ന്യൂജഴ്സിയിലെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി നേരിട്ടത് ക്രൂരപീഡനം. നാടുകടത്തുന്നതിനായി കൊണ്ടുവന്ന വിദ്യാര്‍ഥിയെ നാലുമണിക്കൂറോളം മനുഷ്യത്വരഹിതമായി യുഎസ് പൊലീസ് പീഡിപ്പിച്ചുവെന്നാണ് ഇന്ത്യന്‍–അമേരിക്കന്‍ സംരംഭകനും എഴുത്തുകാരനുമായ കുനാല്‍ ജെയിന്‍ പറയുന്നത്. വിദ്യാര്‍ഥിയോട് മോശമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങളും കുനാല്‍ പുറത്തുവിട്ടു. വിദേശകാര്യമന്ത്രാലയത്തെ ടാഗ് ചെയ്താണ് കുനാല്‍ സമൂഹമാധ്യമമായ എക്സില്‍ കുറിപ്പിട്ടത്. താന്‍ സഞ്ചരിക്കേണ്ട അതേ ഫ്ലൈറ്റില്‍ തന്നെ നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു യുവാവെന്നും എന്നാല്‍ യാത്ര നിേഷധിക്കപ്പെട്ടുവെന്നും അദ്ദേഹം കുറിച്ചു.
'കഴിഞ്ഞ രാത്രിയില്‍ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് ഇന്ത്യക്കാരനായ യുവാവിനെ കണ്ടു. നാടുകടത്തല്‍ നേരിടുന്ന യുവാവിനെ കൈ വിലങ്ങ് വച്ച്, കുറ്റവാളിയെ പോലെയാണ് അധികൃതര്‍ കൊണ്ടുവന്നത്. തീര്‍ത്തും മനുഷ്യത്വരഹിതമായ പെരുമാറ്റത്തില്‍ അവന്‍ കരയുന്നുണ്ടായിരുന്നു. അവന്‍ അവന്‍റെ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് യുഎസില്‍ എത്തിയതാണ്. അല്ലാതെ ആരെയും ഉപദ്രവിക്കാനല്ല. നിസഹായനായി ഹൃദയവേദനയോടെ നോക്കി നില്‍ക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. ഇതൊരു ദുരന്തമാണ്- ജെയിന്‍ കുറിച്ചു. കുനാല്‍ ജെയിന്‍റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ യുഎസിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും എംബസി വ്യക്തമാക്കി.
നാലുമണിക്കൂറാണ് കൈയ്യും കാലും ബന്ധിച്ച് നിലത്തിട്ടത്. കൈകള്‍ ശരീരത്തിന് പിന്നിലായാണ് വിലങ്ങിട്ടിരുന്നത്. സംഭവം നടക്കുമ്പോള്‍ 50ഓളം പേര്‍ അവിടെയുണ്ടായിരുന്നു. പക്ഷേ ആര്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഹരിയാന്‍വിയാണ് യുവാവ് സംസാരിച്ചിരുന്നത്. ഇത് മനസിലാക്കാന്‍ കഴിയാതിരുന്നതോടെ താന്‍ സഹായിക്കാമെന്ന് പറഞ്ഞുവെങ്കിലും അധികൃതര്‍ അനുവദിച്ചില്ലെന്നും കുനാല്‍ ജെയിന്‍ എന്‍ഡിടിവിയോട് വെളിപ്പെടുത്തി.
അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി തിരിച്ചയയ്ക്കുന്നവരോട് യുഎസ് മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്ന് നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ മാത്രം നൂറിലേറെ ഇന്ത്യക്കാരെയാണ് യുഎസ് തിരിച്ചയച്ചത്. ഇവരെ കൈയ്യും കാലും വിലങ്ങിട്ടാണ് വിമാനത്തിലെത്തിച്ചത്. കുറ്റവാളികള്‍ക്ക് സമാനമായി ഇന്ത്യക്കാരെ എത്തിച്ചതില്‍ വന്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.