വിമാനത്തില്‍ അസാധാരണ പെരുമാറ്റത്തെ തുടര്‍ന്ന് ജീവനക്കാരെയും സഹയാത്രികരെയും വലച്ച് യാത്രക്കാരി. യാത്രയ്ക്കിടെ വിമാനത്തില്‍ നഗ്നയായി സീറ്റില്‍ മലമൂത്ര വിസര്‍ജനം നടത്തിയ യാത്രക്കാരിയുടെ പെരുമാറ്റമാണ് യാത്രക്കാര്‍ക്ക് പാരയായത്. ഫിലാഡല്‍ഫിയയില്‍ നിന്നും ചിക്കാഗോയിലേക്കുള്ള സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തില്‍ ശനിയാഴ്ചയാണ് സംഭവം.
സ്ത്രീ വസ്ത്രങ്ങൾ അഴിച്ചുമാറ്റി സീറ്റിൽ മലമൂത്ര വിസർജ്ജനം നടത്തി എന്നാണ് റിപ്പോര്‍ട്ട്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചിക്കാഗോയിലെ മിഡ്‌വേ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്ത ഉടനെ പോലീസ് ഉദ്യോഗസ്ഥരും മെഡിക്കൽ സംഘവും പരിശോധനയ്ക്ക് എത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതേതുടര്‍ന്ന് വൃത്തിയാക്കുന്നതിനായി വിമാനം മണിക്കൂറുകളോളം സർവീസിൽ നിന്ന് മാറ്റിനിര്‍ത്തി. യാത്രക്കാരിക്ക് എന്ത് സംഭവിച്ചുവെന്നോ എന്ത് നടപടിയെടുത്തെന്നോ വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല. യാത്രയിലുണ്ടായ അസാധാരണ സാഹചര്യത്തിനും വിമാനത്തിനുണ്ടായ കാലതാമസത്തിനും ക്ഷമാപണം നടത്തുന്നു എന്നാണ് എയർലൈൻ പ്രസ്താവനയില്‍ അറിയിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയേക്കാൾ പ്രധാനമായി മറ്റൊന്നില്ല, ഫ്ലൈറ്റ് ക്രൂവിന്റെ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുന്നു എന്നും കമ്പനി വ്യക്തമാക്കി.