Image: Reuters
ടിക്ടോക് ലൈവ് ചെയ്യുന്നതിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറെ അജ്ഞാതന്‍ വെടിവച്ച് കൊന്നു. ഇരുപത്തിമൂന്നുകാരിയായ വലേറിയ മാര്‍ക്വേസാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മെക്സികോ സിറ്റിയിലാണ് സംഭവം. ടിക് ടോകില്‍ പതിവായി ബ്യൂട്ടി–മെയ്ക്കപ് വിഡിയോകളാണ് വലേറി പങ്കുവച്ചിരുന്നത്. ഏകദേശം 200,000 ഫോളോവേഴ്സാണ് വലേറിയയ്ക്ക് ടിക്ടോകില്‍ മാത്രമുള്ളത്.
സ്ത്രീഹത്യയുടെ പരിധിയില്‍ വരുന്നതാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സ്ത്രീയായതിന്‍റെ പേരില്‍ മാത്രം നടത്തുന്ന അതിക്രമങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍, കൊലപാതകത്തിന് ശേഷം പൊതുവിടത്തില്‍ ഇരയുടെ ശരീരം പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് സ്ത്രീഹത്യയുടെ പരിധിയില്‍ വരുന്നതെന്ന് മെക്സിക്കന്‍ അധികൃതര്‍ പറയുന്നു.
സപ്പോന്‍ നഗരത്തിലെ ബ്യൂട്ടി സലൂണിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. വലേറിയ ലൈവ് ചെയ്യുന്നതിനിടെ പെട്ടെന്ന് സലൂണിലേക്ക് ഒരാള്‍ ഓടിയെത്തുകയും വെടിയുതിര്‍ത്ത ശേഷം കടന്നുകളയുകയുമായിരുന്നു. പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അവര്‍ വരുന്നുവെന്ന് കൊല്ലപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് വലേറിയയുടെ ലൈവില്‍ പിന്നില്‍ നിന്നാരോ പറയുന്നത് കേള്‍ക്കാം. പെട്ടെന്ന് തന്നെ, ഹായ് വലേ.. എന്ന് പുരുഷ ശബ്ദം വിളിക്കുമ്പോള്‍ വലേറിയ വിളി കേള്‍ക്കുന്നുമുണ്ട്. പിന്നാലെ വെടിയൊച്ചോടെ ലൈവ് സ്ട്രീം അവസാനിക്കുകയായിരുന്നു. വലേറിയയെ പരിചയമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്ന സംശയവും പൊലീസിനുണ്ട്.
തനിക്കാരോ വിലേയറിയ സമ്മാനം തരാന്‍ വന്നിരുന്നുവെന്നും എന്നാല്‍ തന്നെ കാണാതിരുന്നതിനാല്‍ മടങ്ങിപ്പോയെന്നും വലേറിയ ലൈവിനിടെ പറഞ്ഞിരുന്നു. ഗിഫ്റ്റിന് താന്‍ കാത്തിരിക്കുകയൊന്നുമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. സലൂണിലുള്ളവരുടെയും ലൈവിനിടയിലെ വലേറിയയുടെയും വാക്കുകളില്‍ നിന്ന്, അക്രമി ആദ്യം സലൂണിലെത്തിയിരുന്നുവെന്നും വലേറിയയെ കാണാതെ മടങ്ങിയെന്നുമാണ് അനുമാനം.
പരാഗ്വ, യുറുഗ്വയ്, ബൊളിവിയ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടുപിന്നിലാണ് സ്ത്രീഹത്യയില്‍ മെക്സിക്കോയുടെ സ്ഥആനമെന്ന് യുഎന്‍ ഇക്കണോമിക് കമ്മിഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്ക ആന്‍റ് കരീബിയന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ല്‍ ഒരു ലക്ഷം സ്ത്രീകള്‍ കൊല്ലപ്പെട്ടതില്‍ 1.3 ശതമാനം കൊലപാതകങ്ങളും ഇത്തരത്തിലുള്ളതായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ മെക്സികോയില്‍ തന്നെ ആറാം സ്ഥാനത്താണ് വലേറിയ വെടിയേറ്റുമരിച്ച നഗരമായ ജാലിസ്കോ.