File Photo, AFP
ഭൂകമ്പമാപിനിയില്‍ 8.0 തീവ്രതയേറിയ ഭൂചലനത്തിന് പിന്നാലെ അമേരിക്കയിലെ പസഫിക് നോര്‍ത്ത് വെസ്റ്റ്, അലാസ്ക, ഹവായ് എന്നിവിടങ്ങളിലെ ഒട്ടുമിക്ക പ്രദേശങ്ങളും കൂറ്റന്‍ സൂനാമിയില്‍ നാമാവശേഷമായേക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത അന്‍പത് വര്‍ഷത്തിനുള്ളിലാകും കനത്ത നാശമുണ്ടാവുകയെന്ന് വിര്‍ജിനിയ ടെക് ജിയോ സയന്‍റിസ്റ്റുകളുടെ പഠനത്തില്‍ പറയുന്നു. 'പ്രൊസീഡിങ്സ് ഓഫ് ദ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസി'ലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തീവ്രതയേറിയ ഭൂചലനം ആറരയടിയോളം തീരം ഇല്ലാതെയാകുന്നതിന് കാരണമാകുമെന്നും സൂനാമിയോടെ നാശം പൂര്‍ണമാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
Kayakers walk on "Flat Island" on Kailua Bay near where U.S. President Barack Obama is staying while on Christmas vacation with his family in Kailua, Hawaii December 24, 2010. REUTERS/Hugh Gentry (UNITED STATES - Tags: POLITICS)
കസ്കാഡിയ സബ്ഡക്ഷന്‍ സോണിലെ പ്രവര്‍ത്തനങ്ങളുടെ ഫലമായി തീരപ്രദേശത്തിന് ആദ്യം വിസ്തൃതിയേറും, പിന്നാലെ വിനാശമുണ്ടാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ടിന ദുറ പറയുന്നു. കലിഫോര്‍ണിയയിലെ കേപ് മെന്‍ഡോസിനോ മുതല്‍ വടക്കന്‍ വാന്‍കൂവര്‍ ഐലന്‍ഡ് വരെയുള്ള 600 മൈലില്‍ നീണ്ടു കിടക്കുന്ന വിശാലമായ കണ്‍വെര്‍ജന്‍റ് മേഖലയാണ് കസ്കാഡിയ സബ്ഡക്ഷന്‍ സോണ്‍. ഇവിടെ വച്ചാണ് വടക്കേ അമേരിക്കന്‍ ഫലകത്തിന് താഴേക്ക് ജുവാന്‍ ഡി ഫുകാ ഫലകം മെല്ലെ തെന്നിക്കയറുന്നതെന്നും ഇത് കൂറ്റന്‍ ഭൂചലനത്തിന് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.
വടക്കന്‍ കലിഫോര്‍ണിയ, വടക്കന്‍ ഒറിഗോണ്‍, തെക്കന്‍ വാഷിങ്ടണ്‍ എന്നീ ഭാഗങ്ങളിലാകും കൂടുതല്‍ നാശമുണ്ടാകുകയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അലാസ്ക, ഹവായ് എന്നിവ ഭൂകമ്പ സാധ്യതാപ്രദേശങ്ങളിലായതിനാല്‍ ഇവയും അപകടാവസ്ഥയില്‍ ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എന്താണ് മെഗാ സൂനാമി? സാധാരണയായി സമുദ്രത്തിനടിയില്‍ ഭൂചലനമുണ്ടാകുമ്പോഴോ, വലിയ മണ്ണിടിച്ചില്‍ ഉണ്ടാകുമ്പോഴോ ആണ് സൂനാമി ഉണ്ടാകുക. കൂറ്റന്‍ തിരമാലകളാണ് സൂനാമിയുടെ ആദ്യ ലക്ഷണം. മെഗാ സൂനാമിയെന്നാല്‍ പടുകൂറ്റന്‍ തിരമാലകള്‍, ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഉയരത്തിലെത്തുന്നതാണ്. വെള്ളത്തിനടിയിലെ ദ്രുതമാറ്റങ്ങളെ തുടര്‍ന്ന് മാനം മുട്ടുന്ന തിരമാലകള്‍ ഉണ്ടാകുമെന്നും കിലോമീറ്ററുകളോളം ഇവ സഞ്ചരിച്ചെത്തിയേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.