AI Image
കൂട്ടുകാരുമൊത്ത് കളിക്കാനുള്ള സമയം വീട്ടുകാര്‍ വെട്ടിച്ചുരുക്കിയതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ വീടുവിട്ട് ഡല്‍ഹിയിലെത്തി. ബെംഗളൂരു സ്വദേശിയായ പതിനഞ്ചുകാരനാണ് വീട്ടുകാരെയും പൊലീസിനെയും വട്ടംചുറ്റിച്ചത്. പുതിയ ജീവിതം തുടങ്ങാന്‍ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ ചുറ്റിത്തിരിഞ്ഞ ബാലനെ പൊലീസിന്‍റെ സമയോചിത ഇടപെടലാണ് രക്ഷിച്ചത്. അപരിചിതനായ കുട്ടിയെ കുറിച്ചുള്ള വിവരം ലോധി കോളനിയിലുള്ളവരാണ് പൊലീസില്‍ അറിയിച്ചത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പ്രഗതി വിഹാറില്‍ നിന്ന് പൊലീസിന് ഫോണ്‍ സന്ദേശമെത്തിയത്. ട്രെയിനില്‍ ഡല്‍ഹിയിലെത്തിയ കുട്ടി അവിടെ നിന്ന് ലോധി കോളനിയിലെത്തി. കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കൊപ്പം കൂടി. ഇവരാണ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിയത്. പൊലീസെത്തി വിവരം ചോദിച്ചതോടെ താന്‍ ചെന്നൈയില്‍ നിന്ന് വരികയാണെന്നും അച്ഛനും അമ്മയും മരിച്ചുപോയെന്നും പറഞ്ഞു. ഒഴുക്കുള്ള ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് കുട്ടി സംസാരിച്ചത്. ലോധി സ്റ്റേഷനിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തപ്പോഴും കുട്ടി കള്ളക്കഥ തുടര്‍ന്നു. താന്‍ കുഞ്ഞായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ മരിച്ചുപോയെന്നും മുത്തശ്ശിയാണ് വളര്‍ത്തിയതെന്നും കുട്ടി പറഞ്ഞു. എട്ടാം ക്ലാസിലെത്തിയപ്പോള്‍ മുത്തശ്ശിയും മുത്തശ്ശനും മരിച്ചുവെന്നും പിന്നീട് ഓരോ ജോലി ചെയ്താണ് ജീവിച്ചതെന്നുമായിരുന്നു 'വെളിപ്പെടുത്തല്‍'. എന്നാല്‍ ചെന്നൈയില്‍ എവിടെയാണ് താമസിച്ചതെന്നോ പഠിച്ചതെന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായില്ല. ഇതോടെയാണ് സംശയം ബലപ്പെട്ടത്.
മണിക്കൂറുകള്‍ കൗണ്‍സിലിങ് നല്‍കിയതോടെ താന്‍ ബെംഗളൂരുവില്‍ നിന്നാണെന്നും നവംബര്‍ 30ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നതാണെന്നും കുട്ടി സമ്മതിച്ചു. ഉടന്‍ തന്നെ ബെംഗളൂരുവില്‍ നിന്നും കാണാതായവരുടെ പേരു വിവരം പരിശോധിച്ചപ്പോള്‍ കുട്ടിയെ തിരിച്ചറിയുകയായിരുന്നു. മകനെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആരോ തട്ടിക്കൊണ്ട് പോയെന്നായിരുന്നു കരുതിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസും ഞെട്ടി. അച്ഛന്‍ ഫോണില്‍ നിന്ന് കാര്‍ ബുക്ക് ചെയ്ത് റെയില്‍വേ സ്റ്റേഷനിലേക്കെത്തിയ കൗമാരക്കാരന്‍ ടിക്കറ്റില്ലാതെയാണ് ഹൈദരാബാദ് വരെ യാത്ര ചെയ്തത്. ഇതിനിടെ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി. ഹൈദരാബാദില്‍ നിന്നും അടുത്ത ട്രെയിനില്‍ ഡല്‍ഹിയിലേക്ക് കയറി. ഡിസംബര്‍ മൂന്നിന് ഡല്‍ഹിയിലെത്തി. തുടര്‍ന്നാണ് കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കൂടിയത്.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി പഠനത്തില്‍ ബഹുമിടുക്കനാണ്. 90 ശതമാനം മാര്‍ക്കുകള്‍ എല്ലാ വിഷയത്തിനുമുണ്ട്. ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലാണ് പഠനം. മാതാപിതാക്കള്‍ കളിക്കാന്‍ സമ്മതിക്കുന്നില്ലെന്നും കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നത് സഹിക്കാന്‍ കഴിയാതെയാണ് നാടുവിടാന്‍ തീരുമാനിച്ചതെന്നും കുട്ടി കൗണ്‍സിലറോട് വെളിപ്പെടുത്തി. കളിക്കാന്‍ കൂടുതല്‍ സമയം കിട്ടുന്ന ഏതെങ്കിലും ജോലി ചെയ്ത് ജീവിക്കാനാണ് താന്‍ വീടുവിട്ടതെന്നും കുട്ടി പറഞ്ഞു.
ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പൊലീസ് കുട്ടിയെ എത്തിച്ചു. ഇവിടെ വച്ച് കുട്ടിയെ കുടുംബത്തെ ബന്ധപ്പെടുകയുംചെയ്തു. തുടര്‍ന്ന് കുട്ടിയുടെ പിതാവെത്തി മകനെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയെ കടുത്ത സമ്മര്‍ദത്തിലാക്കരുതെന്നും കളിക്കാന്‍ അനുവദിക്കണമെന്നും ഉപദേശിച്ചാണ് വിട്ടയച്ചത്.