിച്ച് വൈറ്റ് ഹൗസും രംഗത്തെത്തി. ഇപ്പോളിതാ ഇറാനില്‍ പ്രയോഗിച്ച തങ്ങളുടെ ബങ്കർ ബസ്റ്ററുകള്‍ക്ക് എത്രത്തോളം ശേഷിയുണ്ടെന്ന് ലോകത്തിനെ കാണിക്കാന്‍ വിഡിയോയുമായി എത്തിയിരിക്കുകയാണ് പെന്‍റഗണ്‍.
വ്യാഴാഴ്ച പെന്‍റഗണിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്‍റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്‍റെ ചെയർമാനായ ജനറൽ ഡാൻ കെയ്‌നും ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങളുടെ ആസൂത്രണത്തെയും നിർവ്വഹണത്തെയും കുറിച്ച് വിവരിച്ചത്. പിന്നാലെ ബങ്കർ ബസ്റ്റർ ബോംബുകളുടെ പരീക്ഷണ ദൃശ്യങ്ങളും പങ്കിട്ടു. ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടന്നതെങ്ങനെയെന്ന് കാണിക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. മറ്റ് സാധാരണ ബോംബുകളിൽ നിന്ന് വ്യത്യസ്തമായി ബങ്കർ-ബസ്റ്റർ ബോംബ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഉപരിതലത്തിൽ കാണാൻ കഴിയില്ല. ഇവയ്ക്ക് ലക്ഷ്യസ്ഥാനത്ത് ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും സ്ഫോടനം നടത്താനും സാധിക്കും.
പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഒരു ബങ്കറിലേക്ക് മിസൈല്‍ തുളച്ചുകയറുന്നത് കാണാം. പുറമേ വലിയ നാശനഷ്ടങ്ങള്‍ കാണുന്നില്ലെങ്കിലും അത് ഉള്ളിലേക്ക് ആഴ്ന്നിറങ്ങി പൊട്ടിത്തെറിക്കുന്നു. വന്‍സ്ഫോടനമുണ്ടാകുന്നു. സാധാരണ ബോംബിൽ നിന്ന് വ്യത്യസ്തമായി ആഘാത ഗർത്തം പോലും ഉപരിതലത്തില്‍ ഇത് സൃഷ്ടിക്കില്ലെന്നും വിഡിയോയില്‍ വ്യക്തമാണ്. ഫോർഡോയുടെ എതിർവശത്തുള്ള വെന്റിലേഷൻ ഷാഫ്റ്റുകളെയാണ് ബോംബുകൾ ലക്ഷ്യമിട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യ ബോംബ് ഇരുവശത്തും ഷാഫ്റ്റ് തുറന്നുവെന്നും സെക്കൻഡിൽ 1,000 അടിയിൽ കൂടുതൽ വേഗതയിൽ പ്രവേശിച്ചതിന് ശേഷം നാല് ബോംബുകൾ പൊട്ടിത്തെറിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏതെങ്കിലും ബോംബുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഒരു ഫ്ലെക്സ് വെപ്പൺ പോലെ പ്രവർത്തിക്കാനായിരുന്നു അവസാനത്തെയും ആറാമത്തെയും ബോംബ്.
അമേരിക്കയുടെ ആക്രമണങ്ങള്‍ ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ വരുത്തിയിട്ടില്ല, ഇറാന്‍റെ ആണവ പദ്ധതിയെ വൈകിപ്പിക്കാന്‍ മാത്രമേ ആയുള്ളൂ എന്നിങ്ങനെയുള്ള ചോര്‍ന്ന പെന്‍റഗണ്‍ റിപ്പോര്‍ട്ടിനെതിരെയുള്ള അമേരിക്കയുടെ മറുപടിയായിരുന്നു ഈ ദൃശ്യങ്ങളുടെ പുറത്തുവിടല്‍. ആക്രമണത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത മാധ്യമങ്ങള്‍ക്ക് ട്രംപിനെ അഭിനന്ദിക്കാൻ കഴിയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തലുണ്ടായി.
അതേസമയം രണ്ട് പെനിട്രേറ്റർ ബോംബുകൾ മാത്രം ഉപയോഗിച്ച് ആക്രമിക്കപ്പെട്ട നതാൻസിനെ കുറിച്ചോ നാവികസേനയുടെ അന്തർവാഹിനിയിൽ നിന്ന് ഒരു മിസൈൽ മാത്രം ഉപയോഗിച്ച് ആക്രമിച്ച ഇസ്ഫഹാനെയും കുറിച്ചോ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചില്ല. ഇസ്ഫഹാനിലെ ഭൂഗർഭ തുരങ്കങ്ങളിൽ സൂക്ഷിച്ചിരുന്ന 880 പൗണ്ട് യുറേനിയത്തിന് എന്ത് സംഭവിച്ചു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അവിടെ എന്തായിരുന്നു ഉണ്ടായിരുന്നത് എന്നതിന് കൃത്യമായ ധാരണ തങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞത്.