pakistan-air-force

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തില്‍ ഒടുവില്‍ പങ്ക് സമ്മതിച്ച് പാക്കിസ്ഥാൻ. പുൽവാമ ഭീകരാക്രമണം പാക്കിസ്ഥാന്‍റെ 'തന്ത്രപരമായ മികവ്' ആണെന്ന് എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് മുൻപ് വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് എയര്‍ വൈസ് മാര്‍ഷലിന്‍റെ പ്രസ്താവന. 

'പുൽവാമയില്‍ ഞങ്ങളുടെ തന്ത്രപരമായ മികവ് ഉപയോഗിച്ച് പാകിസ്ഥാൻ സേനയുടെ അഭിമാനവും ശക്തിയും ഇന്ത്യയോട് പറയാൻ ശ്രമിച്ചു'വെന്നാണ് എന്നാണ് ഔറംഗസേബ് അഹമ്മദ് പറഞ്ഞത്. പാക്കിസ്ഥാൻ വ്യോമസേനയുടെ ഡയറക്ടർ ജനറൽ പബ്ലിക് റിലേഷൻസാണ് അദ്ദേഹം.  ഡിജി ഐഎസ്പിആർ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയും നാവികസേന വക്താവും ഔറംഗസേബിനൊപ്പം വാർത്താസമ്മേളനത്തിലുണ്ടായിരുന്നു. 

'വ്യോമാതിർത്തി, കര, ജലാതിർത്തി എന്നിവയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാക്കിസ്ഥാന്‍ ചെയ്യില്ല. പാക്കിസ്ഥാൻ ജനത സായുധ സേനയിലുള്ള അഭിമാനവും ഊന്നലും എക്കാലവും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. പുൽവാമയിൽ ഞങ്ങളുടെ തന്ത്രപരമായ കഴിവ് ഉപയോഗിച്ച് അത് അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഇപ്പോൾ ഞങ്ങളുടെ പ്രവർത്തന വൈദഗ്ധ്യവും തന്ത്രവും കാണിച്ചു' എന്നാണ് ഔറംഗസേബ് അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.

2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഇന്ത്യ പറഞ്ഞപ്പോഴെല്ലാം പങ്കില്ലെന്ന് നിഷേധിക്കുകയാണ് ഇക്കാലമത്രയും പാക്കിസ്ഥാന്‍ ചെയ്തിരുന്നത്. മാത്രവുമല്ല കശ്മീരിലെ ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാന്‍റെ പങ്ക് തെളിയിക്കാൻ ഇന്ത്യയുടെ പക്കല്‍ തെളിവില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാനും അവകാശപ്പെട്ടിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പാക്ക് അധീന കശ്മീരിലെ ബലാക്കോട്ടിലെ ജയ്ഷെ മുഹമ്മദ് ക്യാംപില്‍ വ്യോമാക്രമണം നടത്തിയത്. ജെയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ ഭീകര പരിശീലന ക്യംപായിരുന്നു ഇത്.

ENGLISH SUMMARY:

Pakistan has admitted involvement in the Pulwama terror attack that killed 40 CRPF personnel, with Air Vice Marshal Aurangzeb Ahmad calling it a "strategic success." The controversial statement came during a press conference held just before the India-Pakistan ceasefire agreement was finalized.