ഇറാന്റെ ആണവ കേന്ദ്രം ‘ഫോര്‍ഡോ’ തകർക്കാൻ ഇസ്രയേലിന് കഴിവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലിന്റെ സൈനിക ശേഷിയെക്കുറിച്ച് പരാമർശിക്കവേയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ‘ഇറാന്‍റെ ആണവക്കോട്ടയായ ഫോർഡോ നശിപ്പിക്കാൻ മാത്രം ശേഷി ഇസ്രയേലിനില്ല. അവര്‍ക്ക് പരിമിതമായ ശേഷിയേയുള്ളൂ. ഒരു ചെറിയ ഭാഗം തകർക്കാൻ കഴിഞ്ഞേക്കും പക്ഷേ പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയില്ല’ ട്രംപ് പറഞ്ഞു.
നേരത്തെ അമേരിക്കയ്ക്ക് മാത്രമേ ഫോര്‍ഡോയെ നശിപ്പിക്കാനുള്ള ശക്തിയുള്ളൂ എന്ന് വിദഗ്ധര്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേൽ തങ്ങളുടെ രഹസ്യ പ്രവർത്തനങ്ങളിലൂടെയും സൈനിക ശേഷിയിലൂടെയും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ടെങ്കിലും ഫോർഡോയുടെ പ്രതിരോധം തകർക്കാൻ തക്ക ശക്തമായ ആയുധങ്ങൾ ഇസ്രയേലിന്‍റെ പക്കലുള്ളതിന് തെളിവുകളില്ലെന്ന് ന്യൂയോർക്ക് പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു
തകര്‍ക്കാന്‍ കഴിയാത്ത ഫോര്‍ഡോ?
ഇറാന്‍റെ രഹസ്യവും കനത്ത സംരക്ഷണവുമുള്ള ആണവ കേന്ദ്രങ്ങളിലൊന്നാണ് ഫോർഡോ. ഷിയ പുണ്യസ്ഥലമായ ക്വോമിന് 26 കിലോമീറ്റര്‍ മാത്രം അകലെ ടെഹ്‌റാനിൽ നിന്ന് 160 കിലോമീറ്ററിലും അകലെ ഫോർഡോ ഗ്രാമത്തിനടുത്തുള്ള ഫോര്‍ഡോ മലനിരകള്‍ക്ക് ഇടയില്‍ ഫോര്‍ഡു നദിയുടെ തീരത്താണ് ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ ശാല ഇറാന്‍ സ്ഥാപിച്ചിരിക്കുന്നത്. 60 മുതല്‍ 90 മീറ്റര്‍ വരെ താഴ്ചയില്‍. ഈ ആഴം തന്നെയാണ് ഫോർഡോയെ ഇത്രയധികം ശക്തമാക്കുന്നതും.
വ്യോമാക്രമണ പ്രതിരോധമടക്കം അതീവസുരക്ഷയാണ് ഫോര്‍ഡോയ്ക്ക് ഇറാന്‍ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ആയുധങ്ങള്‍ക്കോ, എന്തിനേറെ പറയുന്നു നൂതന ഇസ്രയേലി ആയുധങ്ങള്‍ക്കോ ഈ പ്രതിരോധം തകര്‍ക്കാനാകില്ല. റഷ്യയുടെ S-300 സിസ്റ്റം ഉൾപ്പെടെയുള്ള ഉപരിതല-എയര്‍ മിസൈലുകളാലാണ് ഫോര്‍ഡോ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. തുടർച്ചയായ ബോംബാക്രമണങ്ങളെ അതിജീവിക്കാന്‍ ശക്തിയുള്ള കോട്ടയാണിത്. താവളത്തിനുള്ളില്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ സാന്നിധ്യവുമുണ്ട്. ഇത് ഫോര്‍ഡോയുടെ സൈനിക പ്രാധാന്യവും വർദ്ധിപ്പിക്കുന്നു.
അമേരിക്ക ഇറങ്ങുമോ?
ഫോർഡോയെ തകര്‍ക്കണമെങ്കില്‍ 30,000 പൗണ്ട് ഭാരമുള്ള എംഒപി (മാസ്സീവ് ഓർഡനൻസ് പെനട്രേറ്റർ) പോലുള്ള കൂറ്റൻ ആയുധങ്ങളും അവ വർഷിക്കാൻ കഴിവുള്ള B-2 സ്റ്റെൽത്ത് ബോംബറുകളും വേണം. ഒരു ജിബിയു – 27എ/ബി ബങ്കര്‍ ബസ്റ്ററിന്റെ ഭാരം തന്നെ 12 ടണ്‍ വരും. രണ്ടും ഉള്ളത് അമേരിക്കയുടെ കൈവശം മാത്രമാണ്. സ്ഫോടനത്തിന് മുമ്പ് 200 അടി ഭൂമിയിലോ കോൺക്രീറ്റിലോ തുളച്ചുകയറാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആയുധങ്ങളാണിവ. അതിനാലാണ് അമേരിക്കയ്ക്ക് മാത്രമേ ഫോര്‍ഡോയെ തകര്‍ക്കാന്‍ കഴിവുള്ളൂ എന്ന് പറയുന്നത്. ഇത് ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെടലിനെ നിർണായക ഘടകമായി മാറ്റുകയും ചെയ്യുന്നു. ഇറാന്റെ ആണവ സ്വപ്നം അവസാനിപ്പിക്കുന്നതിന് ഫോർഡോയുടെ നാശം നിർണായകമാണെന്നാണ് ഇസ്രയേൽ കരുതുന്നത്.