vodka-arrest

കള്ളനെ പിടികൂടാനെത്തിയ പൊലീസിന് ഒരു ഗ്ലാസ് വോഡ്ക നൽകാൻ കള്ളന്‍റെ ശ്രമം. ഫ്ലോറിഡയിലാണ് സംഭവം. നഗരത്തിലെ ഒരു  കൺവീനിയൻസ് സ്റ്റോറിൽ നിന്ന് നിരവധി സാധനങ്ങൾ മോഷ്ടിച്ച് വാഹനത്തിൽ കടന്നുകളഞ്ഞ വ്യക്തിയാണ് പിടികൂടാനായി എത്തിയ പൊലീസിന് വോഡ്ക വാഗ്ദാനം ചെയ്തത്. ഇയാൾ പൊലീസിന് മദ്യം വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു.

റിച്ചാർഡ് ക്രിസ്റ്റഫർ സ്മിത്ത് എന്ന വ്യക്തിയാണ് മോഷണം നടത്തി കടന്നു കളയാൻ ശ്രമം നടത്തിയത്. ഇയാളെ പിന്തുടർന്നെത്തിയ പൊലീസ് വാഹനം തടഞ്ഞ് ഇയാളെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരു വോഡ്ക സ്പ്രിറ്റ്സർ ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ നീട്ടിയത്. മോഷ്ടിച്ച വസ്തുക്കളിൽ നിരവധി ലഹരി പാനീയങ്ങളും ഉൾപ്പെട്ടിരുന്നു. 

പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുക, അറസ്റ്റിനെ എതിർക്കുക, മദ്യപിച്ച് വാഹനമോടിക്കുക, വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിക്കുക, മോഷണം തുടങ്ങിയ ഒരുപിടി കുറ്റകൃത്യങ്ങളാണ് പൊലീസ് ഇപ്പോൾ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.