Image Credit:X/jacksonhinklle

അമേരിക്ക കണ്ണിലെ കൃഷ്ണമണി പോലെ സുരക്ഷയൊരുക്കുന്ന മാര്‍ഷല്‍ ഐലന്‍ഡ്സിന്‍റെ  എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ഹോര്‍മുസ് കടലിടുക്കില്‍ നിന്നുമാണ് 'തലാറ'യെന്ന കപ്പല്‍ ഇറാന്‍റെ റവല്യൂഷനറി ഗാര്‍ഡ് പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയത്. യെമന്‍ തീരത്ത് വച്ച് ഇറാന്‍റെ കപ്പല്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് നടപടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഷാര്‍ജയില്‍ നിന്നും സിംഗപ്പുരിലേക്ക് ഡീസലുമായി പോയ കപ്പല്‍ യുഎഇ തീരത്ത് നിന്നും വരികയായിരുന്നു. പിന്നീട് സിഗ്നല്‍ നഷ്ടമായെന്ന് കപ്പല്‍ മാനേജര്‍ വെളിപ്പെടുത്തിയതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈപ്രസിലെ പാഷ ഫിന്‍സിന്‍റേതാണ് തലാറയെന്ന കപ്പല്‍.

പ്രതികരിക്കാതെ ഇറാന്‍

കപ്പല്‍ ഇറാന്‍റെ കൈവശമുണ്ടെന്നാണ് കരുതുന്നതെന്ന് യുകെ മാരിടൈം ഓപ്പറേഷന്‍സ് ഏജന്‍സി വ്യക്തമാക്കി. ഇറാനിലേക്ക് സൈനികര്‍ കപ്പല്‍ കൊണ്ടുപോയെന്ന് ബ്രിട്ടിഷ് മാരിടൈം സംഘമായ വാന്‍ഗാര്‍ഡും റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇറാനിലെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നിന്നാണ് കപ്പലിന്‍റെ അവസാന സന്ദേശമെത്തിയിരിക്കുന്നത്. സംഭവത്തില്‍ റോയിറ്റേഴ്സ് പ്രതികരണം തേടിയെങ്കിലും ഇറാനോ യുഎഇയോ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല. 

അജ്മാനില്‍ നിന്ന് സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് തലാറയെ ഇറാന്‍ സൈന്യം പിടിച്ചെടുത്തെന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയം പറയുന്നത്. ചെറുബോട്ടുകളിലെത്തിയാണ് ഇറാന്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്തതെന്ന് യുഎസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.സംഭവം യുഎസ് നേവിയുടെ MQ-4C-ട്രൈറ്റന്‍ ഡ്രോണ്‍ നിരീക്ഷിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കപ്പലിലുള്ള ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മതിയായ നടപടികള്‍ സ്വീകരിക്കേണ്ടതിന് ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് കപ്പല്‍ കമ്പനി അറിയിച്ചു. 

തന്ത്രപ്രധാനം ഹോര്‍മുസ്

രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ച് വിദേശ കപ്പലുകള്‍ പിടിച്ചെടുത്തതായി ഇറാനെതിരെ ഇതാദ്യമായല്ല ആരോപണം ഉയരുന്നത്. ഇറാനാവട്ടെ ഇത്തരം ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുമുണ്ട്.  ഇറാന്‍–ഇസ്രയേല്‍ 12 ദിന യുദ്ധത്തിന്‍റെ സമയത്താണ് ഏറ്റവുമൊടുവിലായി ഇറാന്‍ വിദേശ കപ്പല്‍ പിടിച്ചെടുത്തത്. ലോകത്ത് ആകെ വ്യാപാരം നടക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും  ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. യുഎസ് നേവിയുടെ ബഹ്റൈന്‍ ആസ്ഥാനമായ ഫിഫ്ത് ഫ്ലീറ്റാണ് സാധാരണ ഈ പ്രദേശത്ത് പട്രോളിങ് നടത്താറുണ്ട്. 

പരമാധികാര രാഷ്ട്രം പക്ഷേ സുരക്ഷയൊരുക്കി യുഎസ്

പസഫിക് സമുദ്രത്തിന്‍റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹങ്ങളുടെ രാജ്യമാണ് മാര്‍ഷല്‍ ഐലന്‍ഡ്സ്. സ്വതന്ത്ര പരമാധികാര രാജ്യമായ ഇവിടെ 29 പവിഴപ്പുറ്റുകളും അഞ്ച് അഗ്നി പര്‍വത ദ്വീപുകളുമാണുള്ളത്. ഇംഗ്ലിഷും മാര്‍ഷലീസുമാണ് പ്രധാനഭാഷകള്‍. പരമാധികാര രാജ്യമാണെങ്കിലും സുരക്ഷയിലും പ്രതിരോധത്തിലും യുഎസുമായി വലിയ സഹകരണമാണ് മാര്‍ഷല്‍ ഐലന്‍ഡ്സിനുള്ളത്. കോംപാക്ട് ഫ്രീ അസോസിയേഷനിലാണ് ദ്വീപിനെ യുഎസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അനുസരിച്ച് മാര്‍ഷലീസ് പൗരന്‍മാര്‍ക്ക് പഠനത്തിനും യാത്രയ്ക്കും, തൊഴിലിനുമായി വീസയില്ലാതെ തന്നെ യുഎസിലെത്താം. പകരമായി മാര്‍ഷല്‍ ഐലന്‍ഡ്സിലെ ക്വജാലീന്‍ പ്രദേശം മിസൈല്‍–പ്രതിരോധ ആവശ്യങ്ങള്‍ക്കായി യുഎസിന് നല്‍കിയും വരുന്നു.

ENGLISH SUMMARY:

Iran's Revolutionary Guard reportedly seized the Marshall Islands-flagged oil tanker 'Talaraya' in the Strait of Hormuz while it was carrying diesel from Sharjah to Singapore. The ship, which lost signal, is managed by a Cypriot firm. The US Department of Defense confirmed the seizure, stating Iranian forces in small boats took the vessel, an event reportedly monitored by a US Navy MQ-4C Triton drone. This incident heightens tension in the critical Strait of Hormuz, which sees one-fifth of the world's traded oil pass through, and comes despite the Marshall Islands' strong defense and security ties with the US