ഇറാനിലെ ഫോര്‍ഡോ ആണവകേന്ദ്രം
നശിപ്പിക്കുക, കൊല്ലുക എന്നാണ് ഫോര്‍ഡോ (fordo) എന്ന വാക്കിന് ഇംഗ്ലീഷില്‍ അര്‍ഥം. തുടര്‍ച്ചയായ ജോലികൊണ്ടുള്ള വല്ലാത്ത ക്ഷീണം എന്നും അര്‍ഥമുണ്ട്. ഇസ്രയേല്‍ നശിപ്പിക്കാന്‍ ഏറെ പണിപ്പെടുന്ന ഇടമാണ് ഇറാനിലെ ഫോര്‍ഡോ. ഇറാന്റെ നിര്‍ണായക ആണവകേന്ദ്രം. പക്ഷേ, ഇവിടം നശിപ്പിക്കാനുള്ള ആയുധം ഇസ്രയേലിന്റെ കൈവശമില്ല. ശ്രമിച്ച് ഒടുവില്‍ ക്ഷീണിക്കുമോ എന്നും അറിയില്ല. ആയുധം കൈവശമുള്ള അമേരിക്ക അതിന് ധൈര്യപ്പെടുമോ എന്നും ഉറപ്പില്ല.
ഇറാനിലെ ഫോര്‍ഡോ ആണവകേന്ദ്രത്തില്‍ പുറത്തുകാണാവുന്ന ഭാഗം
ഷിയ പുണ്യസ്ഥലമായ ക്വോമിന് 26 കിലോമീറ്റര്‍ മാത്രം അകലെ 303 വീടുകള്‍ മാത്രമുള്ള ഗ്രാമമാണ് ഫോര്‍ഡോ. 1980 മുതല്‍ 1988 വരെയുള്ള ഇറാന്‍ – ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരില്‍ ഏറെയും ജനിച്ച ഇടം. ഹസന്‍ അക്വ, ഫോര്‍ഡോ മലനിരകള്‍ക്ക് ഇടയില്‍ ഫോര്‍ഡു നദിയുടെ തീരത്ത് ഏറ്റവും തന്ത്രപ്രധാനമായ യുറേനിയം സമ്പുഷ്ടീകരണ ശാല ഇറാന്‍ സ്ഥാപിച്ചത് 60 മുതല്‍ 90 മീറ്റര്‍ വരെ താഴ്ചയില്‍. ഇസ്രയേല്‍ ആക്രമണത്തില്‍ സാരമായ കേടുപാടുകളുണ്ടായ നതാൻസ് പോലെ പ്രാധാന്യമുള്ള കേന്ദ്രമാണ് ഫോർഡോ. ഇവിടെ യുറേനിയം 81 ശതമാനം വരെ സമ്പുഷ്ടീകരിക്കാൻ കഴിയും. ആയുധനിര്‍മാണത്തിന് ആവശ്യമായ 90 ശതമാനത്തിന് വളരെ അടുത്ത്.
ഇസ്രയേല്‍ ആക്രമണമുണ്ടായ ഇറാനിലെ നതാന്‍സ് ആണവകേന്ദ്രം
വ്യോമാക്രമണ പ്രതിരോധമടക്കം അതീവസുരക്ഷ. നതാൻസ് പോലുള്ള ദുർബലമായ കേന്ദ്രങ്ങളെ തകർക്കാൻ കഴിയുന്ന പരമ്പരാഗത വ്യോമാക്രമണങ്ങളെപ്പോലും പ്രതിരോധിക്കും. താവളത്തിനുള്ളിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ സാന്നിധ്യം ഫോര്‍ഡോയുടെ സൈനിക പ്രാധാന്യം വർദ്ധിപ്പിക്കുന്നു. കൂടുതൽ കാര്യക്ഷമമായ യുറേനിയം സമ്പുഷ്ടീകരണത്തിന് സഹായിക്കുന്ന നൂതന സെൻട്രിഫ്യൂജുകൾ ഫോർഡോയിലുണ്ട്. ഇങ്ങനെയൊരു ഇടം ഇറാന്‍ ഒരുക്കിയിട്ടുണ്ടെന്ന് അമേരിക്ക അറിഞ്ഞതു തന്നെ 2009ലാണ്. ഇറാന് പാഠമായത് ഇസ്രയേല്‍ 1981കാലത്ത് ഇറാഖില്‍ നടത്തിയ ആക്രമണവും. ബാഗ്ദാദിലെ ആണവകേന്ദ്രം അന്ന് ഇസ്രയേല്‍ ബോംബിട്ടു തകര്‍ത്തു. ഇസ്രയേലിന് അത്രപെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്തത്ര ദുര്‍ഘടമായ ഇടത്ത്, ആഴത്തില്‍ ഫോര്‍ഡോ പണിത് ഇറാന്‍ മുന്‍കരുതലെടുത്തു.
ഇറാനിലെ ഫോര്‍ഡോ ആണവനിലയത്തിന്‍റെ അനുബന്ധ കെട്ടിടങ്ങള്‍
നതാന്‍സ് പോലെ ഫോര്‍ഡോയും ഇസ്രയേല്‍ ആക്രമിച്ചിട്ടുണ്ട്. അത്രയ്ക്കങ്ങ് ഏറ്റില്ലെന്നു മാത്രം. ഫോർഡോയ്ക്ക് സേവനം നല്‍കുന്ന സമീപത്തെ കെട്ടിടങ്ങളും വൈദ്യുത സംവിധാനങ്ങളും ലക്ഷ്യമിട്ടതായാണ് അറിവ്. ആക്രമണം ലക്ഷ്യം കണ്ടാല്‍ തന്നെ ഫോര്‍ഡോയുടെ പ്രവര്‍ത്തനത്തെ താല്‍ക്കാലികമായി മാത്രമേ ബാധിക്കൂ.
ഏറിയാന്‍ അറിയുന്നവന് കൊഴി കൊടുക്കില്ലെന്ന മലയാളത്തിലെ ചൊല്ല് പോലെയാണ് ഇസ്രയേലിന്റെ അവസ്ഥ. 60 മുതല്‍ 90 മീറ്റര്‍ വരെയുള്ള ഈ ആണവകേന്ദ്രത്തെ തകര്‍ക്കാന്‍ ഇസ്രയേലിന്റെ കൈവശമുള്ള ബോംബുകൾക്കോ ഭാരം കുറഞ്ഞ ബങ്കർ ബസ്റ്റർ ബോംബുകൾക്കോ കഴിയില്ല. ഫോർഡോയെ പിളര്‍ക്കണമെങ്കില്‍ 30,000 പൗണ്ട് ഭാരമുള്ള MOP (മാസ്സീവ് ഓർഡനൻസ് പെനട്രേറ്റർ) പോലുള്ള കൂറ്റൻ ആയുധങ്ങളും അവ വർഷിക്കാൻ കഴിവുള്ള B-2 സ്റ്റെൽത്ത് ബോംബറുകളും വേണം. ഒരു ജിബിയു – 27എ/ബി ബങ്കര്‍ ബസ്റ്ററിന്റെ ഭാരം തന്നെ 12 ടണ്‍ വരും. രണ്ടും ഉള്ളത് അമേരിക്കയുടെ കൈവശം. ഇതുമായി ഇറാനിലേക്ക് പോകാന്‍ അവര്‍ അടുത്ത കാലത്തൊന്നും മുതിരില്ല. ഇസ്രയേലിന്റെ പങ്കാളിയായി ഒരു പരമാധികാര രാഷ്ട്രത്തെ ആക്രമിച്ചാല്‍ രാജ്യാന്തരതലത്തിലുണ്ടാകാവുന്ന പ്രത്യാഘാതം, ചെര്‍ണോബിലിന് സമാനമായ ആണവദുരന്തത്തിനുള്ള സാധ്യത എന്നിങ്ങനെ കാരണങ്ങള്‍ പലതാണ്.
ഇറാന്‍റെ ഇസ്ഫഹാന്‍ ആണവകേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചപ്പോള്‍
പക്ഷേ, ഇസ്രയേല്‍ ഇതേപോലെ പലയിടത്തും പരീക്ഷിച്ചു വിജയിച്ച മാര്‍ഗങ്ങളുണ്ട്. ‘ഫോര്‍ഡോ’യെ തകര്‍ക്കാനുള്ള മാര്‍ഗങ്ങള്‍ അവര്‍ മുന്‍പ് അമേരിക്കയുമായി പങ്കുവച്ചിട്ടുമുണ്ട്. ഹെലികോപ്റ്ററുകളില്‍ ഇറക്കുന്ന കമാന്‍ഡോകള്‍ ആക്രമിച്ചു കയറി സ്ഫോടന വസ്തുക്കള്‍ സ്ഥാപിച്ച് ഫോര്‍ഡോ തകര്‍ക്കുന്ന രീതി. സിറിയയില്‍ ഹിസ്ബുല്ലയുടെ ആയുധകേന്ദ്രം തകര്‍ത്തത് ഇങ്ങനെയാണ്. അല്ലെങ്കില്‍ ചാരശൃഖലയായ ‘മൊസാദി’ന്റെ അട്ടിമറി വിദഗ്ധരെ ഇറക്കാം. സൈബര്‍ ആക്രമണത്തിലൂടെ പ്ലാന്റ് പ്രവര്‍ത്തനരഹിതമാക്കാം. നതാന്‍സിലേതുപോലെ ശാസ്ത്രജ്ഞരെയും വിതരണ ശൃംഖലയെയും ലക്ഷ്യമിടാം – എന്നിങ്ങനെ. ഇതില്‍ ഏതോ ഒന്ന് ഇസ്രയേല്‍ പ്രയോഗിച്ചു എന്നതിന് ആണവോർജ ഏജൻസി വക്താവ് ബെഹ്‌റൂസ് കമൽവാന്ദി പറഞ്ഞതു തന്നെ തെളിവ്. ഫോര്‍ഡോയില്‍ കുറച്ച് നാശനഷ്ടം ഉണ്ടായെന്ന് ബെഹ്റൂസ് തന്നെ പറയുന്നു. പക്ഷേ, ഉപകരണങ്ങളില്‍ നല്ലൊരു പങ്ക് നേരത്തെ തന്നെ അവിടെ നിന്ന് മാറ്റിയിരുന്നു. അതിനാൽ വലിയ നാശനഷ്ടങ്ങളോ അണുപ്രസരണ ഭീഷണിയോ ഇല്ലെന്നും ബെഹ്റൂസ് പറഞ്ഞു.
ഇസ്ഫഹാന്‍ ആണവകേന്ദ്രത്തിനുള്ളിലെ ദൃശ്യം
ഇറാന്റെ ആണവസമ്പുഷ്ടീകരണ പദ്ധതികൾ തടയുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്. ലക്ഷ്യം കൈവരിക്കുംവരെ നടപടി തുടരുമെന്നും പറയുന്നു. ഇപ്പോഴത്തെ പോരാട്ടം എത്രകാലം തുടരുമെന്നും എവിടെ വരെ പോകുമെന്നും ഒരുപക്ഷേ ‘ഫോര്‍ഡോ’ ആവും തീരുമാനിക്കുക.