Image: Screengrab from Reuters

Image: Screengrab from Reuters

അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയെന്ന് ആരോപിച്ച് ക്യൂബന്‍ സ്വദേശിയായ യുവതിയെ നാടുകടത്തി ട്രംപ് സര്‍ക്കാര്‍. 17 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ യുവതിയുടെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങി അഭിഭാഷകനെ ഏല്‍പ്പിച്ച ശേഷം യുവതിയെ നാടുകടത്തുകയായിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെയ്ദി സാഞ്ചസെന്ന യുവതിയും കുടുംബവുമാണ് ട്രംപ് സര്‍ക്കാരിന്‍റെ നടപടിയില്‍ വലയുന്നത്.    

ഏപ്രില്‍ അവസാന ആഴ്ചയിലാണ്  ഹെയ്ദിയെ നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചത്. കസ്റ്റംസില്‍ നിന്നും ഹെയ്ദിയെ ബന്ധപ്പെട്ടു. നേരിട്ട് ഹാജരായതോടെ അടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവും കൈക്കുഞ്ഞുമൊത്ത് കസ്റ്റംസ് ഓഫിസിലെത്തിയതിന് പിന്നാലെ ഹെയ്ദിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ അഭിഭാഷകന് കൈമാറിയ ശേഷം ഭര്‍ത്താവിന് നല്‍കാന്‍ പറ‍ഞ്ഞു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അകത്തേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവര്‍ വെളിപ്പെടുത്തുന്നു. അകത്തെ മുറിയിലേക്ക് ഭര്‍ത്താവിനെ കടത്തിവിട്ടില്ലെന്നും ഭര്‍ത്താവിനെ കണ്ട് യാത്ര പറയാന്‍ പോലും അനുവദിച്ചില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 

യുഎസിലെ ജനപ്രതിനിധിയായ കാത്തി കാസ്റ്ററാണ് ഹെയ്ദിയുടെ ഭര്‍ത്താവായ കാരളിനെ സന്ദര്‍ശിച്ച ശേഷം ദുരവസ്ഥ ലോകത്തെ അറിയിച്ചത്. 'തരംതാണ രാഷ്ട്രീയക്കളിക്കായി കുടുംബങ്ങളെ വേര്‍പെടുത്തുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നതെന്നും കുടുംബത്തെ ഒന്നിച്ച് ചേര്‍ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും' കാത്തി കുറിച്ചു. എന്നാല്‍ കാരളിന്‍റെയും കുടുംബത്തിന്‍റെയും മോശം അനുഭവം വൈറ്റ് ഹൗസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും  മറുപടി ലഭിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

2019 ലാണ് ഹെയ്ദി യുഎസിലെത്തിയത്. ഒന്നാം ട്രംപ് സര്‍ക്കാരിന്‍റെ 'മെക്സികോയില്‍ തുടരല്‍' പദ്ധതി പ്രകാരം അഭയം തേടിയെത്തിയവര്‍ക്ക് യുഎസിലേക്ക് കടക്കുന്നതിനുള്ള നിയമനടപടികള്‍ ഹെയ്ദി തുടര്‍ന്നു. മെക്സിക്കന്‍ മനുഷ്യക്കടത്തുമാഫിയയെ ഭയന്ന ഹെയ്ദി യുഎസ് ഇമിഗ്രേഷന്‍ ഓഫിസര്‍മാരെ നേരില്‍ കാണുകയും തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒന്‍പതുമാസം ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ഹെയ്ദിയെ ഒടുവില്‍ ഫ്ലോറിഡയിലുള്ള കുടുംബത്തിനൊപ്പം കഴിയാന്‍ അനുവദിച്ചു. അങ്ങനെ കഴിയവേയാണ് രണ്ടാം ട്രംപ്  സര്‍ക്കാര്‍ ഹെയ്ദിയെ തിരഞ്ഞെത്തി നാടുകടത്തിയത്. 

നിലവില്‍ ക്യൂബയിലുള്ള ഹെയ്ദി കുഞ്ഞിനെയോര്‍ത്ത് ഓരോ നിമിഷവും ഉരുകി ജീവിക്കുകയാണെന്ന് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'കുഞ്ഞുറങ്ങണമെങ്കില്‍ പാട്ടുപാടണം. ക്യൂബയിലെ വൈഫൈ കണക്ഷനില്‍ സാരമായ തകരാറാണ് പലപ്പോഴും. അതുകൊണ്ട് കുഞ്ഞിന്‍റെ കരച്ചില്‍ മാത്രമാണ് സദാ കേള്‍ക്കാനാകുന്നതെ'ന്നും അവര്‍ കണ്ണീരോടെ പറയുന്നു. സാരമായ ആരോഗ്യപ്രശ്നങ്ങള്‍ കുട്ടിക്കുണ്ടെന്നും പിതാവ് കാരള്‍ പറയുന്നു.

ENGLISH SUMMARY:

A heartbreaking case surfaces as the Trump administration deports Cuban national Heidi Sanchez, separating her from her 17-month-old daughter at a U.S. customs office. The child was handed to a lawyer as the mother was taken into custody.