Image: x.com/HeyTam
ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയുടെ ഡൂംസ്ഡേ വിമാനങ്ങളിലൊന്ന് വാഷിങ്ടണിലേക്ക് പറന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയോടെ വിമാനം വാഷിങ്ടണിലെ ജോയിന്‍റ് ബേസ് ആന്‍ഡ്രൂസില്‍ എത്തിച്ചേര്‍ന്നതായാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്ലൈറ്റ് ട്രാക്കര്‍മാരാണ് വിമാനം എത്തിയതായി കണ്ടെത്തിയത്. ആണവയുദ്ധങ്ങളില്‍ നിന്നും യുഎസ് പ്രസിഡന്റ്, പ്രതിരോധ സെക്രട്ടറി, മറ്റ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത അമേരിക്കയുടെ രക്ഷാവിമാനമാണിത്. ഡൂംസ്ഡേ എന്ന പേര് സൂചിപ്പിക്കും പോലെ തന്നെ ‘അന്ത്യ ദിനത്തിലെ’ രക്ഷാ വിമാനം! ഡൂംസ്ഡേ വിമാനത്തിന്‍റെ എത്തിച്ചേരല്‍ ഒരു വലിയ സംഘട്ടത്തിന് അമേരിക്ക തയ്യാറെടുക്കുകയാണോ എന്ന ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
എന്താണ് ഡൂംസ്ഡേ വിമാനങ്ങള്‍?
യുഎസ് വ്യോമസേനയുടെ പ്രത്യേകം രൂപകല്‍പന ചെയ്ത വിമാനമാണ് ഡൂംസ്ഡേ വിമാനങ്ങളെന്ന ബോയിങ് E-4B നൈറ്റ് വാച്ച് വിമാനങ്ങൾ. യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ യുഎസ് പ്രസിഡന്റ്, പ്രതിരോധ സെക്രട്ടറി, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻമാർ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്താനും അടിയന്തര സാഹചര്യങ്ങളിൽ ഇവരുടെ ആശയവിനിമയം കമാന്‍ഡ് എന്നിവ ഉറപ്പാക്കുന്നതിനുള്ള നാഷണൽ എയർബോൺ ഓപ്പറേഷൻസ് സെന്റർ (NAOC) ആയും ഇവയ്ക്ക് പ്രവര്‍ത്തിക്കാനാകും. ഇത്തരത്തില്‍ നാല് വിമാനങ്ങളാണ് യുഎസിനുള്ളത്. ഓരോ വിമാനങ്ങള്‍ക്കും 112 പേരടങ്ങുന്ന ക്രൂവിനെ ഉൾക്കൊള്ളാൻ കഴിയും, കൂടാതെ 7,000 മൈലിലധികം ദൂരപരിധിയുമുണ്ട്.
ആണവ സ്ഫോടനങ്ങൾ, സൈബർ ആക്രമണങ്ങൾ, വൈദ്യുതകാന്തിക തരംഗങ്ങള്‍ എന്നിവയെ ചെറുക്കാന്‍ താപ, ന്യൂക്ലിയർ ഷീൽഡിങുള്ള ഈ വിമാനങ്ങള്‍ക്കാകും. കൂടാതെ ശത്രുക്കള്‍ക്ക് നേരെ മിസൈലുകൾ പ്രയോഗിക്കാനും ഇവയ്ക്ക് സാധിക്കും. റേ ഡോമിൽ അടങ്ങിയിരിക്കുന്ന 67 ഉപഗ്രഹ ഡിഷുകളും ആന്റിനകളും ഉപയോഗിച്ച് ലോകത്തെവിടെയുമുള്ള ആരുമായും ആശയവിനിമയം നടത്താൻ കഴിയും. ലാൻഡ് ചെയ്യാതെ തന്നെ ഒരു ആഴ്ച മുഴുവൻ പറക്കാനും വായുവില്‍ തന്നെ തുടരാനും വായുവിൽ വെച്ച് ഇന്ധനം നിറയ്ക്കാനും ഈ വിമാനങ്ങള്‍ക്ക് സാധിക്കും. ചൊവ്വാഴ്ച വൈകുന്നേരം ലൂസിയാനയിലെ ബോസിയർ സിറ്റിയിൽ നിന്ന് പുറപ്പെട്ട വിമാനം ഏകദേശം 4 മണിക്കൂര്‍ പറന്നാണ് മേരിലാൻഡിൽ ലാൻഡ് ചെയ്തത്.
ഇറാന്‍– ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഇറാന്റെ ‘നിരുപാധിക കീഴടങ്ങൽ’ യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമേരിക്ക ഇ-4ബി നൈറ്റ് വാച്ച് വിന്യസിച്ചിരിക്കുന്നത്. വിഷയത്തില്‍ അമേരിക്ക ഇടപെടണോയെന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പിന്നീട് വ്യക്തമാക്കിയത്. നടപടിക്കുമുന്‍പ് നയതന്ത്രശ്രമം തുടരുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. നേരത്തെ ഇസ്രയേലിനൊപ്പം പങ്കാളിയായി ഇറാന്‍റെ ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കാനുള്ള പദ്ധതി യു.എസ്. തയാറാക്കിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.