Image Credit: X
പ്രതിമയാണെന്ന് കരുതി മൃഗശാലയിലെ മുതലയുടെ കൂടെ സെല്‍ഫി എടുക്കാനെത്തിയ സഞ്ചാരിക്ക് കിട്ടിയത് എട്ടിന്‍റെ പണി! അരമണിക്കൂര്‍ മുതലയുമായി നീണ്ടുനിന്ന മല്‍പ്പിടുത്തത്തിനിടെ ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ്. യുവാവിനെ മുതല ആക്രമിക്കുന്നത് മറ്റ് സഞ്ചാരികളുടെ ക്യാമറകളില്‍ പതിയുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഫിലിപ്പീൻസിലെ സാംബോംഗ സിബുഗേയിലെ മൃഗശാലയിലാണ് സംഭവം. മുതലയുടെ പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് സെൽഫിയെടുക്കാൻ മുതലകളുടെ കൂട്ടിലേക്ക് ഇറങ്ങുകയായിരുന്നു 29കാരനായ യുവാവ്. വേലി ചാടിക്കടന്ന് വെള്ളത്തിലേക്ക് ഇറങ്ങി പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു പിന്നാലെ പൂർണവളർച്ചയെത്തിയ പെൺ മുതല യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിന്‍റെ ശരീരത്തില്‍ പിടിമുറുക്കി കയ്യില്‍ ആഴത്തില്‍ കടിക്കുകയായിരുന്നു മുതല. പിന്നാലെ പരിഭ്രാന്തരായ മറ്റു സഞ്ചാരികള്‍ നിലവിളിക്കാന്‍ തുടങ്ങി. യുവാവ് കുതറിയപ്പോള്‍ അയാളുടെ തുടയിലും മുതല തന്‍റെ പല്ലുകളാഴ്ത്തി.
30 മിനിറ്റാണ് ജീവനുവേണ്ടി മുതലയോട് യുവാവ് പൊരുതിയത്. ഒടുവിൽ മൃഗശാലയില്‍ നിന്നുള്ള ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഒരു സിമന്റ് കഷണം ഉപയോഗിച്ച് മുതലയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ മുതല പിടിവിടുകയും യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. മുറിവുകളില്‍ നിന്നുള്ള അമിത രക്തസ്രാവത്തോടെ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവുകളില്‍ 50 ലധികം തുന്നലുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുതലയുടെ പ്രതിമയാണെന്ന് കരുതിയാണ് യുവാവ് കൂട്ടില്‍ കയറിയത് എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരത്തിലുള്ള പെരുമാറ്റം വളരെ അപകടകരമാണ്. ആരും ഒരിക്കലും ഒരുകാരണവശാലും മൃഗശാലയിലെ മൃഗങ്ങളുടെ കൂടിൽ പ്രവേശിക്കരുതെന്നും പൊലീസ് അറിയിച്ചു. ഇത് സ്വന്തം ജീവന്‍ മാത്രമല്ല ചിലപ്പോള്‍ മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയെന്ന് വരാം, പൊലാസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നാണ് ദി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.