261 പേരെ ലൈംഗികമായി ചൂഷണം ചെയ്ത, ടെലഗ്രാം വഴി പ്രവർത്തിച്ചിരുന്ന സെക്സ് ക്രൈം സംഘത്തിന്റെ നേതാവിന് ജീവപര്യന്തം തടവ്. ദക്ഷിണ കൊറിയയിലാണ് സംഭവം. പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെയുള്ളവരെ ലൈംഗികമായി ചൂഷണം ചെയ്ത 33 -കാരനായ കിം നോക്-വാനിനാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ‘വിജിലന്റ്സ്’ എന്നറിയപ്പെടുന്ന ക്രിമിനൽ സംഘടനയുടെ തലവനായിരുന്നു ഇയാൾ. ഈ സംഘം ഇരകളെ ബ്ലാക്ക്മെയിൽ ചെയ്തശേഷം അശ്ലീല കണ്ടന്റുകൾ നിർമ്മിക്കുകയും അത് ഓൺലൈൻ ചാറ്റ് റൂമുകളിൽ പങ്കിടുകയും ചെയ്തിരുന്നു.
സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് കിം തന്റെ ചൂഷണത്തിനിരയാക്കിയ പലരേയും കണ്ടെത്തിയത്. അവരെ പിന്നീട് ടെലഗ്രാമിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുവന്നു, ശേഷം ബ്ലാക്ക് മെയിൽ ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ താൽപ്പര്യം പ്രകടിപ്പിച്ച പുരുഷന്മാരെയും ലൈംഗികകാര്യങ്ങളിൽ കൗതുകം പ്രകടിപ്പിക്കുന്ന സ്ത്രീകളെയുമാണ് അയാൾ സമീപിച്ചത്. തുടർന്ന് അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും അധികാരികളെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇവരിൽ പലരേയും പിന്നീട് പുതിയ ഇരകളെ കണ്ടെത്താൻ ഉപയോഗിച്ചു. ദിവസവും റിപ്പോർട്ടുകൾ എഴുതാനും ഇവരോട് കിം ആവശ്യപ്പെട്ടിരുന്നു. സംഘത്തിന്റെ നേതാവായ കിം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നതായും കണ്ടെത്തി.
2020 മെയ് മുതൽ 2025 ജനുവരി വരെ 'വിജിലന്റ്സ്' ഏകദേശം 261ലധികം ആളുകളെ ചൂഷണം ചെയ്തതായി കണ്ടെത്തി. 'പാസ്റ്റർ' എന്നാണ് കിം സ്വയം വിശേഷിപ്പിച്ചിരുന്നത്. പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിക്കുക, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വിഡിയോകളും അയച്ചു നല്‍കുക തുടങ്ങിയ കുറ്റകൃത്യങ്ങളും കിം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
ക്രിമിനൽ സംഘം രൂപീകരിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക, ലൈംഗികമായി ആളുകളെ ചൂഷണം ചെയ്യുക, നിയമവിരുദ്ധമായി ചിത്രീകരിച്ച ഫോട്ടോകളും വിഡിയോകളും വിതരണം ചെയ്യുക, ഇത്തരം കണ്ടന്റുകൾ കാണാനും മറ്റും ആളുകളെ നിർബന്ധിക്കുക, ചെറുക്കാൻ കഴിയാത്ത രീതിയിൽ ആളുകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുക എന്നീ കുറ്റങ്ങൾക്കാണ് ഇയാൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
താന്‍ ചെയ്തത് തെറ്റാണെന്നും പശ്ചാത്താപമുണ്ടെന്നുമാണ് വിധി വന്ന ശേഷം കിം കോടതിയില്‍ പ്രതികരിച്ചത്. എന്നാല്‍ ചെയ്ത പ്രവൃത്തി വളരെയധികം ക്രൂരമാണെന്നും ഇരകള്‍ക്കുണ്ടായ നികത്താനാകാത്ത നഷ്ടവും കണക്കിലെടുക്കുമ്പോൾ ഇയാളെ എന്നേക്കുമായി സമൂഹത്തിൽ നിന്നും അകറ്റിനിർത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.