പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന്‍റെ സിഇഒ പാവെല്‍ ഡ്യുറോവിന് നൂറിന് മുകളില്‍ മക്കളുണ്ട്. ഇപ്പോഴിതാ തന്‍റെ 13.9 ബില്യണ്‍ ( 12.5 ലക്ഷം കോടി രൂപയിലധികം) മൂല്യമുള്ള സമ്പത്ത് തന്‍റെ നൂറിലധികം വരുന്ന മക്കള്‍ക്ക് തുല്യമായി വീതിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ശതകോടീശ്വരന്‍.
എല്ലാവരും തന്‍റെ മക്കളാണ്, എല്ലാവര്‍ക്കും തുല്യ അവകാശമാണ്. തന്‍റെ മരണശേഷം മക്കള്‍ ആരും സ്വത്തിന് വേണ്ടി തമ്മില്‍ തല്ലരുത് എന്നാണ് പാവെലിന്‍റെ പക്ഷം. 40 വയസുള്ള ഡ്യുറോവിന് മൂന്ന് മുന്‍ ഭാര്യമാരാണുള്ളത്. ഈ ബന്ധങ്ങളിലൂടെ പാവെലിന് ആറ് മക്കളുണ്ട്. എന്നാല്‍ 15 വര്‍ഷമായി പാവെല്‍ ബീജദാനം നടത്തുന്നുണ്ട്. തന്‍റെ സുഹൃത്തിനെ സഹായിക്കാനായിരുന്നു ബീജദാനം തുടങ്ങിയത്. ദാനം ചെയ്ത ബീജ സാംപിളുകള്‍ ഉപയോഗിച്ച് 12 രാജ്യങ്ങളിലായാണ് പാവെലിന് നൂറിലധികം മക്കളുള്ളതായി പിന്നീട് വിവരം ലഭിച്ചത്.
നിയമപരമായി പാവെലിന് ഈ കുട്ടികളില്‍ ഉത്തരവാദിത്വമേറ്റെടുക്കേണ്ട ആവശ്യമില്ലെങ്കിലും പാവെല്‍ സ്വയം ഈ തീരുമാനത്തിലെത്തുകയായിരുന്നു. തന്‍റെ മക്കള്‍ സാധാരണക്കാരെപ്പോലെ വളരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും, 30 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ മക്കള്‍ക്ക് തന്‍റെ സ്വത്തില്‍ തൊടാന്‍ പോലും അവസരം ലഭിക്കുകയുള്ളു എന്ന് പാവെല്‍ പറഞ്ഞു. ഒരു ബാങ്ക് അക്കൗണ്ടിന്‍റെ ബലത്തിലല്ല മക്കള്‍ വളരേണ്ടതെന്നും പവെല്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യയില്‍ ജനിച്ച പവെല്‍ പിന്നീട് യുഎഇ പൗരത്വം സ്വീകരിക്കുകയായിരുന്നു. ഫ്രാന്‍സിലും പവെലിന് പൗരത്വമുണ്ട്. 2013ലാണ് പവെല്‍ ടെലഗ്രാം രൂപീകരിച്ചത്. പല രാജ്യങ്ങളിലും ഏറ്റവും പ്രചാരമുള്ള മെസേജിങ് ആപ്പ് ടെലഗ്രാമാണ്.