cia-vs-mossad

ലോകത്തിന്റെ സുരക്ഷിതത്വത്തിന് കണ്ണും കാതും കൂര്‍പ്പിച്ച് നില്‍ക്കുന്ന രഹസ്യാന്വേഷണ ഏജന്‍സികള്‍ വഹിക്കുന്ന പങ്ക് വലുതാണ്. ലോകത്തെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ ഏറ്റവും മികച്ച രണ്ട് ഏജന്‍സികളാണ് അമേരിക്കയുടെ സി.ഐ.എയും ഇസ്രയേലിന്റെ മൊസാദും. പക്ഷികള്‍ മുതല്‍ പേജറുകള്‍വരെ രഹസ്യ നീക്കത്തിനും എതിരാളികളെ പ്രഹരിക്കാനും ഉപയോഗിക്കും.

എന്താണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ പങ്ക്?

വിവരശേഖരണം, രാഷ്ട്രീയ കൃത്യനിര്‍വഹണം, വിദേശ നയരൂപീകരണം, ഗവേഷണം എന്നിവയാണ് പ്രധാന ദൗത്യങ്ങള്‍. ഇതിനായി കൊലപാതകം, തട്ടിക്കൊണ്ടുപോകലുകള്‍, ചാരന്മാരെ നിയോഗിക്കലുകള്‍, ശത്രുക്കള്‍ക്കെതിരെ തീവ്രമായ ആക്രമണം എന്നിങ്ങനെ പലതും പയറ്റും. നിഗൂഢതകള്‍ നിറഞ്ഞതും അതീവ രഹസ്യവും ആയിരിക്കും ഇവരുടെ നീക്കങ്ങള്‍. എന്ത് ചെയ്യും എന്ത് ചെയ്യില്ല എന്ന് പ്രവചിക്കാനാകില്ല.

ഇറാന്‍– ഇസ്രയേല്‍ സംഘര്‍ഷവും അതില്‍ അമേരിക്കയുടെ ഇടപെടലും കൂടിയായപ്പോഴാണ് ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജന്‍സി ഏതെന്ന ചര്‍ച്ച തുടങ്ങിയത്. ഇസ്രയേലിന്റെ മൊസാദാണോ അമേരിക്കയുെട സി.ഐ.എ ആണോ എന്ന ചൂടേറിയ ചര്‍ച്ച സമൂഹമാധ്യമത്തില്‍ നടക്കുകയാണ്. ഒരാള്‍ എക്സില്‍ കുറിച്ചത് വച്ച് ഇരുപത് വര്‍ഷമായി അടുത്തിടപഴകുന്ന അയല്‍വാസിയാണ് സിഐഎ, മോസാദാവട്ടെ ഭാര്യയും!

മൊസാദോ കേമന്‍?

mossad-logo

ഇസ്രയേലിനെതിരെ പ്രവര്‍ത്തിക്കുന്ന സൈനിക ശക്തികളെ നിര്‍വീര്യമാക്കാനും യൂദന്മാരെ ദ്രോഹിക്കുന്നവരെ പിടിച്ചുകൊണ്ടുവന്ന് നിയമത്തിന് വിട്ടുനല്‍കുക, ഭീകരവാദികള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കുക എന്നതാണ് മൊസാദ് പ്രധാനമായും ചെയ്യുന്നത്. 1951ല്‍ സ്ഥാപിതമായ മൊസാദിന്റെ ആസ്ഥാനം ടെല്‍ അവീവാണ്. ഇസ്രയേല്‍ പ്രതിരോധ സേനയില്‍ സേവനം അനുഷ്ഠിച്ചവരാണ് മൊസാദിന്റെ ഏജന്റുമാരില്‍ ഏറെയും. കൃത്യമായ ആസൂത്രണവും വിലയിരുത്തലും സമയമെടുത്തുള്ള നീക്കങ്ങളും ആണ് മൊസാദിനെ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

മൊസാദിന്റെ പ്രധാന നീക്കങ്ങള്‍

‘റാത്ത് ഓഫ് ഗോഡ്’ അഥവാ ‘ദൈവ കോപം’ എന്ന പേരില്‍ മൊസാദ് നടത്തിയ ഓപറേഷനാണ് പ്രധാനപ്പെട്ട ഒന്ന്. 1972 ‌ലെ മ്യൂനിക് ഒളിംപിക്സില്‍ ഇസ്രയേലിന്റെ പതിനൊന്ന് കായിക താരങ്ങളെ കൊലപ്പെടുത്തിയ പലസ്തീന്‍കാരായ തീവ്രവാദികളെ ഓരോരുത്തരെയും തിരഞ്ഞ് കണ്ടുപിടിച്ച് കൊലപ്പെടുത്തി. വര്‍ഷങ്ങള്‍ നീണ്ട ദൗത്യത്തില്‍ ഏഴുപേരെയാണ് മൊസാദ് കൊന്നത്. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്റ്റാലിനെ തള്ളിപ്പറഞ്ഞ ക്രൂഷ്ച്ചേവിന്റെ പ്രസംഗം പുറത്തുകൊണ്ടുവന്നതും മൊസാദായിരുന്നു.

2023 ല്‍ ഹിസ്ബുല്ലയെ തകര്‍ത്ത ‘പേജര്‍ വില്‍പനയും പരസ്യവും’ ആണ് മൊസാദിന്റെ മറ്റൊരു പ്രധാന ദൗത്യം. ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഹമാസിനെ പിന്തുണച്ചിരുന്ന ഹിസ്ബുല്ല പേജറുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നത് അറിഞ്ഞ് മൊസാദ് കടലാസ് കമ്പനിയുണ്ടാക്കി തായ്്വാന്‍ കമ്പനിയെ തെറ്റിധരിപ്പിച്ച് അവരുമായി കൈകോര്‍ത്ത് പേജര്‍ വില്‍പന നടത്തി. പൊടിപിടിക്കില്ല, വെള്ളം കയറില്ല, കൂടുതൽ കാലം ചാർജ് നിൽക്കുന്ന ബാറ്ററി തുടങ്ങിയ പരസ്യങ്ങൾ നല്‍കിയാണ് ഹിസ്ബുല്ലയെ മൊസാദിന്റെ വലയില്‍ വീഴ്ത്തിയത്. 5000 'മരണ പേജറു'കൾ അവർ വാങ്ങി. ഇത് ഹിസ്ബുല്ലയെ ദുര്‍ബലരാക്കി. 

pager

വല്യേട്ടനോ സിഐഎ?

cia-floor

ജാഗരൂകനായി ഇരിക്കുന്ന ഒരു കഴുകൻ, അതിനു താഴെ അനേകം ബിന്ദുക്കളിലേക്കു വിടർന്ന രക്തവർണമുള്ള ഒരു നക്ഷത്രം. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അഥവാ സിഐഎയുടെ ലോഗോയിലാണ് ഇത്. രണ്ടാം ലോകയുദ്ധകാലമാണു സിഐഎയുടെ പിറവിക്ക് വഴിവച്ചത്. 1947ല്‍ സിഐഎ സ്ഥാപിതമായമായി.

സിഐഎയുടെ അതിസാഹസിക ദൗത്യങ്ങള്‍

ലോകത്തെ ഞെട്ടിച്ചതായ ദൗത്യങ്ങൾ സിഐഎ ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തമായത് പ്രോജക്ട് അസോറിയൻ. 1968ൽ ഹവായിക്കു സമീപം അണുവായുധശേഷിയുള്ള കെ–129 എന്ന സോവിയറ്റ് മുങ്ങിക്കപ്പൽ മുങ്ങി. ഈ കപ്പൽ വീണ്ടെടുക്കാൻ സോവിയറ്റ് യൂണിയൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 16,500 അടിയില്‍ താഴെയായിരുന്നു കപ്പൽ. സമുദ്രഗവേഷകരെന്ന വ്യാജേന മേഖലയിൽ നിലയുറപ്പിച്ച സിഐഎ സംഘം നാലുവർഷം നീണ്ട അധ്വാനത്തിനൊടുവിൽ കപ്പൽ പൊക്കിയെടുത്തു. ചാരവൃത്തി മുതല്‍ അര്‍ധസൈനിക സേവനം വരെ ദൗത്യത്തിനായി സിഐഎ പ്രയോഗിക്കുന്നു. അൽഖായിദ തലവൻ ബിൻ ലാദനെ വധിച്ചത് നേവി സീൽസാണെങ്കിലും വിവരശേഖരണവും പദ്ധതി തയാറാക്കലും നടത്തിയത് സിഐഎ ആയിരുന്നു.

cia-us

അതേ സമയം തന്നെ സിഐഎ അമ്പേ പരാജയപ്പെട്ട ദൗത്യങ്ങളുമുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് 1961ലെ ‘ബേ ഓഫ് പിഗ്സ്’ മുന്നേറ്റം. ക്യൂബയിലെ ഫിദൽ കാസ്ട്രോ സർക്കാരിനെ അട്ടിമറിക്കാൻ വിമതരെ ഉപയോഗിച്ച് നടത്തിയ ഈ നീക്കം പാളിപ്പോയിരുന്നു. 

മുന്‍കാലങ്ങളില്‍ പ്രാവുകളിലും പൂച്ചകളിലും ചിപ്പ് വച്ചും ക്യാമറവച്ചും വിവരശേഖരണം നടത്തുന്ന രഹസ്യാന്വേഷണ ഏജന്‍സികള്‍ ഡിജിറ്റല്‍ യുഗത്തില്‍ തന്ത്രങ്ങള്‍ മാറ്റി. സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ വഴി വ്യാജവാര്‍ത്തകള്‍ നിര്‍മിച്ച് എതിരാളിയെ തകര്‍ക്കുന്നു, മൊസാദിന്റെ പേജര്‍ പ്രയോഗം, അങ്ങനെ പോകുന്നു.

മറ്റു രാജ്യങ്ങളിലെ നിയമങ്ങൾ കാറ്റിൽ പറത്തി ആളുകളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുക, ശാരീരിക മാനസിക പീഡനങ്ങൾ ഏൽപിക്കുക, മനുഷ്യാവകാശ ധ്വംസനവും ചൂഷണവും നടത്തുന്ന സംഘങ്ങളെ സ്വന്തം താൽപര്യങ്ങൾക്കായി പിന്തുണയ്ക്കുക തുടങ്ങി പല ആരോപണങ്ങളും പലകാലങ്ങളില്‍ സിഐഎയ്ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

ENGLISH SUMMARY:

Intelligence agencies are the eyes and ears of a nation’s security, silently guarding global interests from the shadows. Among the world's most elite and feared agencies are the United States’ CIA and Israel’s Mossad. From pigeons to pagers, no object is too small or obscure when it comes to covert operations and striking enemies.