കൊച്ചിയില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ അറസ്റ്റില്‍. അഭിലാഷം സിനിമയുടെ സംവിധായകന്‍ ഷംസു സൈബ എന്നറിയപ്പെടുന്ന ഷംസുദീന്‍ ആണ് അറസ്റ്റിലായത്. സിനിമയുടെ നിർമാതാവായ ആൻ സരിഗ ആന്റണി നൽകിയ പരാതിയിലാണ് നടപടി. കരാറിൽ പറഞ്ഞിരുന്നതിലും കൂടുതൽ തുക സിനിമയുടെ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നാണ് പരാതി. സിനിമ ചിത്രീകരണത്തിനിടയിൽ വിശ്വാസവഞ്ചന കാണിച്ചെന്നും പരാതിയിൽ പറയുന്നു.

 

രണ്ട് കോടി 25 ലക്ഷം രൂപയ്ക്ക് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാമെന്ന് സംവിധായകൻ നിർമാതാവിന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ചിത്രീകരണം പൂർത്തിയായപ്പോൾ ചെലവ് മൂന്ന് കോടി 25 ലക്ഷം രൂപയായി വർധിച്ചെന്നും, സാമ്പത്തിക കാര്യങ്ങളിൽ തന്നെ വഞ്ചിക്കുകയും വിശ്വാസ്യത തകർക്കുകയും ചെയ്‌തെന്നുമാണ് ആൻ സരിഗയുടെ പരാതിയില്‍ പറയുന്നത്. ഷംസുദ്ദീനെ കൂടാതെ 'അഭിലാഷം' സിനിമയുമായി ബന്ധപ്പെട്ട അഞ്ചുപേർക്കെതിരെയും പരാതിയിൽ പേരുണ്ട്. 

 

എന്നാൽ, നിലവിൽ സംവിധായകനെതിരെ മാത്രമാണ് പോലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതിനിടെ, നിർമാതാവ് തന്നോട് വ്യക്തിപരമായ പകപോക്കുകയാണെന്ന് സംവിധായകൻ പ്രതികരിച്ചു. ചിത്രീകരണത്തിന് ആവശ്യമായ പണം മാത്രമേ വാങ്ങിയുള്ളൂവെന്ന് ഷംസു സൈബ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ് സമയത്ത് നിർമാതാവുമായി തർക്കങ്ങളുണ്ടായിരുന്നുവെന്നും, അതിന്റെ തുടർച്ചയാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ, നിർമാതാവും സാങ്കേതിക പ്രവർത്തകരും തമ്മിൽ പ്രതിഫലത്തെച്ചൊല്ലി തർക്കങ്ങളുണ്ടായെന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. പ്രതിഫലം ലഭിക്കാത്തതിനെത്തുടർന്ന് സിനിമാട്ടോഗ്രഫർ ഫെഫ്കയ്ക്ക് പരാതി നൽകിയിരുന്നു. നിർമാതാവ് റിലീസിനുശേഷം പ്രതിഫലം നൽകാമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്ന് അസോസിയേഷൻ ഈ വിഷയം പരിഹരിക്കുകയായിരുന്നു. 

 

ENGLISH SUMMARY:

The director of the film Abhilasham, Shamsudeen — also known as Shamsu Saiba — has been arrested in Kochi in connection with a financial fraud case. The action was taken based on a complaint filed by the film’s producer, Ann Sariga Antony. The complaint alleges that the director took more money than what was agreed upon for the film’s production. It also states that Shamsudeen engaged in acts of betrayal and dishonesty during the filmmaking process.