മനുഷ്യന്‍റെ അസ്ഥിയില്‍ നിന്നുമുണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്തിയ 21കാരി കൊളംബോയില്‍ പിടിയിലായി. ബ്രിട്ടീഷ് പൗരയായ ഷാര്‍ലറ്റ് മേ ലീയാണ് മാരകലഹരിയുമായി പിടിയിലായത്. 100 പൗണ്ട് ( 45 കിലോ) ലഹരിയാണ് ഈ മാസമാദ്യം ഷാര്‍ലറ്റ് കടത്താന്‍ ശ്രമിച്ചത്. കൊളംബോ ബന്ദാരനായകെ വിമാനത്താവളത്തില്‍ പിടിയിലായ ഇവര്‍ക്ക് 25 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സ്യൂട്ട്കെയ്സില്‍ ലഹരിയെങ്ങനെ വന്നുവെന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ലീ പറയുന്നു.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിര്‍മിക്കപ്പെട്ട ലഹരിയായിരുന്നു സ്യൂട്ട്കെയ്സ് നിറയെ. സേറ ലയോണയില്‍ മാത്രം ഒരു ആഴ്ച്ചക്കിടെ പത്തിലേറെ ആളുകളുടെ മരണത്തിനിടയാക്കിയ മാരക ലഹരിയാണ് ‘കുഷ്’. 28കോടി വിലമതിക്കുന്ന ലഹരി താനറിയാതെ ആരോ സ്യൂട്ട്കെയ്സില്‍ നിക്ഷേപിച്ചെന്നാണ് ഇപ്പോള്‍ കൊളംബോയിലെ ജയിലില്‍ കഴിയുന്ന ലീ പറയുന്നത്. വിമാനത്താവളത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ് നടത്തിയതെന്ന് കൊളംബോ കസ്റ്റംസ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ യൂണിറ്റ് സീനിയര്‍ ഓഫീസര്‍ പറയുന്നു.
‘കുഷ്’എന്നു വിളിക്കപ്പെടുന്ന ഈ രാസ ലഹരി പലതരം മാരകമായ വസ്തുക്കളില്‍ നിന്നാണുണ്ടാക്കുന്നത്. അതിലൊരു ഘടകമാണ് മനുഷ്യന്റെ അസ്ഥി. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആദ്യമായി കുഷ് ഉത്പാദിപ്പിക്കപ്പെട്ടത്. മണിക്കൂറുകളോളം ഉന്‍മാദാവസ്ഥയില്‍ നിലനിര്‍ത്തുമെന്നതാണ് ഈ രാസലഹരിയുെട പ്രത്യേകത. എന്നാല്‍ കുഷിന്റെ ഉത്പാദനം വലിയ തോതിലുള്ള പ്രതിസന്ധിയാണ് ആ രാജ്യത്ത് സൃഷ്ടിച്ചത്. കുഷ് ഡീലേര്‍സ് ആയവരെല്ലാം അസ്ഥിമോഷ്ടാക്കളാകുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. ശവക്കല്ലറകളെല്ലാം മാന്തി മനുഷ്യാസ്ഥി കടത്തുന്ന സംഭവങ്ങള്‍ ആയിരക്കണക്കിനു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കുഷിന്റെ ഉപയോഗം കൂടിയതോടെ കഴിഞ്ഞ വര്‍ഷം സേറ ലയോണയില്‍ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. പ്രദേശത്തു നിന്നും ലഹരി തുരത്താനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു.