മരിച്ചെന്ന് ലോകം വിധിയെഴുതിയ മനുഷ്യർ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന കഥകൾ കേട്ടിട്ടില്ലേ...??അന്ത്യകർമങ്ങൾ നടന്നുകൊണ്ടിരിക്കെ പട്ടടയില്‍ നിന്ന് മരണത്തെ തോൽപിച്ചു ജീവിതത്തിലേക്ക് തിരികെ കയറിയവരുമുണ്ട്. എന്നാൽ മരിച്ചെന്നുറപ്പിച്ച ഒരു മനുഷ്യൻ സംസ്കാര ചടങ്ങുകൾക്കിടെ പലതവണ മരണമുഖത്തു നിന്നും തിരികെ ജീവിതത്തിലേക്ക് വന്നാലോ..
അല്പം വിചിത്രമായി തോന്നുന്നുവെങ്കിലും ടാൻസാനിയയിലെ ഇസ്മായേൽ അസീസി എന്ന നാൽപതുകാരന്റെ ജീവിതകഥ അങ്ങനെയാണ്...അപകടങ്ങളെയും മാരക രോഗങ്ങളെയുമെല്ലാം അതിജീവിച്ചു ഇസ്മയേൽ ശവമഞ്ചത്തിൽ നിന്നും ജീവനോടെ തിരിച്ചെത്തിയത് ഒന്നും രണ്ടും തവണയല്ല...ആറു വട്ടമാണ്.
ഒടുവിൽ മന്ത്രവാദിയാണെന്ന് വിധിച്ച് ഇസ്മയേലിനെ കൊലപ്പെടുത്താന്‍ ചിലര്‍ വീടിന് തീയിടുക പോലും ചെയ്തു. എന്നാൽ ആ വീടിനെയൊന്നാകെ വിഴുങ്ങിയ തീ നാളെങ്ങളെയും ഇസ്മയേല്‍ അതിജീവിച്ചു...ഇത് ഇസ്മായേൽ അസീസിയുടെ അസാധാരണമായ ജീവിതകഥയാണ്.
ടാൻസാനിയയിലെ യൂകരേവേയിലെ ഒരു ദാരിദ്യ കുടുംബത്തിലാണ് ഇസ്മായേൽ അസീസിയുടെ ജനനം. അന്നം കണ്ടെത്താനായി അയാൾ ചെയ്യാത്ത ജോലികളില്ല..കഠിനാധ്വാനിയായ മനുഷ്യൻ.. അങ്ങനെതിരിക്കേ ഒരു ദിവസം ജോലി കഴിഞ്ഞു മടങ്ങവേ ഇരച്ചെത്തിയ ഒരു ലോറി അദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചു. രക്തത്തിൽ കുളിച്ചു നടുറോഡിൽ ബോധമറ്റുകിടന്ന ഇസ്മായലിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
ധാരാളം രക്തം വാര്‍ന്നുപോയതിനാല്‍ ഇസ്മയേല്‍ മരിച്ചുപോയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. വിവരമറിഞ്ഞ് ആശുപത്രിയിലേക്കോടിയെത്തിയ കുടുംബം ആ വാര്‍ത്തകേട്ട് വാവിട്ട് കരഞ്ഞു. ഇസ്മയേലിന്‍റെ വീട്ടില്‍ സംസ്കാരചടങ്ങുകള്‍ക്കള്ള ഒരുക്കങ്ങള്‍ തുടങ്ങി.
എന്നാല്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയിലെപ്പോഴോ ഇസ്മയേലിന് ശരീരത്തില്‍ ശക്തമായ തണുപ്പനുഭവപ്പെടാന്‍ തുടങ്ങി. അയാള്‍ പതിയെ വിരലുകള്‍ അനക്കി..ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ ഇസ്മയേലിന് അനക്കം വെച്ചത് കണ്ട് ബന്ധുക്കള്‍ ഞെട്ടിത്തരിച്ചു..എന്നാല്‍ ഇസ്മയേല്‍മരിച്ചിട്ടില്ലെന്ന് ഉറപ്പായതോടെ ഞെട്ടല്‍ ആശ്വാസത്തിന് വഴിമാറി..മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഇസ്മായേലിനെയും കൊണ്ട് വീട്ടിലെത്തിയപ്പോള്‍ വീട് ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു..സംസ്കാരച്ചടങ്ങുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും അവിടെ പൂര്‍ത്തിയായിരുന്നു. വാഹനത്തില്‍ നിന്നും ജീവനോടെ പുറത്തിറങ്ങിയ ഇസ്മായേലിനെ കണ്ട് ആളുകള്‍ പേടിച്ച് ചിതറിയോടി..
രണ്ടാം തവണ മലേറിയയുടെ രൂപത്തിലാണ് മരണം ഇസ്മയേലിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. കഠിനമായ മലേറിയ പിടിപ്പെട്ട് ആശുപത്രിയിലായി. ദിവസങ്ങളോളം നീണ്ടു നിന്ന ചികിത്സയ്ക്കൊടുവില്‍ ഡോക്ടര്‍മാര്‍ വീണ്ടും വിധിയെഴുതി. ഇസ്മയേല്‍ അസീസി മലേറിയ മൂലം മരണപ്പെട്ടു..ഇസ്മയേലിന്‍റെ ശരീരം അവര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. എന്നാല്‍ അല്‍പസമയങ്ങള്‍ക്ക് ശേഷം ഇസ്മയേല്‍ വീണ്ടും കണ്ണു തുറന്നു..രണ്ടാം തവണയും മരണത്തെ അതിവിദഗ്ധമായി കബളിപ്പിച്ചു. വിവരമറിഞ്ഞ നാട്ടുാകാര്‍ വീണ്ടും മൂക്കത്ത് വിരല്‍വെച്ചു..
വര്‍ഷങ്ങള്‍ക്കപ്പുറം ഇസ്മയേല്‍ തന്‍റെ സുഹൃത്ത് അല്‍–മാന്‍സിക്കൊപ്പം ഒരു യാത്രയിലായിരുന്നു. പെട്ടെന്ന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. എതിരെ വന്ന ഇന്ധനം നിറച്ചുവന്ന ലോറിയുമായി വാഹനം കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇസ്മയേലിന്‍റെ ബാധം നഷ്ടപ്പെട്ടു..വീണ്ടും ദിവസങ്ങള്‍ നീണ്ട ആശുപത്രിവാസം.ഇസ്മയേല്‍ ഈ ലോകത്തോട് വിട പറഞ്ഞെന്ന് ഇത്തവണയും ഡോക്ടര്‍മാര്‍ വിധിച്ചു.എന്നാല്‍ പതിവ് പോലെ ശവമഞ്ചത്തില്‍ നിന്നും അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് നടന്നു കയറി..
ഇത്രയുമായപ്പോഴേക്കും ഇസ്മയേലിന് കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും മുറുമുറുപ്പ് തുടങ്ങി. ഇസ്മയേലിന്‍റെ ആ തിരിച്ചുവരവുകളില്‍ അസാധാരണത്വം ഉണ്ടെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു. ഇസ്മയേല്‍ ദുര്‍മന്ത്രവാദിയാണെന്ന് നാട്ടിലാകെ പ്രചരിച്ചു. ആളുകള്‍ അദ്ദേഹത്തെ ഭയപ്പോടോടെ നോക്കിക്കാണാന്‍ തുടങ്ങി. അടുത്ത് വരാന്‍ പോലും ആളുകള്‍ മടിച്ചു. എന്തിന് കുടുംബം പോലും അദ്ദേഹത്തെ സംശയിച്ചു തുടങ്ങി. എന്നാല്‍ കാര്യങ്ങള്‍ അവിടെ കൊണ്ടും അവസാനിച്ചില്ല..
തൊട്ടടുത്ത വര്‍ഷം തോട്ടത്തില്‍ കൃഷി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ അദ്ദേഹത്തിന് പാമ്പ് കടിയേറ്റു. ശരീരത്തില്‍ വിഷം പടര്‍ന്ന് തുടങ്ങി. ഒടുവില്‍ ആശുപത്രിയെലെത്തി. ദിവസങ്ങളോളം അബോധാവസ്ഥയില്‍ തുടര്‍ന്നു. ഒടുക്കം ഇസ്മയേലിന്‍റെ മരണം ഡോക്ടര്‍മാര്‍ വീണ്ടും വിധിച്ചു..ഇത്തവണ അദ്ദേഹം മോര്‍ച്ചറിയില്‍ കിടന്നത് മൂന്ന് ദിവസമാണ്...നാലാം ദിവസം മോര്‍ച്ചറിയിലെത്തിയ ജീവനക്കാരന്‍ കാണുന്നത് കണ്ണ് തുറന്ന് കിടക്കുന്ന ഇസ്മയേലിനെയാണ്. ഭയം കൊണ്ടയാള്‍ ഞെട്ടിവിറച്ചു.
തുടര്‍ച്ചയായ നാലുതവണയും മരണത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ഇസ്മയേല്‍ ഒരു ദുര്‍മന്ത്രവാദി തന്നെയെന്ന് ആളുകള്‍ ഉറപ്പിച്ചു.ആരും അദ്ദേഹത്തെ അടുപ്പിക്കാതെയായി.സഹോദരങ്ങളുള്‍പ്പെടെ വീട്ടില്‍ നിന്നും താമസം മാറി.ഇസ്മയേലിന്‍റെ മുഖത്ത് നോക്കാന്‍പോലും അവര്‍ ഭയന്നു..അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഒരു മനുഷ്യനും ബാക്കിയില്ലാതെയായി.
അതിനിടെ ഒരുകുഴിയില്‍ വീണ് ഇസ്മയേലിന് മാരകമായി പരുക്കുപറ്റി.ആഴമേറിയ ആ കുഴിയില്‍ നിന്നും ജീവനോടെ രക്ഷപ്പെടുക എന്നത് തീര്‍ത്തും അസാധ്യമായിരുന്നു.. ഒടുക്കം ഇസ്മയേല്‍ അസീസി മരണപ്പെട്ടു എന്ന് നാട്ടുകാര്‍ വിശ്വസിച്ചു.എന്നാല്‍ അഞ്ചാം തവണയും ഇസ്മയേല്‍ മരണത്തെ കബളിപ്പിച്ചു.
അതോടെ നാട്ടുകാര്‍ രോഷാകുലരായി. ഇസ്മയേല്‍ ഒരു ദുര്‍മന്ത്രരവാദിതന്നെയെന്ന് നാട്ടിലാകെ പ്രചരിച്ചു..അദ്ദേഹത്തെ ജീവിക്കാന്‍ അനുവദിക്കരുതെന്ന് നാട്ടുകാര്‍ തീരുമാനമെടുത്തു. അദ്ദേഹം ജീവിച്ചിരിക്കുന്നത് നാടിന് ആപത്താണെന്നവര്‍ കരുതി. ഏതു വിധേനയും ഇസ്മായേലിനെ തീര്‍ത്തേ തീരൂ എന്നവര്‍ ചട്ടം കെട്ടി.അങ്ങനെ രോഷാകൂലരായ നാട്ടുകാര്‍ ഒരു ദിവസം രാത്രി അദ്ദേഹത്തിന്‍റെ വീടിന് തീയിട്ടു. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇസ്മയേല്‍ ചൂടും പുകയും കാരണം ചാടിയെഴുന്നേറ്റു..ശരീരത്തിന് സാരമായ പൊള്ളലേറ്റു. പുകകാരണം അദ്ദേഹം ശ്വസിക്കാന്‍ നന്നേ പാടുപെട്ടു.. ഇതോടുകൂടി ഇ്സമയേല്‍ അവസാനിച്ചെന്ന് നാട്ടുകാര്‍ വിശ്വസിച്ചു...എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് ആറാം തവണയും അദ്ദേഹം മരണത്തില്‍ നിന്നും അദിവിദഗ്ധമായി രക്ഷപ്പെട്ടു.
ഓരോ തവണയും തനിക്കെന്താണ് സംഭവിക്കുന്നത് എന്നോര്‍ത്ത് താന്‍ തന്നെ അമ്പരന്നു പോയിട്ടുണ്ടെന്ന് ഇസ്മയേല്‍ പറയുന്നു. ‘ഞാനൊരു ദുര്‍മന്ത്രവാദിയാണെന്ന് തന്നെ ആളുകള്‍ ഉറച്ച് വിശ്വസിക്കുന്നു..ഞാന്‍ താമസിക്കുന്ന വീടിന് സമീപ പ്രദേശങ്ങളിലൊന്നും ആരും താമസിക്കുന്നില്ല. ആളുകള്‍ എന്നെ വല്ലാതെ ഭയപ്പെടുന്നു..എന്‍റെ മരണത്തിന് വേണ്ടി അവര്‍ ഇപ്പോള്‍ കാത്തിരിക്കുകയാണ്’.
‘എനിക്ക് മരണമില്ലെന്ന് ഞാന്‍ ഭയക്കുന്നു..ഓരാ തവണയും ഞാന്‍ മരണത്തില്‍ നിന്നും തിരിച്ചു വന്ന് കൊണ്ടിരിക്കുന്നു..മരണത്തില്‍ നിന്നും തിരിച്ചുവരാനാകുന്നത് ദൈവാനുഗ്രഹമായി ഞാന്‍ കാണുന്നു. എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ അ ഈ ജീവിതം അത്ര സുഖകരമല്ല.ആളുകള്‍ എന്നെ ഭയക്കുന്നത് കൊണ്ട് തന്നെ ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടു.. ജോലി പോലും ലഭിക്കാതെയായി’
തന്‍റെ മരണത്തിനായി കാത്തിരക്കുന്ന മനുഷ്യരോടായി ഇസ്മയേല്‍ അസീസിക്ക് പറയാനായി ഒന്നേയുള്ളൂ. പലകാര്യങ്ങളും നമ്മുടെ കൈകളിലല്ല ഉള്ളത്..അത് കൊണ്ട് തന്നെ ആരെയും കാര്യമറിയാതെ വേദനിപ്പിക്കാതെയിരിക്കുക. ജീവിതം പലര്‍ക്കും പലതാണ് അവരെ അഗീകരിക്കാന്‍ തയ്യാറാവുക
ഒരൊഴുക്കിന് ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും കടുത്തമാനസിക വ്യഥയിലാണ‌് ഇസ്മയേല്‍ . കാരണം സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം മേല്‍പറഞ്ഞതിന് വിരുദ്ധമാണ് . ഒടുങ്ങാത്ത ഒറ്റപ്പെടലിനേക്കാള്‍ നല്ലത് തന്നെ പുണരാതെ മാറി നില്‍ക്കുന്ന മരണം തന്നെയെന്ന് ചിലപ്പോഴെങ്കിലും അയാള്‍ വിശ്വസിക്കുന്നു.