2026ൽ യുഎസിൽ വിൽപന നടത്തുന്ന എല്ലാ ഐഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ആ ലക്ഷ്യവുമായി മുന്നോട്ടുപോകുമ്പോള്‍ ഉടക്കിട്ടിരിക്കുന്നത് മറ്റാരുമല്ല. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ്. ഇന്ത്യയിൽ മുതൽ മുടക്കരുതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്ന ട്രംപ് ഇപ്പോള്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലോ മറ്റെവിടെങ്കിലോ നിര്‍മിച്ച ഐഫോണുകള്‍ യുഎസില്‍ വിറ്റാല്‍ 25% താരിഫ് ചുമത്തുമെന്നാണ് ഭീഷണി.
ആപ്പിളിന്‍റെ ഇന്ത്യാ താല്‍പര്യത്തിന് പിന്നിലെന്ത്?
അമേരിക്കൻ വിപണികൾക്കുള്ള ഐ ഫോണുകളുടെ ഉൽപാദനം ചൈനയിൽ നിന്ന് ഇന്ത്യയിലേക്കു മാറ്റുകയാണെന്ന് ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടിം കുക്ക് വ്യക്തമാക്കിയിരുന്നു. യുഎസും ചൈനയുമായി താരിഫ് യുദ്ധം തുടങ്ങിയതോടെയാണ് ചൈന വിട്ട് നിര്‍മാണവ്യവസായം ഇന്ത്യയിലേക്ക് ചുവടുമാറ്റാന്‍ കുക്ക് താല്‍പര്യപ്പെട്ടത്. ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണുകള്‍ വന്‍തോതിലാണ് വില്‍പനയ്ക്കായി യുഎസിലേക്ക് എത്തിച്ചുതുടങ്ങിയിരിക്കുന്നത്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 22 ബില്യണ്‍ വിലമതിക്കുന്ന ഐഫോണുകളാണ് ഇന്ത്യയില്‍ നിര്‍മിച്ചത്.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ 60 ശതമാനത്തിന്റെ വര്‍ധന. ഏപ്രിലിൽ ആപ്പിളിന്റെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 17,219 കോടി രൂപയിലെത്തിയെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഇതേ സമയത്തെ കയറ്റുമതി വരുമാനം 7971 കോടി രൂപയായിരുന്നു. അതായത് 116 ശതമാനത്തിന്‍റെ വര്‍ധന.
ഇന്ത്യ വേണ്ട; ഖത്തര്‍ മതിയെന്ന് ട്രംപ്
ഖത്തറില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ട്രംപ് ആപ്പിളിന്‍റെ ഇന്ത്യാ താല്‍പര്യത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇന്ത്യയില്‍ ആപ്പിള്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതില്‍ ട്രംപിന് അതൃപ്തിയുണ്ട്. ഇന്ത്യയില്‍ നിക്ഷേപം നടത്തരുതെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനോട് നേരിട്ട് ആവശ്യപ്പെട്ടുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് പകരം ഖത്തറില്‍ ഐ ഫോണ്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനാണ് യുഎസിന് താല്‍പര്യമെന്നും ഈ മാസം 14ന് ദോഹയില്‍ നടന്ന യോഗത്തില്‍ ട്രംപ് പറഞ്ഞു. ഇന്ത്യയില്‍ ഉയര്‍ന്ന നികുതി കാരണം കച്ചവടം കടുപ്പമാണെന്നും ട്രംപ് വാദിക്കുന്നു.
ഖത്തറില്‍ അന്ന് നടന്ന കമ്പനി എക്സിക്യുട്ടീവുകളുടെ യോഗത്തില്‍ ടിം കുക്ക് ഉണ്ടായിരുന്നില്ല. നിലവില്‍ ട്രംപിന്‍റെ നിര്‍ദേശം ആപ്പിള്‍ അംഗീകരിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയിലെ നിക്ഷേപപദ്ധതികളില്‍ നിന്ന് ആപ്പിള്‍ പിന്‍വാങ്ങുമെന്ന ഒരു സൂചനയും നല്‍കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
അതെന്താ അമേരിക്കയില്‍ നിര്‍മിച്ചാല്‍?
ഐ ഫോണ്‍ നിര്‍മാണത്തില്‍ സപ്ലൈ ചെയിന്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. അമേരിക്കയില്‍ നിര്‍മാണം തുടങ്ങിയാല്‍ ഐഫോണിന്‍റെ വില ഇന്നത്തേതിനേക്കാള്‍ കൂടുതല്‍ ഉയരും. ഏതാണ്ട് മൂന്നിരട്ടിയോളം വില നല്‍കേണ്ടി വരുമെന്ന അവസ്ഥയിലെത്തും. ഇത് ഐഫോണ്‍ വില്‍പനയെ സാരമായി ബാധിക്കും. അതിനാലാകണം ട്രംപിനെ ഒന്നു തണുപ്പിക്കാന്‍ നാലു വര്‍ഷത്തേക്ക് യുഎസില്‍ 500 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപ പദ്ധതികളാണ് ആപ്പിള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒപ്പം 20000 തൊഴിലവസരങ്ങളും ഉറപ്പാക്കുമെന്നും പറഞ്ഞിട്ടുണ്ട്. അതാകട്ടെ, തന്‍റെ ഭരണനേട്ടമായി ട്രംപ് ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്.
ആപ്പിളിനോടും ട്രംപിന്‍റെ താരിഫ് യുദ്ധം
ഇന്ത്യയിലോ മറ്റെവിടെങ്കിലോ നിര്‍മിച്ച ഐഫോണുകള്‍ യുഎസില്‍ വിറ്റാല്‍ 25% താരിഫ് ചുമത്തുമെന്നാണ് ട്രംപ് ഇന്ന് ഉയര്‍ത്തിയ ഭീഷണി. ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടിം കുക്കിനെ പേരെടുത്ത് പറഞ്ഞാണ് ട്രംപ് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയത്. യുഎസില്‍ വില്‍ക്കുന്ന ഐഫോണുകള്‍ തദ്ദേശീയമായി നിര്‍മിച്ചതായിരിക്കണമെന്നും ട്രംപ് പറഞ്ഞു.
ഭീഷണിക്ക് ആപ്പിള്‍ വഴങ്ങുമോ?
ആദ്യം നിര്‍ദേശം, വഴങ്ങിയില്ലെങ്കില്‍ അധികതീരുവ. വിവിധ രാജ്യങ്ങളോട് ട്രംപ് വച്ചുപുലര്‍ത്തുന്ന അതേ നയമാണ് ആപ്പിളിനോടും പുറത്തെടുത്തിരിക്കുന്നത്. 500 ബില്യണ്‍ നിക്ഷേപം ഉറപ്പാക്കാമെന്ന ടിം കുക്കിന്‍റെ വാഗ്ദാനം ഒരുവശത്തുണ്ട്. എന്നിട്ടും മതിയാകാതെയാണ് ട്രംപ് ഇന്ത്യയുടെ പേരില്‍ ആപ്പിളിനോട് കലഹിക്കുന്നത്. ട്രംപിനോട് ചര്‍ച്ചകളിലൂടെ നീക്കുപോക്കിലെത്താനാകും ആപ്പിള്‍ ശ്രമിക്കുക. യുഎസിലെ ഉപഭോക്താക്കളില്‍ പകുതിയിലേറെപ്പേരും ഉപയോഗിക്കുന്ന ആപ്പിള്‍ ഐഫോണിന് താരിഫ് ചുമത്തിയാല്‍ വില വര്‍ധനയുണ്ടാകുമെന്ന കാര്യം മുന്‍നിര്‍ത്തിയായിരിക്കും ചര്‍ച്ചകള്‍. ഒപ്പം 500 ബില്യണ്‍ നിക്ഷേപിക്കാമെന്ന നിലവിലെ വാഗ്ദാനത്തിനൊപ്പം കൂടുതല്‍ നിക്ഷേപം വാഗ്ദാനം ചെയ്ത് ട്രംപിനെ ഒപ്പം നിര്‍ത്താനും ശ്രമിച്ചേക്കും. പ്രവചനാതീതമാണ് ട്രംപിന്‍റെ നിലപാടുകള്‍. എപ്പോള്‍ വേണമെങ്കിലും മാറിമറിയാം. അതിനാല്‍തന്നെ കാത്തിരുന്നുകാണാം നാളെ എന്താകുമെന്ന്.