മൂന്നാംദിനം ആക്രമണം കടുപ്പിച്ച് ഇസ്രയേലും ഇറാനും. ഇറാനിലെ ഗ്യാസ് ഫീല്‍ഡും എണ്ണപ്പാടവും ഇസ്രയേല്‍ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതകകേന്ദ്രമായ സൗത്ത് പാര്‍സില്‍ ആക്രമണത്തെത്തുടര്‍ന്ന് ഉല്‍പാദനം നിര്‍ത്തിവച്ചു. ഇറാന്റെ പ്രതിരോധമന്ത്രാലയവും സൈനിക ഗവേഷണകേന്ദ്രവും ടെഹ്‌റാനിലെ ആണവകേന്ദ്രങ്ങളും ഇസ്രയേല്‍ ആക്രമിച്ചു. കൊല്ലപ്പെട്ട സൈനികമേധാവി മുഹമ്മദ് ബാഗേരിയുടെ ഭാര്യയും മകളും കഴിഞ്ഞരാത്രിയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 

Also Read: ഇസ്രയേലിന്‍റെ ‘റൈസിങ് ലയൺ’; തകര്‍ന്നടിഞ്ഞ് ഇറാന്‍റെ ആണവകേന്ദ്രം

ഇസ്രയേലില്‍ ടെല്‍ അവീവിലും ജറുസലേമിലുമടക്കം വിവിധയിടങ്ങളില്‍ ഇറാന്‍ ശക്തമായ പ്രത്യാക്രമണം നടത്തി. ബാറ്റ് യാമില്‍ ജനവാസകേന്ദ്രത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. 35 പേരെ കാണാതായെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതിനിടെ, ഇറാന്‍ നേരിട്ടോ അല്ലാതെയോ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപിന്‍റെ ഭീഷണി. ഇസ്രയേല്‍ നിലവില്‍ നടത്തുന്ന ആക്രമണങ്ങളില്‍ യുഎസിന് പങ്കില്ലെന്നും ട്രംപ് വ്യക്തമാക്കി. 

ENGLISH SUMMARY:

Over 80 Killed In Iran, Israel As Missiles Pound Middle East