വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് പാക്കിസ്ഥാന്‍. നിയന്ത്രണരേഖയില്‍ ഒന്‍പതാം ദിവസവും പാക്ക് വെടിവയ്പ്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി ഉറപ്പായിരിക്കെ സംഘർഷം ലഘുകരിക്കാൻ സുഹൃദ രാജ്യങ്ങളുടെ സഹായം തേടി പാക്കിസ്ഥാൻ. ഇടപെടണമെന്ന് സൗദി അറേബ്യയോടും യുഎഇയോടും അഭ്യർഥിച്ചു. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ തിരിച്ചടി പരിമിതമാകണമെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് ആവശ്യപ്പെട്ടു. മേഖലയാകെ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന തരത്തിലാവരുത് തിരിച്ചടിയെന്നാണ് ജെ.ഡി. വാന്‍സിന്റെ നിലപാട്. സ്വന്തം മണ്ണിലെ ഭീകര ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ സഹകരിക്കണമെന്നും ജെ.ഡി.വാന്‍സ് പറഞ്ഞു.
അതിനിടെ കൂടുതൽ പാക്കിസ്ഥാനി ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഇന്ത്യ വിലക്കി. ക്രിക്കറ്റർമാരായ വസീം അക്രം, ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരുടെ അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടും. പാക്കിസ്ഥാന്‍ വാര്‍ത്താ വെബ്സൈറ്റുകള്‍ക്കും ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. പാക്കിസ്ഥാന് മറുപടി നൽകുന്നതിൽ കാലതാമസം എന്തെന്ന് ചോദ്യം. സർക്കാർ വ്യക്തവും ശക്തവുമായ തിരിച്ചടി പാക്കിസ്ഥാന് നൽകാൻ വൈകുന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് കോൺഗ്രസ് പ്രതികരിച്ചു. സർക്കാരിന് മുന്നോട്ടു പോകാൻ കഴിയുന്നില്ലെങ്കിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടൻ വിളിച്ച് കൂടിയാലോചന നടത്തണമെന്നും ഇന്ത്യാസഖ്യ പാർട്ടികൾ ആവശ്യപ്പെട്ടു.