Image: ANI/NCS

Image: ANI/NCS

പാക്കിസ്ഥാനില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 1.44ഓടെയാണ് ഭൂകമ്പമാപിനിയില്‍ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വടക്ക് 29.67 അക്ഷാശത്തിലും 66.10 കിഴക്ക് രേഖാംശത്തിലുമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് എന്‍സിഎസ് പറയുന്നു.

അടുപ്പിച്ചുള്ള ആഴ്ചകള്‍ക്കിടയില്‍ പാക്കിസ്ഥാനില്‍ അനുഭവപ്പെടുന്ന നാലാമത്തെ ഭൂചലനമാണിത്.  ഭൂകമ്പമാപിനിയില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം,തിങ്കളാഴ്ച  പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായിരുന്നു. ഖൈബര്‍ പക്തൂണ്‍ഖവ പ്രവിശ്യയായിരുന്നു പ്രഭവകേന്ദ്രം. ഇതിന്‍റെ ഭാഗമാകാം ഇപ്പോഴത്തെ ഭൂചലനമെന്നും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നുമാണ് വിലയിരുത്തല്‍. ഏപ്രില്‍ 30ന് 4.4 തീവ്രതയുള്ള ഭൂചലനവും ഏപ്രില്‍ 12ന് 5.8തീവ്രത രേഖപ്പെടുത്തി ഭൂചലനവും പാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകത്തിലെ തന്നെ ഭൂചലനസാധ്യതയേറിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് പാക്കിസ്ഥാന്‍റെ സ്ഥാനം. യൂറേഷ്യന്‍–ഇന്ത്യന്‍ ഫലകങ്ങളുടെ സമന്വയഭാഗത്തായാണ് പാക്കിസ്ഥാന്‍ സ്ഥിതി ചെയ്യുന്നത്. ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തൂണ്‍ഖാവ, ഗില്‍ജിത്–ബാള്‍ട്ടിസ്ഥാന്‍ എന്നീ പ്രദേശങ്ങള്‍ യുറേഷ്യന്‍ ഫലകത്തിന്‍റെ തെക്കേ മുനമ്പിലായതിനാലും പഞ്ചാബ്, പാക് അധീന കശ്മീര്‍ എന്നിവ ഇന്ത്യന്‍ ഫലകത്തിലായതിനാലും അതീവ ദുര്‍ബല പ്രദേശങ്ങളായാണ് കണക്കാക്കപ്പെടുന്നത്. 

അതേസമയം, ഇന്ത്യ–പാക് സംഘര്‍ഷം അതിരൂക്ഷമാകുകയാണ്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് പിന്നാലെ ഇന്ത്യയിലെ ജനവാസ മേഖലകളില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. തിരിച്ചടിച്ച ഇന്ത്യ മൂന്നാം ദിവസവും ആക്രമണങ്ങള്‍ തകര്‍ത്തു. ഇന്ത്യയിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകളും വീഴ്ത്തി. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം ഡ്രോണുകള്‍ സൈന്യം വെടിവച്ചിട്ടു.അതിനിടെ പഞ്ചാബ് ഫിറോസ്പുറില്‍ വീടിനുമുകളില്‍ ഡ്രോണ്‍ പതിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു. 

പാക്കിസ്ഥാനിലെ മൂന്ന് എയര്‍ബേസുകള്‍ ഇന്ത്യ ആക്രമിച്ചതായി പാക് സൈന്യം ആരോപിക്കുന്നു. ഇസ്​ലാമാബാദിലും ലഹോറിലുമടക്കം ആറിടങ്ങളില്‍ സ്ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ തിരിച്ചടി ശക്തമായതിന് പിന്നാലെ പാക്കിസ്ഥാന്‍ വ്യോമപാത പൂര്‍ണമായും അടച്ചു. ഇന്ത്യ–പാക് സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ആവശ്യവുമായി ജി–7 രാജ്യങ്ങള്‍ രംഗത്തെത്തി. മേഖലയില്‍ അസ്ഥിരത ഉണ്ടാക്കരുതെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് അഭ്യര്‍ഥന.

ENGLISH SUMMARY:

An earthquake measuring 4.0 on the Richter scale struck Pakistan at 1:44 AM, as reported by the National Center for Seismology. No casualties or damage have been reported. This marks the fourth quake in recent weeks, with the epicenter located at 29.67°N, 66.10°E.