ഉപരിപഠനത്തിനായി കാനഡയിലെത്തിയ ഇന്ത്യന്‍ യുവാവിനെ കാണാനില്ലെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ദാദ്രി സ്വദേശിയായ സഹില്‍ കുമാറി(23)നെയാണ് കാണാതായത്. കാനഡയിലെ ഹംബര്‍ കോളജില്‍ പഠനത്തിനായി ആഴ്ചകള്‍ക്ക് മുന്‍പാണ് സഹിലെത്തിയത്.
ഹാമില്‍ട്ടനിലെ വീട്ടില്‍ നിന്ന് സഹിലിന്‍റെ പാസ്പോര്‍ട്ടും ലാപ്ടോപും കണ്ടെടുത്തു. മേയ് 16ന് ഉച്ചയ്ക്ക് 12.50നാണ് സഹിലിനെ അവസാനമായി കണ്ടതെന്ന് ഹാമില്‍ട്ടന്‍ പൊലീസ് പറയുന്നു. ടൊറന്‍റോയിലെ യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് സഹില്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയ നിലയിലുമാണ്.
സഹിലിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പങ്കുവയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവാവിനെ കണ്ടെത്തുന്നതിനായി കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ സഹായവും അധികൃതര്‍ തേടി. പ്രദേശം തീര്‍ത്തും പരിചയമില്ലാത്ത സഹില്‍ വഴി തെറ്റിപ്പോയിട്ടുണ്ടാകാമെന്ന സംശയവും പൊലീസിനുണ്ട്. ടൊറന്‍റോയിലേക്ക് സഹില്‍ പോയിട്ടുണ്ടാകാമെന്ന് സംശയമുണ്ടെന്നും അതിനാല്‍ വിവരങ്ങള്‍ ടൊറന്‍റോ പൊലീസിനും കൈമാറിയെന്നും അധികൃതര്‍ അറിയിച്ചു. സഹിലിന് ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നതായി സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അറിയിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു.
റിട്ടയര്‍ഡ് സൈനികനാണ് സഹിലിന്‍റെ പിതാവ്. ദാദ്രിയില്‍ നിന്ന് തന്നെയുള്ള സുഹൃത്തിനൊപ്പം ഹാമില്‍ട്ടനിലാണ് സഹില്‍ കഴിഞ്ഞിരുന്നതെന്ന് കുടുംബം പറയുന്നു. ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിക്കുന്നവര്‍ 9055408549 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് ഹിമില്‍ട്ടന്‍ പൊലീസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.