2 രാജ്യങ്ങളിലുണ്ടായ വ്യത്യസ്തങ്ങളായ 2 വിമാനാപകടങ്ങൾ, നിരവധി പേർ മരണത്തിന് കീഴടങ്ങിയിട്ടും ആ ദുരന്തങ്ങളെ അതിജീവിച്ച 2 മനുഷ്യർ. അവരിരുന്നത് ഒരേ നമ്പർ സീറ്റിലായിരുന്നുവെന്ന കാര്യമാണ് ഇതിൽ ഏറ്റവും കൗതുകകരം. ആ രണ്ട് വിമാനാപകടങ്ങളും തമ്മിൽ 27 വർഷത്തെ ഇടവേളയുണ്ട്.
270 പേരുടെ ജീവനെടുത്ത, അഹമ്മദാബാദിലെ വിമാനദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് വിശ്വാസ് കുമാർ രമേഷ്. വലതു ഭാഗത്ത് വിമാന ചിറകിന് മുന്നിൽ ജനലിനോട് ചേർന്നുള്ള 11എ സീറ്റിലാണ് വിശ്വാസ് ഇരുന്നത്. അദ്ദേഹം വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട വാർത്ത പുറത്തുവന്നതോടെയാണ്, ഗായകനും തായ് നടനുമായ ജെയിംസ് റുവാങ്‌സാക് ലോയ്‌ചുസാക് സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റിട്ടത്.
ആ പോസ്റ്റ് 1998ലെ തായ്‌ലൻഡിലെ സൂററ്റ്തായിനിൽ നടന്ന വിമാനദുരന്തത്തെപ്പറ്റിയായിരുന്നു, ആ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണ് ജെയിംസ് റുവാങ്‌സാക്. അദ്ഭുതകരമെന്ന് പറയട്ടെ, 27 വർഷം മുമ്പ് റുവാംഗ്സാകും ഇരുന്നത് 11എ സീറ്റിൽ തന്നെയായിരുന്നു. ദക്ഷിണ തായ്ലാൻഡിൽ 1998 ഡിസംബർ 11നായിരുന്നു ആ വിമാനാപകടമുണ്ടായത്.
അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ കത്തി ചാരമായിത്തീർന്ന വിമാനത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റയാളാണ് വിശ്വാസ് കുമാർ രമേഷ്. എല്ലാവരും മരിച്ചുവെന്ന വാർത്ത പുറത്തു വരുമ്പോഴായിരുന്നു ആശ്വാസ വാർത്തയായി വിശ്വാസ് കുമാർ രമേഷിന്റെ അദ്ഭുത രക്ഷപ്പെടൽ പുറത്തുവരുന്നത്.
1998 ഡിസംബർ 11ന് നടന്ന വിമാനാപകടവും നിരവധി പേരുടെ ജീവനാണ് അപഹരിച്ചത്. തായ് എയർവേയ്സ് ഫ്ലൈറ്റ് ടി.ജി 261 ലാൻഡിംഗിന് ശ്രമിക്കവേ ഒരു ചതുപ്പിലേക്ക് പതിക്കുകയായിരുന്നു. 146 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അതിൽ 101 പേരാണ് മരണത്തിന് കീഴടങ്ങിയത്. അന്ന് 20 വയസായിരുന്ന റുവാംഗ്സാകിന് 11എ സീറ്റിലാണ് ഇരുന്നത്. വിശ്വാസിന്റെ രക്ഷപ്പെടൽ വാർത്ത കേട്ടപ്പോൾ തനിക്ക് ഒരുതരം മരവിപ്പ് അനുഭവപ്പെട്ടെന്നാണ് റുവാംഗ്സാകിന്റെ പ്രതികരണം. അദ്ദേഹം എഫ്ബി കുറിപ്പിലാണ് ഈ കഥ വിവരിക്കുന്നത്.