അങ്ങേയറ്റം അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തുന്നതിനിടെ ചൈനീസ് യുവതിയും ആണ്‍സുഹൃത്തും പിടിയിലായി. ‘ഫ്യുസേറിയം ഗ്രമിനീറം’ എന്ന ഫംഗസിനെ യുഎസിലേക്ക് കടത്തുന്നതിനിടെയാണ് ചൈനീസ് പൗരത്വമുള്ള യുവതി യുൻക്വിങ് ജിയാനും സുഹൃത്ത് സുൻയോങ് ലിയും എഫ്ബിഐയുടെ പിടിയിലാകുന്നത്. ഇരുവര്‍ക്കുമെതിരെ യുഎസ് നീതിന്യായവകുപ്പ് കേസെടുത്തു. ഗൂഢാലോചന, തെറ്റായ വിവരങ്ങൾ നൽകൽ, വീസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്.
കൃഷിയെ ലക്ഷ്യംവയ്ക്കാനും നശിപ്പിക്കാനും സാധ്യതയുള്ള അപകടകാരികളായ ‘ഹെഡ് ബ്ലൈറ്റ്’നു കാരണമാകുന്ന രോഗാണുവാണ് ഫ്യൂസേറിയം ഗ്രമിനീറം. ഗോതമ്പ്, ബാർളി, ചോളം, അരി എന്നീ വിളകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ബില്യണ്‍കണക്കിനു നഷ്ടം കാര്‍ഷികമേഖലയില്‍ വരുത്താന്‍ കഴിവുള്ളവയാണ് ഈ രോഗാണു. മനുഷ്യരിലും കരളിനും പ്രത്യുത്പാദനത്തിനും ഉള്‍പ്പെടെ തകരാര്‍ വരുത്താന്‍ ഈ രോഗാണുവിനു സാധിക്കും.
മിഷിഗണ്‍ ലബോറട്ടറിയില്‍വച്ച് റിസര്‍ച്ച് ചെയ്യാനായാണ് രോഗാണുവിനെ കടത്തിയതെന്നായിരുന്നു എഫ്ബിഐ പിടിയിലായ സുന്‍യോങ് ലിയുടെ അവകാശവാദം. ഇതേ ലബോറട്ടറിയിലാണ് തന്റെ സുഹൃത്ത് യുന്‍ക്വിങ് ജോലി ചെയ്യുന്നതെന്നും ലി പറയുന്നു. ഇരുവരും നടത്തിയ ഫോണ്‍കോളുകളും സന്ദേശങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും വീസ തട്ടിപ്പ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. ഈ രോഗാണുവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ജിയാന് ചൈനീസ് സര്‍ക്കാരിന്റെ ഫണ്ടിങ് ലഭിച്ചതായും എഫ്ബിഐ കണ്ടെത്തി. മാത്രമല്ല ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള വ്യക്തി കൂടിയാണ് ജിയാനെന്നും എഫ്ബിഐ കണ്ടെത്തി.
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇരുവരും ചെയ്യുന്നതെന്ന് എഫ്ബിഐ സ്പെഷ്യല്‍ ഏജന്‍റ് വ്യക്തമാക്കുന്നു. അമേരിക്കയ്ക്കു നേരെ വര്‍ധിച്ചുവരുന്ന ഭീഷണികളെക്കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തലാണിതെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറയുന്നു. അമേരിക്കന്‍ സ്ഥാപനങ്ങളിലേക്ക് ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റക്കാരേയും റിസര്‍ച്ചര്‍മാരേയും അയച്ച് ഭക്ഷ്യമേഖലയെ തന്നെ തകര്‍ക്കാനുള്ള നീക്കമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.
അമേരിക്കന്‍ ജനതയുെട ജീവിതത്തേയും സാമ്പത്തിക മേഖലയേയും തകര്‍ക്കാനുള്ള ഏത് നീക്കത്തേയും ചെറുക്കാന്‍ എഫ്ബിഐ സജ്ജമാണെന്നും ഡയറക്ടര്‍ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. എഫ്ബിഐ, യുഎസ് കസ്റ്റംസ്, അതിര്‍ത്തി സംരക്ഷണസേന എന്നിവര്‍ സംയുക്തമായാണ് ഈ കേസ് അന്വേഷിക്കുന്നത്.