TOPICS COVERED

കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിൽ മിന്നല്‍ പ്രളയം. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തില്‍ 33ലധികം ആളുകള്‍ മരിച്ചതായും നൂറിലധികം പേര്‍ക്ക് വീടുകള്‍ നഷ്ടമായതായും സര്‍ക്കാര്‍ അറിയിച്ചു. വാരാന്ത്യത്തിൽ പെയ്ത പേമാരിയില്‍ എൻജിലി നദി കരകവിഞ്ഞ് ഒഴുകിയതോടെ വീടുകളും റോഡുകളും വെളളത്തിലായി. എയര്‍പ്പോര്‍ട്ടിലേക്ക് പോകുന്ന പ്രധാന പാതയും വെളളത്തിലായതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. പ്രളയം ഇതേപടി തുടര്‍ന്നാല്‍ മരണനിരക്ക് ഇനിയും ഉയരാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മഴയെത്തുടർന്ന്‌ പ്രദേശത്ത്‌ വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടിട്ടുണ്ട്‌. വെളളം താഴ്ന്ന് തുടങ്ങിയാല്‍ ജലവിതരണം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കുമെന്ന് കിൻഷാസ ഗവർണർ ഡാനിയേൽ ബുംബ ലുബാക്കി പറഞ്ഞു. പെട്ടെന്നുണ്ടായ കനത്ത മഴ മാത്രമല്ല അനധികൃത ഭവന നിർമാണമാണ്‌ വെള്ളപൊക്കത്തിന്‌ കാരണമെന്ന്‌ ഡാനിയേൽ ബുംബ ലുബാക്കി കുറ്റപ്പെടുത്തി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അടുത്തിടെയായി പ്രളയവും വരള്‍ച്ചയും മാറി മാറി വരുന്നത് ആശങ്കാജനകമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കാലാസ്ഥവ്യതിയാനവും ഇതിനൊരു കാരണമാകാമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. 

ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. വര്‍ഷംതോറും നൂറിലധികം ആളുകളാണ് വരള്‍ച്ചയും പ്രളയവും മൂലം മരണപ്പെടുന്നത്.  യുണിസെഫിന്‍റെയും യുഎന്‍ ഏജന്‍സികളുടെയും റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറ് ദശകത്തിനിടയില്‍ കോംഗോ കണ്ട ഏറ്റവും വലിയ പ്രളയം 2024ലേത് ആയിരുന്നു. 300ലധികം ആളുകള്‍ക്കാണ് പ്രളയത്തില്‍ ജീവന്‍ നഷ്ടമായത്. 

ENGLISH SUMMARY:

Dozens Die in Floods Hitting Congo’s Capital