Image: Social Media
അമേരിക്കയിലെ കൊളറാഡോയില്‍ ഇസ്രയേല്‍ ബന്ദികളെ പിന്തുണച്ചു നടന്ന കൂട്ടായ്മയ്ക്കു നേരെ ആക്രമണം. കൊളറാഡോയിലെ മാളില്‍ നടന്ന അനുസ്മരണത്തിനിടെയാണ് ആളുകൾക്ക് നേരെ ഒരാൾ പെട്രോള്‍ ബോബ് എറിഞ്ഞത്. ആക്രമണത്തില്‍ ആറുപേർക്ക് പരുക്കേറ്റു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്. 'പലസ്തീനെ മോചിപ്പിക്കുക'യെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ആക്രമണം എന്ന് എഫ്ബിഐ പറയുന്നു. ഭീകരാക്രമണമായാണ് സംഭവത്തെ എഫ്ബിഐ കണക്കാക്കുന്നത്.
കൊളറാഡോയിലെ ബൗൾഡറിൽ ഗാസയിൽ ഇപ്പോഴും ബന്ദികളായി കഴിയുന്ന ഇസ്രായേല്‍ പൗരന്‍മാരെ പിന്തുണച്ചു നടന്ന കൂട്ടായ്മയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. മുഹമ്മദ് സാബ്രി സോളിമാൻ എന്നയാളാണ് ആക്രമണം നടത്തിയത്. അക്രമിയെ എഫ്ബിഐ കസ്റ്റഡിയില്‍ എടുത്തു. ഭീകരാക്രമണമായി വിലയിരുത്തുമ്പോളും ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
ആക്രമണത്തിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങളില്‍ അക്രമി കൂട്ടായ്മയ്ക്കു നേരെ ആക്രോശിക്കുന്നതും കേള്‍ക്കാം. ‘നിങ്ങൾ എത്ര കുട്ടികളെ കൊന്നു?’ എന്ന് ചോദിച്ചുകൊണ്ടാണ് ഇന്ധനം നിറച്ച കുപ്പികളുമായി എത്തിയത്. ഇവയ്ക്ക് തീകൊളുത്തിയതിന് പിന്നാലെ ആളുകള്‍ക്ക് നേരെ എറിയുകയായിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് പെഡസ്ട്രിയൻ മാൾ പ്രദേശത്തെ നിരവധി ബ്ലോക്കുകളിൽ പൊലീസ് ആളുകളെ ഒഴിപ്പിച്ചു.