കാനഡയിലെ ടൊറന്‍റോ മേഖലയിലെ മിസിസാഗ നഗരത്തില്‍ വനിതാ ഡോക്ടര്‍മാര്‍ക്കു മുന്‍പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ഇന്ത്യക്കാരനായ യുവാവ് പിടിയില്‍. 25 കാരനായ വൈഭവിനെയാണ് പീൽ റീജിയണൽ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതി ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് നടിച്ചാണ് ആശുപത്രിയിലെത്തിയതെന്നും വനിതാ ഡോക്ടർമാരെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നു ലക്ഷ്യമിട്ടതെന്നും പൊലീസ് പറയുന്നു. ഒന്നിലധികം ക്ലിനിക്കുകളിലെ ഡോക്ടര്‍ക്കുമാര്‍ അടങ്ങിയ വനിതാ ജീവനക്കാര്‍ക്ക് നേരെ പ്രതി അതിക്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഈ വര്‍ഷം, മിസിസാഗയിലുടനീളമുള്ള വിവിധ മെഡിക്കൽ ക്ലിനിക്കുകൾ പ്രതി സന്ദർശിക്കുകയും വനിതാ ജീവനക്കാരുമായി സമ്പർക്കം പുലർത്താന്‍ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ചില അവസരങ്ങളിൽ പ്രതി തെറ്റായ ഐഡന്റിറ്റി ഉപയോഗിച്ചാണ് ക്ലിനിക്കുകള്‍ സന്ദര്‍ശിച്ചതെന്നും പൊലീസ് പറയുന്നുണ്ട്. ആകാശ്ദീപ് സിങ് എന്ന കള്ളപ്പേരിലും യുവാവ് ക്ലിനിക്കുകള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഡിസംബർ 4 നാണ് വൈഭവിനെ അറസ്റ്റ് ചെയ്യുന്നത്.
പൊതുസ്ഥലത്ത് മോശമായി പെരുമാറൽ, ആള്‍മാറാട്ടം, വ്യാജ തിരിച്ചറിയൽ രേഖ നിര്‍മ്മിക്കല്‍, കൈവശം വയ്ക്കൽ എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളാണ് വൈഭവിന് മേല്‍ ചുമത്തിയിട്ടുള്ളത്. പ്രതിയുടെ അടുത്തുനിന്നും അതിക്രമങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ കൂടുതല്‍ പേരുണ്ടാകാമെന്നും അത്തരത്തിലുള്ളവര്‍ മുന്നോട്ട് വന്ന് അന്വേഷണത്തെ സഹായിക്കണമെന്നും പൊലീസ് അറിയിച്ചു. നിലവില്‍ വൈഭവ് കസ്റ്റഡിയില്‍ തുടരുകയാണ്.