ഇന്ത്യ–പാക് സംഘര്‍ഷം തന്‍റെ ഇടപെടല്‍മൂലമാണ് അവസാനിപ്പിച്ചതെന്ന യു.എസ്. പ്രസിഡന്റിന്‍റെ നിരന്തര അവകാശവാദം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ഘട്ടത്തിലും യു.എസ് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും മധ്യസ്ഥത ആവശ്യമില്ലെന്നും ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. മോദിയും ട്രംപും പറയുന്നതില്‍ അന്തരമുണ്ടെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ജി 7 ഉച്ചകോടി വെട്ടിച്ചുരുക്കി മടങ്ങിയതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില് വിളിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ട്രംപിനോട് പ്രധാനമന്ത്രി വിശദീകരിച്ചു. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. വെടിനിര്‍ത്തലിന് പാക്കിസ്ഥാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സേനാ സംവിധാനങ്ങള്‍ നരിട്ടാണ് ചര്‍ച്ച നടത്തിയത്. ഒരു ഘട്ടത്തില്‍ പോലും യു.എസ്. മധ്യസ്ഥതയോ ഇന്ത്യാ– യു.എസ്. വ്യാപാര കരാര്‍ ചര്‍ച്ചകളോ നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി ട്രംപിനോട് പറഞ്ഞു. കാനഡയില്‍ നിന്ന് മടങ്ങുമ്പോള്‍ യു.എസ് സന്ദര്‍ശിക്കാന്‍ സാധിക്കുമോ എന്ന് ട്രംപ് മോദിയോട് ചോദിച്ചു. മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ എത്താനാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചെന്നും സംഭാഷണത്തെ കുറിച്ച് വിശദീകരിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
പാക് കരസേന മേധാവി അസിം മുനീര്‍ ഇന്ന് പ്രസിഡന്‍റ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് നിര്‍ണായക ഫോണ്‍ സംഭാഷണം. മോദിയുടെ ട്രംപും പറയുന്നതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്യ വ്യക്തത വരുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു. പാക് കരസേന മേധാവി യു.എസ് പ്രസിഡന്‍റിനെ കാണുന്നത് ഇന്ത്യയുടെ നയതന്ത്ര പരാജയമാണെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി