അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോട് മാപ്പിരന്ന് സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്. ട്രംപിനെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത് കുറച്ച് കൂടിപ്പോയെന്നും അങ്ങനയൊക്കെ പറഞ്ഞതില്‍ താന്‍ ഖേദിക്കുന്നുവെന്നുമാണ് മസ്കിന്‍റെ വീണ്ടും വിചാരം. സമൂഹമാധ്യമമായ എക്സിലാണ് മസ്ക് 'ഖേദ പ്രകടനം' നടത്തിയത്. ട്രംപുമായി ഉടക്കിപ്പിരിഞ്ഞ് വൈറ്റ്ഹൗസിലെ പണിയും നിര്‍ത്തിയതിന് പിന്നാലെയായിരുന്നു രൂക്ഷവിമര്‍ശനം സമൂഹമാധ്യമത്തിലൂടെ മസ്ക് ഉന്നയിച്ചത്. 

ട്രംപിന്‍റെ പുതിയ നികുതി നയമാണ് മസ്കിനെ ചൊടിപ്പിച്ചത്. അറപ്പും വെറുപ്പുമുണ്ടാക്കുന്നതാണ് ടാക്സ് ബില്ലെന്നും ഇത് പാസാക്കിയവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്നുമെല്ലാമായിരുന്നു മസ്കിന്‍റെ പ്രസ്താവന. പുതിയ ടാക്സ് ബില്‍ വരുന്നത് ടെസ്​ലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന മസ്കിന്‍റെ തിരിച്ചറിവാണ് ട്രംപിനെതിരെ തിരിയാന്‍കാരണമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

മസ്ക് പറഞ്ഞതിന് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തിരിച്ചടിക്കുകയും ചെയ്തു. മസ്കിനോട് സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മസ്കിന്‍റെ മാനസിക നില ശരിയല്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ 'മസ്കിന് എന്നോട് സംസാരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്, എനിക്ക് അത്തരമൊരു ഉദ്ദേശമില്ല. ഞാനായിരുന്നു മസ്കിന്‍റെ സ്ഥാനത്തെങ്കില്‍ തീര്‍ച്ചയായും സംസാരിച്ചേനെ. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമായിരുന്നു. അദ്ദേഹം നന്നായിരിക്കട്ടെ' എന്നും ട്രംപ് പ്രതികരിച്ചു. ഈ സന്ദേശത്തിന് ഹൃദയചിഹ്നം നല്‍കിയായിരുന്നു മസ്കിന്‍റെ മറുപടി. അധികം വൈകാതെയാണ് മസ്കിന്‍റെ ഖേദപ്രകടനവും. 

ഡോണള്‍ഡ് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 300 മില്യണ്‍ ഡോളറോളമാണ് മസ്ക് ചെലവഴിച്ചത്. ട്രംപുമായി ഇടഞ്ഞതിന് പിന്നാലെ രാഷ്ട്രീയ സംഭാവനകള്‍ ഇനി നല്‍കില്ലെന്നും താനില്ലായിരുന്നുവെങ്കില്‍ ട്രംപ് തോറ്റ് തുന്നംപാടിയേനെയെന്നും മസ്ക് തുറന്നടിച്ചിരുന്നു

ENGLISH SUMMARY:

SpaceX CEO Elon Musk expressed regret on X (formerly Twitter) for his past critical remarks about President Donald Trump, stating his comments "went a bit too far" after a previous fallout and departure from White House roles