This image grab taken from footage released by the state television Islamic Republic of Iran Broadcasting News (IRIBNEWS) on April 26
തെക്കുപടിഞ്ഞാറൻ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് വന്‍സ്ഫോടനം. അപകടത്തില്‍ 18 പേർ കൊല്ലപ്പെടുകയും 750 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇറാന്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആറ് പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. തുറമുഖത്ത് സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളിൽ പൊട്ടിത്തെറിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ശക്തമായ കാറ്റിലും തീ അണയ്ക്കാനുള്ള ശ്രമങ്ങളും രക്ഷാപ്രവര്‍ത്തനവും തുടങ്ങിയതാണ്.
അതേസമയം പ്രദേശത്തെ റിഫൈനറികൾ, ഇന്ധന ടാങ്കുകൾ, എണ്ണ പൈപ്പ്ലൈനുകള്‍ എന്നിവയെയൊന്നും സ്ഫോടനം ബാധിച്ചിട്ടില്ലെന്ന് നാഷണൽ ഇറാനിയൻ ഓയിൽ റിഫൈനിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി അറിയിച്ചു. തുറമുഖ സമുച്ചയത്തിലെ നിരവധി കെട്ടിടങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരിക്കേറ്റവരെ ബന്ദർ അബ്ബാസ് മെഡിക്കൽ സെന്ററുകളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ഫോടനത്തെ തുടര്‍ന്ന് തുറമുഖം അടച്ചുപൂട്ടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിന്റെ വ്യാപ്തി പരിശോധിക്കാൻ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തിയതായും ഭാവിയിൽ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഫോടനത്തെ തുടര്‍ന്ന് വായുവിന്‍റെ ഗുണനിലവാരം മോശമായതിനാല്‍ ബന്ദർ അബ്ബാസ് നഗരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാനും ജനാലകളും വാതിലുരളും അടച്ചിടാനുമാണ് നിര്‍ദേശം.