അഫ്ഗാനിസ്ഥാൻ മുൻ പേസർ ഷാപൂർ സദ്രാൻ (38) അന്തരിച്ചു. അപൂർവ്വവും മാരകവുമായ 'ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്' എന്ന രോഗത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും അതുവഴി സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ് (എച്ച്എല്‍എച്ച്).
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണ് താരത്തിന്റെ വിയോഗവാർത്ത സ്ഥിരീകരിച്ചത്. അഫ്ഗാൻ ക്രിക്കറ്റിന്റെ അടിത്തറ പാകിയ പോരാളികളിൽ ഒരാളായിരുന്നു സദ്രാനെന്ന് ബോർഡ് അനുസ്മരിച്ചു. ‘അഫ്ഗാൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകളും ശക്തിയും എന്നും ഓർമ്മിക്കപ്പെടും. കഠിനാധ്വാനത്തിലൂടെ ഒരു തലമുറയ്ക്ക് പ്രചോദനമായ താരമാണ് വിടവാങ്ങുന്നത്’– അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് ഷാപൂർ സദ്രാന്‍ കടുത്ത അണുബാധ മൂലം ചികില്‍സ തേടുന്നത്. ഇത് ക്ഷയരോഗമാകുകയും തലച്ചോറിലേക്ക് വ്യാപിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനില്‍ ചികില്‍സയിലിരിക്കേ ആദ്യഘട്ടങ്ങളില്‍ ഷാപൂർ ചികിത്സയോട് നന്നായി പ്രതികരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാല്‍ 20 ദിവസത്തിനുശേഷം രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടു. ആദ്യം പനിയായത് പിന്നീട് ഡെങ്കിപ്പനിയായി. രക്തത്തില്‍ അരുണ രക്താണുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പ്രതിരോധശേഷി ദുർബലമായി. പിന്നാലെ ജനുവരിയില്‍ അദ്ദേഹം ചികില്‍സയ്ക്കായി ഇന്ത്യയിലെത്തുകയായിരുന്നു.
2009-ൽ അഫ്ഗാനിസ്ഥാൻ ടീമിൽ അരങ്ങേറ്റം കുറിച്ച സദ്രാൻ, 2020 വരെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. 2009 നും 2020 നും ഇടയിൽ 44 ഏകദിനങ്ങളും 36 ടി20 ഐകളും ഉള്‍പ്പെടെ 80 രാജ്യാന്തര മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനായി അദ്ദേഹം കളിച്ചിട്ടുണ്ട്. രണ്ട് ഫോർമാറ്റുകളിലുമായി 80 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2025 ജനുവരിയില്‍ അദ്ദേഹം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു.