ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി യു.എസ്. 'ലെവൽ 2' നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് സര്‍ക്കാര്‍ സൈറ്റില്‍ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങളും ഭീകരവാദവും ഇന്ത്യയില്‍ വര്‍ധിക്കുന്നു എന്ന കാരണമാണ് യു.എസ് ജാഗ്രതാ നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ബലാത്സംഗം ഇന്ത്യയില്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യമാണെന്നും വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഹബ്ബുകള്‍, മാര്‍ക്കറ്റ്, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ തീവ്രവാദ ഭീഷണിയുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുത് തുടങ്ങിയവയാണ് നിർദേശത്തിലുള്ളത്. മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഇന്ത്യയില്‍ ഭീകരാക്രമണങ്ങൾ നടക്കാനുള്ള സാധ്യതയുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്‍റെ സൈറ്റിലുണ്ട്. ജൂണ്‍ 16നാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലകളിലേക്ക് നീങ്ങിയാല്‍ യു.എസ് പൗരന്മാരുടെ സുരക്ഷയുറപ്പാക്കാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. മഹാരാഷ്ട്രയുടെ കിഴക്കന്‍ മേഖല മുതല്‍ വടക്കന്‍ തെലങ്കാന വരെയും പശ്ചിമ ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. യു.എസ് സര്‍ക്കാര്‍ ജീവനക്കാര്‍ ഈ മേഖലകളിലേക്ക് പോകുന്നുണ്ടെങ്കില്‍ പ്രത്യേക അനുമതി തേടണം.
സാറ്റലൈറ്റ് ഫോണ്‍ അല്ലെങ്കില്‍ ജിപിഎസ് സംവിധാനമുള്ള ഉപകരണങ്ങള്‍ കയ്യില്‍ കരുതുന്നത് നിയമവിരുദ്ധമാണ്. 2000 ഡോളറിന്‍റെ പിഴയും മൂന്നു വര്‍ഷത്തോളം തടവും ലഭിക്കാവുന്ന കുറ്റമായാണ് ഇത് കണക്കാക്കുന്നതെന്നും സൈറ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജമ്മു കശ്മീര്‍, ഇന്ത്യ– പാക്കിസ്ഥാന്‍ ബോര്‍ഡര്‍, മധ്യ– കിഴക്കന്‍ പ്രദേശങ്ങളിലേക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ യു.എസ് സര്‍ക്കാര്‍ ജീവനക്കാരടക്കം പോകരുത്. ഇവിടങ്ങളിലെല്ലാം തലസ്ഥാനത്ത് നിന്ന് ഗ്രാമീണ മേഖലകളിലേക്ക് നീങ്ങിയാല്‍ കരുതല്‍ വേണം എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഖഡ്, പശ്ചിമ ബംഗാള്‍, മേഘാലയ, ഒഡിഷ തുടങ്ങിടങ്ങളിലേക്ക് പോകുന്ന യു.എസ് പൗരന്മാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. എമിഗ്രേഷനിലെ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി യു.എസ് പൗരന്മാര്‍ ഇന്ത്യ– നേപ്പാള്‍ അതിര്‍ത്തി കടക്കരുത്. മണിപ്പൂരടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രയും സുരക്ഷിതമല്ല എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. വേവിക്കാത്ത ഭക്ഷണവും ഫിൽട്ടർ ചെയ്യാത്ത ഭക്ഷണവും ഇന്ത്യൻ യാത്രകളിൽ ഒഴിവാക്കണമെന്നും ഇന്ത്യൻ റോഡുകളിലും പൊതുഗതാഗതങ്ങളിലും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.