ഫയല്‍ ചിത്രം
അമേരിക്കയില്‍ യാത്രാ വിമാനവും സൈനിക ഹെലികോപ്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെറ്റായ ആശയവിനിമയവും പൈലറ്റിന്‍റെ മുന്നറിയിപ്പുകളും , അപകടസാധ്യതയും അവഗണിച്ച് പറക്കാന്‍ ഹെലികോപ്റ്ററിന്‍റെ പൈലറ്റ് തീരുമാനിച്ചതുമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 2025 ജനുവരി 29 ന് രാത്രി 8:48 നാണ് യുഎസിലെ പൊട്ടോമാക് നദിക്ക് മുകളില്‍ സൈനിക ഹെലികോപ്റ്റർ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഇടിച്ചുകയറിയത്. വിമാനം റണ്‍വേയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഹെലികോപ്റ്ററിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ 67 പേർ മരിച്ചിരുന്നു.
ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട് പറയുന്നത് പ്രകാരം ഹെലികോപ്റ്റർ അനുവദനീയമായ 200 അടി ഉയരത്തിൽ നിന്ന് വളരെ മുകളിലായി 278 അടി ഉയരത്തിലാണ് പറന്നുകൊണ്ടിരുന്നത്. അതേസമയം 313 അടി ഉയരത്തിൽ പറക്കുന്ന വിമാനം വിർജീനിയയിലെ റൊണാൾഡ് റീഗൻ വാഷിങ്ടൺ നാഷണൽ എയർപോർട്ടിലെ റൺവേ 33 ലേക്ക് പറന്നിറങ്ങുകയുമായിരുന്നു. ഏകദേശം 300 അടി ഉയരത്തിൽ വെച്ച് ആകാശത്തില്‍ വച്ചാണ് വിമാനവും ഹെലികോപ്റ്ററും തമ്മില്‍ കൂട്ടിയിടിക്കുന്നത്.
ഹെലികോപ്റ്റര്‍ വളരെ ഉയരത്തിൽ പറക്കുക മാത്രമല്ല കൂട്ടിയിടിക്ക് മുന്‍പുള്ള അവസാന നിമിഷങ്ങളില്‍ ഗതി മാറ്റാനുള്ള സഹ-പൈലറ്റിന്‍റെ നിര്‍ദേശം അനുസരിക്കാന്‍ പൈലറ്റ് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല ഹെലികോപ്റ്ററുമായുള്ള ആശയവിനിമയത്തിൽ വ്യക്തയില്ലാത്തതില്‍ എയർ ട്രാഫിക് കൺട്രോളറെയും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. അടിയന്തിര സാഹചര്യം പൈലറ്റിന് മനസിലാക്കിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ടതായും എടുത്തുകാണിക്കുന്നു. ഇടത്തേക്ക് തിരിയാനുള്ള സഹപൈലറ്റും ഇൻസ്ട്രക്ടറുമായ ആൻഡ്രൂ ഈവ്സിന്റെ നിർദ്ദേശം ക്യാപ്റ്റൻ റെബേക്ക ലോബാക്ക് പാലിക്കുന്നതിൽ പരാജയപ്പെട്ടു. അപകടത്തിന് വെറും 15 സെക്കൻഡ് മുമ്പായിരുന്നു ഇത്.
നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട്, ആക്രമണമുണ്ടായാൽ സർക്കാർ ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്ന സൈനിക പരിശീലന ദൗത്യത്തിലായിരുന്നും ഹെലികോപ്റ്റർ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ഇതും ശരിയായി നടപ്പാക്കപ്പെട്ടില്ല. മോശം ദൃശ്യപരതയും കോക്ക്പിറ്റിൽ നിന്നുള്ള പരിമിതമായ കാഴ്ച പരിധിയും ഈ രീതിയെ ബാധിക്കും. അതിനാൽ, നിയന്ത്രിത സാഹചര്യങ്ങളിൽ മാത്രമേ ഇത് അനുവദിക്കൂ. അപകടത്തിന് ഏകദേശം രണ്ട് മിനിറ്റ് മുമ്പ് എയർ ട്രാഫിക് കൺട്രോളർ ഹെലികോപ്റ്ററിന്‘വിഷ്വല്‍ സെപ്പറേഷന്’ അനുമതി നൽകിയിരുന്നു. എങ്കിലും പൈലറ്റുമാരും കൺട്രോളറും തമ്മിലുള്ള റേഡിയോ ആശയവിനിമയം തകരാറിലായി.
അപകടത്തിന് ഏകദേശം 20 സെക്കൻഡ് മുമ്പ്, എയർ-ട്രാഫിക് കൺട്രോളർ അമേരിക്കൻ എയർലൈൻസ് ജെറ്റ് അടുത്തുവരുന്നതിനെക്കുറിച്ച് ഹെലികോപ്റ്ററിന് മുന്നറിയിപ്പ് നൽകിയെങ്കിലും അവർക്ക് മറുപടി ലഭിച്ചില്ല. ഹെലികോപ്റ്ററും എയർ ട്രാഫിക് കൺട്രോളറും തമ്മിലുള്ള അവസാനത്തെ റെക്കോർഡുചെയ്‌ത ആശയവിനിമയമായിരുന്നു അത്. തൊട്ടുപിന്നാലെ ഹെലികോപ്റ്ററും വിമാനവും കൂട്ടിയിടിച്ചു. യുഎസ് വ്യോമയാന ചരിത്രത്തിലെ ഏറ്റവും മോശമായ അപകടങ്ങളിലൊന്നിലേക്ക് നയിച്ചു.