Image:AP
കലിഫോര്‍ണിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇന്ത്യക്കാരുള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്നവരില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഏഴുപേരെ കാണാനില്ലെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാന്‍ ഡിയാഗോ തീരത്താണ് ബോട്ട് മുങ്ങിയത്. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ബോട്ടിലുണ്ടായിരുന്ന ഇന്ത്യക്കാരുടേതാണ് കുട്ടികളെന്നാണ് കരുതുന്നത്. ഇവരുടെ മാതാപിതാക്കള്‍ ലാ ജോലയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Life jackets and personal items are seen in a boat that capsized Monday, May 5, 2025, at Torrey Pines State beach in San Diego. (AP Photo/Denis Poroy)
അപകടത്തില്‍ സന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിനാവശ്യമായ സഹായം ലഭ്യമാക്കുമെന്നും ഇതിനായി പ്രാദേശിക ഭരണകൂടവുമായി ഏകോപനം തുടരുകയാണെന്നും അധികൃതര്‍ എക്സില്‍ കുറിച്ചു.
മെക്സിക്കോയുടെ വടക്കന്‍ തീരത്ത് നിന്നും 35 മൈല്‍ മാറി ടോറി പൈന്‍സ് സ്റ്റേറ്റ് ബീച്ച് സമീപം പുലര്‍ച്ചയോടെയാണ് ബോട്ട് മറിഞ്ഞത്. മല്‍സ്യബന്ധനത്തിനുപയോഗിക്കുന്ന ഇത്തരം ബോട്ടുകള്‍ മനുഷ്യക്കടത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ബോട്ടിലുണ്ടായിരുന്നവര്‍ അനധികൃതമായി യുഎസിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ എവിടെ നിന്നാണ് വന്നതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും വിനോദസഞ്ചാരികളല്ലെന്നും കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഏകദേശം മുപ്പത് വയസ് പ്രായം വരുന്ന മൂന്നുപേരും ഒരു കൗമാരക്കാരനുമാണ് പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ആറടിയോളം ഉയരത്തില്‍ തിരമാലകള്‍ അടിച്ചു പൊങ്ങിയതോടെ ബോട്ട് കീഴ്മേല്‍ മറിയുകയായിരുന്നുവെന്നാണ് അനുമാനം. രാവിലെ കടല്‍ത്തീരത്ത് നടക്കാനിറങ്ങിയ ഡോക്ടറാണ് ബോട്ട് മറിഞ്ഞുകിടക്കുന്നത് കണ്ടതും, അടിയന്തര സര്‍വീസില്‍ വിവരമറിയിച്ചതും. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയായിരുന്നു. 2023 ല്‍ എട്ടുപേരാണ് സമാനമായ ബോട്ടില്‍ കയറി അമേരിക്കയില്‍ എത്താന്‍ ശ്രമിക്കുകയും മുങ്ങി മരിക്കുകയും ചെയ്തത്.