ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയാകാനുള്ള മല്‍സരത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ച സൊഹ്റാന്‍ മംദാനിയെ അധിക്ഷേപിച്ച് ഡോണള്‍ഡ് ട്രംപ്.90 ശതമാനം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ മംദാനി 43.5 ശതമാനം വോട്ടുകളാണ് നേടിയത്. ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് മംദാനിയെ ആക്രമിച്ചത്. '100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ' എന്ന് വിളിക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു. മംദാനിയെ മാത്രമല്ല അദ്ദേഹത്തെ അനകൂലിക്കുന്നവരെയും ട്രംപ് വിമര്‍ശിച്ചു.
'ഒടുവിൽ അത് സംഭവിച്ചു, ഡെമോക്രാറ്റുകൾ പരിധി ലംഘിച്ചു. 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാൻ മംദാനി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചു, മേയറാകാനുള്ള പാതയിലാണെന്നും മുമ്പ് നമുക്ക് റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിരുന്നു, പക്ഷേ ഇത് അൽപ്പം പരിഹാസ്യമായിക്കൊണ്ടിരിക്കുകയാണ്' എന്നും ട്രംപ് പറഞ്ഞു.
മംദാനി അത്ര മിടുക്കനല്ലെന്നും, ശബ്ദം അരോചകമാണെന്നുമുള്‍പ്പടെയുള്ള അധിക്ഷേപമാണ് മംദാനിക്കെതിരെ ട്രംപ് നടത്തിയത്. ന്യൂയോർക്ക് നഗരത്തിലെ ഭാവി കമ്മ്യൂണിസ്റ്റ് മേയർ സൊഹ്‌റാൻ മംദാനിക്കൊപ്പം, നമ്മുടെ രാജ്യം ശരിക്കും തകർന്നിരിക്കുന്നു എന്നു പറയുകയും ഡെമോക്രാറ്റിക് പാര്‍ട്ടിയെ കളിയാക്കുകയും ചെയ്തു.
പലപ്പോഴും ട്രംപിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സൊഹ്റാന്‍ മംദാനി. മാത്രമല്ല ശക്തമായ പലസ്തീൻ അനുകൂല നിലപാടുകളും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ന്യൂയോർക്കിന്റെ പുരോഗമന ശബ്ദമാണ് മംദാനി എന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. എന്നാല്‍ പലപ്പോഴും ട്രംപിനെതിരെ നിലകൊള്ളുന്നതിനാല്‍ തന്നെ യുഎസില്‍ ഇതിന്റെ പോരില്‍ പല അസ്വാരസ്യങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.