കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ നിന്ന് അപ്രതീക്ഷിതമായി മടങ്ങിയ പാകിസ്താൻ സൈനികമേധാവി അസീം മുനീറുമായി സ്വകാര്യസംഭാഷണം നടത്തി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ബുധനാഴ്ച്ച ഉച്ചവിരുന്ന് ഒരുക്കി സ്വകാര്യസംഭാഷണം നടത്തിയ ട്രംപ് പാകിസ്താനെ വരുതിയിലാക്കിയതായി സൂചന.
ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്ക പാകിസ്താനെ തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചു നിർത്താനുള്ള ശ്രമത്തിലാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഭ്യമാകുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തതായാണ് സൂചന.
അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്ക്ക് പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാകിസ്താനിൽ നേരിട്ട് പ്രവേശനം ലഭിക്കുക. ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന്, അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അത്യാധുനിക മിസൈലുകളും വാഗ്ദാനം ചെയ്താണ് ട്രംപ് ഈ നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുമായും റഷ്യയുമായുമുള്ള ഇടപാടുകൾ പാകിസ്താൻ നിയന്ത്രിക്കുകയാണെങ്കിൽ മാത്രമേ ഈ വാഗ്ദാനം നിലനിൽക്കുകയുള്ളൂ എന്നും മുനീറിനോട് ട്രംപ് വെളിപ്പെടുത്തി.
പാകിസ്താന്റെ സൈനിക ഉപകരണങ്ങളിൽ ഏറിയ പങ്കും യുഎസ് നിർമ്മിതമാണ്. ഇപ്പോഴും എഫ്-16 യുദ്ധവിമാനങ്ങൾ, നാവിക കപ്പലുകൾ തുടങ്ങിയ അമേരിക്കൻ നിർമ്മിത സംവിധാനങ്ങൾ പാകിസ്താൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, അടുത്തിടെ പാകിസ്താൻ ചൈനയുമായി കൂടുതൽ അടുക്കുകയും അവിടെനിന്ന് യുദ്ധവിമാനങ്ങളും മിസൈലുകളും മറ്റ് സൈനിക സംവിധാനങ്ങളും സ്വന്തമാക്കുകയും ചെയ്തു. ഭാവിയിൽ ഇതു തടയണം എന്ന ലക്ഷ്യവും ട്രംപിനുണ്ടാകാമെന്ന് കരുതുന്നു.
ഇത് കൂടാതെ, പാകിസ്താന് വലിയ രീതിയിലുള്ള സാമ്പത്തിക സഹായവും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സുരക്ഷാ, വ്യാപര കരാറുകളും പരിഗണനയിലുണ്ടെന്ന് മുനീറിനോട് ട്രംപ് പറഞ്ഞു. പാകിസ്താനും യു.എസും തമ്മിൽ കാലങ്ങളായി നീണ്ടുനിൽക്കുന്ന സൗഹൃദത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്ന നീക്കമായിരിക്കും ഇത്. അസിം മുനീറിനെ കണ്ടുമുട്ടിയതിലൂടെ തനിക്ക് ആദരം ലഭിച്ചെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. മുനീറിനെ 'ബുദ്ധിമാനായ' വ്യക്തിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ശീതയുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും പാശ്ചാത്യ രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ പാകിസ്താൻ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ, ജോ ബൈഡൻ ഭരണകാലത്ത് യുഎസ്-പാകിസ്താൻ ബന്ധം ഏറെക്കുറെ ശിഥിലമായിരുന്നു. നാല് വർഷത്തിനിടയിൽ ബൈഡൻ ഒരു പാകിസ്താനി നേതാവുമായും കൂടിക്കാഴ്ച നടത്തുകയോ ചർച്ചയ്ക്ക് ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ്, ട്രംപ് രണ്ടാം തവണ അധികാരമേറ്റതോടെ പാകിസ്താനുമായുള്ള ബന്ധത്തിൽ പുതിയ മാറ്റങ്ങൾ ദൃശ്യമാകുന്നത്. പഹൽഗാം തീവ്രവാദി ആക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന്റെ വക്കോളമെത്തിയ സാഹചര്യം താനാണ് ആണവയുദ്ധത്തിലേക്ക് പോകാതെ തടഞ്ഞതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിന് താൻ മധ്യസ്ഥത വഹിച്ചുവെന്നും, കശ്മീർ വിഷയത്തിൽ ഇടപെടാൻ ശ്രമിച്ചതും ഈ തന്ത്രപരമായ ലക്ഷ്യങ്ങളുടെ ഭാഗമായാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.