തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് നിയമപ്രകാരമുള്ള റജിസ്ട്രേഷൻ ഇല്ലെന്ന് സമ്മതിച്ച് ആശുപത്രി സൂപ്രണ്ട്.  റജിസ്ട്രേഷന് നടപടി സ്വീകരിക്കുന്നതായി വാർത്താ കുറിപ്പിൽ  ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. നർകോട്ടിക് ലൈസൻസില്ല. ഫയർ എന്‍ഒസിയും ഇല്ലെന്ന് സ്ഥിരീകരിച്ച സൂപ്രണ്ട് ഫയർ സേഫ്റ്റി ലൈൻസ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതായും വിശദീകരിക്കുന്നു. 

 

ഫാർമസിക് ലൈസൻസ് വേണ്ടെന്നാണ്  വിശദീകരണം. ആശുപത്രിക്ക് അനാരോഗ്യമെന്ന് മനോരമ ന്യൂസ് തുറന്നു കാട്ടിയിരുന്നു. ഇതിനുള്ള വിശദീകരണത്തിലാണ് ഡോ വി.കൃഷ്ണ വേണി പിഴവുകൾ സമ്മതിക്കുന്നത്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമുള്ള റജിസ്ട്രേഷന് ജനറൽ ആശുപത്രി അപേക്ഷിച്ചെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ തള്ളുകയായിരുന്നു.

 

നമ്പർ വൺ ആരോഗ്യ കേരളത്തിലെ നമ്പർ വൺ ജനറൽ ആശുപത്രി ഗുണ നിലവാര പരിശോധനയിൽ പൂർണ പരാജയമെന്നാണ് പരിശോധനയിൽ തെളിഞ്ഞത്.  ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെൻ്റ് ആക്ട് പ്രകാരമുള്ള റജിസ്ട്രേഷനുള്ള അപേക്ഷ തള്ളിയത് രണ്ടു തവണയാണ്. മാനദണ്ഡങ്ങൾ  പാലിക്കാതിരുന്നതിനെ തുടർന്ന് ആദ്യം അപേക്ഷ അനുവദിച്ചില്ല. വിദഗ്ധ സംഘം നവംബറിൽ പരിശോധന നടത്തുകയും വീണ്ടും അപേക്ഷ തള്ളുകയുമായിരുന്നു. ഈ പരിശോധന റിപ്പോർട്ടിലാണ് വീഴ്ചകൾ അക്കമിട്ട് ചൂണ്ടിക്കാട്ടിയത്. 

 

OP / IP ഫാർമസികൾക്ക് മാനദണ്ഡ പ്രകാരമുള്ള  ഡ്രഗ് ലൈസൻസില്ലെന്ന് കണ്ടെത്തി. നിശ്ചിത താപനിലയിൽ വാക്സീൻ  ഉൾപ്പെടെ സൂക്ഷിക്കുന്ന ഫാർമസികൾക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ലെന്നതും  ഗുരുതര വീഴ്ചയായി രേഖപ്പെടുത്തി.  ഒരു റേഡിയോഗ്രഫി യൂണിറ്റിന്റെ ലൈസൻസ്  കഴിഞ്ഞ നവംബർ 28 നും  രണ്ടാമത്തെ യൂണിറ്റിന്റെ ലൈസൻസ് കാലാവധി ഡിസംബർ 1 നും അവസാനിച്ചെന്നാണ് രേഖകൾ.  ജീവനക്കാർക്കോ രോഗികൾക്കോ റേഡിയേഷൻ കാരണമുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാതെ അതീവ സുരക്ഷിതമായി പ്രവർത്തിക്കേണ്ടതാണ് എക്സ്റേ ഉൾപ്പെടെ എടുക്കുന്ന റേഡിയോഗ്രഫി യൂണിറ്റുകൾ. 

 

ദുരുപയോഗത്തിന് സാധ്യതയുള്ള നർകോട്ടിക് മരുന്നുകൾ സൂക്ഷിക്കാനും  ലൈസൻസില്ല.  ഉപകരണങ്ങൾ അണുബാധ മുക്തമാക്കാനുള്ള  സംവിധാനം കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിലുണ്ട്. ഫയർ സേഫ്റ്റി ഡിപ്പാർട്മെന്റ് നല്‍കേണ്ട ഫയർ എന്‍ഒസിയും പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ലെന്നും കണ്ടെത്തി. മരുന്നുകൾ സൂക്ഷിക്കുന്നത് മാനദണ്ഡപ്രകാരമല്ലെന്നും തെളിഞ്ഞു. ഇനി വീണ്ടും അപേക്ഷ നൽകി മാന ദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞാൽ മാത്രമേ ആവശ്യമായ ലൈസൻസുകൾ ലഭിക്കു.

 

ENGLISH SUMMARY:

The superintendent of Thiruvananthapuram General Hospital has admitted that the hospital does not have registration under the Clinical Establishments Act. In a press release, the superintendent explained that steps are being taken to obtain the registration. The hospital does not have a narcotics license or a fire NOC. The superintendent confirmed this and stated that action is being taken to ensure fire safety arrangements.