ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെയും മാധ്യമപ്രവർത്തകയായ പ്രതിശ്രുത വധു ലൊറേന്‍ സാഞ്ചസിന്റെയും വിവാഹാഘോഷങ്ങൾക്ക് വെനീസിൽ തുടക്കമായി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഡംബര വിവാഹം.
"നൂറ്റാണ്ടിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗ്രാൻഡ് കനാലിന്റെ തീരത്തുള്ള ആഡംബര ഹോട്ടലായ അമൻ വെനീസിലേക്ക് വധൂവരന്മാര്‍ എത്തിക്കഴിഞ്ഞു,. 500 കോടി രൂപ ചെലവ് കണക്കാക്കുന്ന വിവാഹത്തില്‍ പങ്കെടുക്കുന്ന പ്രമുഖരുമായി തൊണ്ണൂറോളം സ്വകാര്യ ജെറ്റുകള്‍ പിന്നാലെ പറന്നിറങ്ങും . ഇന്ന്( വ്യാഴാഴ്ച) രാത്രി കന്നറേജിയോയിലെ മഡോണ ഡെൽ ഓർത്തോ പള്ളിയുടെ അങ്കണത്തിൽ വിരുന്നോടെ തുടക്കം. 250 അതിഥികളിൽ ഭൂരിഭാഗവും വെള്ളിയാഴ്ച രണ്ടാമത്തെ പാർട്ടിക്കായി എത്തും. സാൻ ജോർജിയോ ദ്വീപിലാണ് ഈ വിരുന്ന്. ശനിയാഴ്ച ആർസെനാലെയിലെ ഒരു ഹാളിലാണ് പ്രധാന വിവാഹ സൽക്കാരം. മുൻപ് കപ്പൽശാലയായിരുന്ന ഇവിടം ഇപ്പോൾ ആർട്ട് ഗാലറിയാണ്. .യഥാർത്ഥ വിവാഹത്തിന്റെ തീയതിയും വേദിയും ഇപ്പോഴും രഹസ്യമാണ് . 61 കാരനായ ബെസോസും 55 കാരിയായ സാഞ്ചസും അമേരിക്കയിൽ വെച്ച് രഹസ്യമായി വിവാഹിതരായെന്നും അഭ്യൂഹങ്ങളുണ്ട്. മക്കെൻസി സ്കോട്ടുമായുള്ള 25 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച ബെസോസ് നാല് വർഷത്തിന് ശേഷമാണ് 2023-ൽ സാഞ്ചസുമായുള്ള വിവാഹനിശ്ചയം നടത്തിയത്. സമ്പന്നർക്കായി നഗരത്തെ ഒരു സ്വകാര്യ വിനോദകേന്ദ്രമാക്കി മാറ്റുന്നുവെന്നാരോപിച്ച് ആഴ്ചകളായി സമരം ചെയ്യുന്ന പ്രതിഷേധക്കാരെ അതിഥികളിൽ നിന്ന് അകറ്റിനിർത്താൻ വിവാഹവേദികള്‍ അടച്ചിടും. വെനീസിലെ ടൂറിസ്റ്റ് പ്രവാഹത്തിനെതിരെ പ്രാദേശികവാസികൾ വർഷങ്ങളായി പ്രതിഷേധത്തിലാണ്