AI Image
കാലൊടിഞ്ഞ് ആശുപത്രിയിലായതിനാല്‍ മെഡിക്കല്‍ ലീവ് അനുവദിക്കണമെന്ന ആവശ്യപ്പെട്ടതിന് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിന്‍റെ രാജി. ബെന്‍ അസ്കിന്‍സെന്ന യുവാവാണ് മറ്റൊരാവുടെ അനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ദുസ്സഹമായ ഓഫിസ് സാഹചര്യങ്ങളെ കുറിച്ച് ബെന്‍ പലപ്പോഴും വിഡിയോ ചെയ്യാറുണ്ട്. കമ്പനി മേധാവിയുമായുള്ള വാട്സാപ് ചാറ്റിന്‍റെ വിവരങ്ങളും ബെന്‍ പുറത്തുവിട്ടിട്ടുണ്ട്.
മെഡിക്കല്‍ ലീവ് യുവാവ് ആവശ്യപ്പെട്ടതോടെയാണ് മേധാവി കാരണം ചോദിച്ചത്. പിന്നാലെ ബൈക്ക് അപകടത്തില്‍ കാലൊടിഞ്ഞ് താന്‍ ആശുപത്രിയിലാണെന്ന് യുവാവ് വിശദീകരിച്ചു. വേഗം സുഖമാവട്ടെയെന്നോ, വിശ്രമിച്ച് സുഖം പ്രാപിക്കൂവെന്നോ മറുപടി പറയുന്നതിന് പകരം, 'വെള്ളിയാഴ്ച ജോലിക്ക് കയറണം' എന്നായിരുന്നു മേധാവിയുടെ മറുപടി. അത് സാധ്യമല്ലെന്നും കിടപ്പായതിനാല്‍ കുറച്ച് ദിവസത്തെ കൂടി വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് യുവാവ് അറിയിച്ചു. മാത്രവുമല്ല, ഡോക്ടര്‍ അനുവദിച്ചാല്‍ എത്രയും പെട്ടെന്ന് തിരികെ ജോലിയില്‍ പ്രവേശിക്കാമെന്നും വ്യക്തമാക്കി. ഇതോടെ 'അതൊന്നുമോര്‍ത്ത് ടെന്‍ഷനടിക്കേണ്ട, ഒരു കസേര കൂടി ഓഫിസില്‍ നല്‍കാം, കാല്‍ അതില്‍ വച്ച് ജോലി ചെയ്യാം' എന്നായിരുന്നു ബോസിന്‍റെ മറുപടി. മാത്രവുമല്ല, ജോയിന്‍ ചെയ്തതിന് പിന്നാലെ ഇങ്ങനെ ലീവ് എടുക്കുന്നത് ശരിയല്ലെന്ന് ശാസനയും. ഇതോടെ 'കമ്പനി താന്‍ കാരണം ബുദ്ധിമുട്ടേണ്ടതില്ലെന്നും രാജി വയ്ക്കുകയാണെന്നും യുവാവ് അറിയിക്കുകയായിരുന്നു.
സമാനമായ അനുഭവം ബെന്നിന്‍റെ വിഡിയോയ്ക്ക് ചുവടെ പലരും കമന്‍റുകളായി കുറിച്ചിട്ടുണ്ട്. അസുഖം ബാധിച്ച് തലകറങ്ങി വീണ തന്നോട്, 'സത്യത്തില്‍ വയ്യായ്ക ഒന്നുമില്ല, ജലദോഷം മാത്രമേയുള്ളൂ, ജോലി ചെയ്യൂവെന്നാണ് തന്‍റെ മേലുദ്യോഗസ്ഥന്‍ പറഞ്ഞതെന്നും ജോലി സമയം കഴിഞ്ഞും ഓഫിസില്‍ മീറ്റിങ് തുടരുന്നതിനിടയില്‍ ചുമച്ചതോടെ, ശബ്ദമില്ലാതെ ചുമയ്ക്കണമെന്നും സംസാരിക്കുന്നതിനിടയില്‍ അലങ്കോലമുണ്ടാക്കരുതെന്നും നിര്‍ദേശം ലഭിച്ചുവെന്നും അവര്‍ വിവരിച്ചു.