Image Credit: X/@IRIran_Military
മധ്യപൂര്‍വദേശത്തേക്ക് കടന്ന യുഎസ് കപ്പല്‍പ്പടയെ നേരിടാന്‍ ഇറാന്‍റെ മറുപണി. ഹോര്‍മൂസ് കടലിടുക്കിന് സമീപം ഡ്രോണ്‍കാരിയര്‍ യുദ്ധകപ്പലായ ഷാഹിദ് ബാഗേരി നിലയുറപ്പിച്ചിരിക്കുകയാണ്. ഇറാന്‍റെ ഔദ്യോഗിക ചാനലായ പ്രസ് ടിവിയില്‍ ഡ്രോണ്‍കാരിയര്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. കപ്പലിലെ ആളില്ലാ യുദ്ധവിമാനങ്ങള്‍ രാജ്യത്തിനെതിരായ ഏതു ആക്രമണവും നേരിടാന്‍ സജ്ജമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഇറാന്റെ ആദ്യത്തെ നാവിക ഡ്രോൺ വാഹിനിക്കപ്പലാണ് ഷാഹിദ് ബാഗേരി. 2025 ഫെബ്രുവരി ആറിനാണ് കമ്മിഷന്‍ ചെയ്തത്. പ്രാരിൻ എന്ന പേരിലുള്ള 42000 ടണ്‍ കണ്ടെയ്നര്‍ കപ്പലിനെ ഡ്രോണ്‍ കാരിയറാക്കി മാറ്റുകയായിരുന്നു. 240 മീറ്റര്‍ നാളവും 32 മീറ്റര്‍ വീതിയുമുള്ള കപ്പലില്‍ 180 മീറ്റര്‍ റണ്‍വേയുണ്ട്. ഡ്രോണുകള്‍ക്ക് പറന്നുയരാന്‍ വിമാനവാഹിനികപ്പലുകളിലേതിന് സമാനമായി ജംപ് പ്ലാറ്റ്ഫോമും കപ്പിലിലുണ്ട്. ഡ്രോണുകളും ഹെലികോപ്പററുകളുമാണ് കപ്പിലില്‍ നിന്നും പ്രവര്‍ത്തിക്കുന്നത്.
കപ്പലിന് 60 ഡ്രോണുകളും 30 മിസൈൽ വിക്ഷേപണ കപ്പലുകളും വഹിക്കാനുള്ള ശേഷിയുണ്ട്. മുന്നിലും പിന്നിലുമായി 17 കിലോമീറ്റര്‍ റേഞ്ചിലുള്ള എട്ട് കൗസര്‍ 222 മിസൈലുകള്‍, ലോഞ്ചറുകള്‍ ഖാദര്‍– നാസിര്‍ പരമ്പരയില്‍പ്പെട്ട ആന്‍റി ഷിപ്പ് മിസൈലുകള്‍ എന്നിവയും ഡ്രോണ്‍കാരിയറിലുണ്ട്.
ഇറാന്‍ സൈന്യത്തിന്‍റെ ശക്തി ഡ്രോണുകളും മിസൈലുകളുമാണ്. ഏത് രാജ്യത്തിന്‍റെയും പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കാൻ സാധിക്കുന്ന ഡ്രോണുകളുടെ വിപുലമായ ശേഖരം ഇറാനുണ്ട്. വിമാനവാഹിനിക്കപ്പലുകൾ പോലുള്ളവയെ ലക്ഷ്യം വയ്ക്കാന്‍ കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ഡ്രോണുകള്‍ക്ക് സാധിക്കും എന്നാണ് വിലയിരുത്തല്‍. അതിനാല്‍ 'അര്‍മാഡ' ഉയര്‍ത്തിയുള്ള യുഎസ് ഭീഷണിയെ ഒരുപരിധിവരെ നേരിടാന്‍ ഇറാന്‍റെ ഡ്രോണ്‍ കാരിയര്‍ വിന്യാസത്തിന് സാധിക്കും.
മാത്രവുമല്ല, ഇറാന്‍റെ മിസൈലുകള്‍ കപ്പലുകളെ ലക്ഷ്യം വയ്ക്കന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്ന സഖ്യകക്ഷികളായ സായുധ ഗറില്ലാ സംഘങ്ങൾക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും നൽകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും വളരെക്കാലമായി പുറത്തുവന്നിട്ടുണ്ട്. ഒരേസമയം നൂറുകണക്കിന് ഡ്രോണുകള്‍ തൊടുക്കുമ്പോള്‍ അവയില്‍ ചിലതെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതില്‍ തര്‍ക്കമില്ല. വിലകുറഞ്ഞ ഡ്രോണുകളെ ഉപയോഗിച്ചുള്ള ഇറാന്റെ തന്ത്രം ഫലപ്രദമാണെന്ന് ഡ്രോണ്‍ നിര്‍മാണ കമ്പനിയായ ഡ്രാഗൺഫ്ലൈയുടെ സിഇഒ കാമറൂണ്‍ ഷെലും വ്യക്തമാക്കുന്നു.